മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരന്തം: സർക്കാർ പ്രഖ്യാപിച്ച അടിയന്തര ധനസഹായംപോലും ലഭിക്കാതെ നിരവധിപേർ; അടിയന്തര ധനസഹായമായ 10,000 രൂപ 50ലധികം കുടുംബങ്ങൾക്ക് ഇനിയും നൽകാനുണ്ടെന്ന് അധികൃതർ; ദുരന്തം നേരിട്ട് ബാധിച്ചവർക്ക് മാത്രമേ സഹായധനം ലഭിക്കൂവെന്നതിനാൽ നിരവധിപേർ പുറത്തായി; ധനസഹായം ഓണത്തിനകം ലഭ്യമാക്കുമെന്ന റവന്യൂ മന്ത്രി കെ. രാജൻ നൽകിയ ഉറപ്പും പാഴായി
കൽപറ്റ: മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരന്തം നടന്നിട്ട് 53 ദിവസം പിന്നിടുമ്പോഴും സർക്കാർ പ്രഖ്യാപിച്ച അടിയന്തര ധനസഹായം ലഭിക്കാതെ നിരവധിപേർ. ജൂലൈ 30നുണ്ടായ ദുരന്തം മേപ്പാടി പഞ്ചായത്തിലെ മുണ്ടക്കൈ, ചൂരൽമല, അട്ടമല വാർഡുകളെയാണ് ഇല്ലാതാക്കിയത്.
ഇവിടങ്ങളിലെ 983 കുടുംബങ്ങളിലെ 2,569 പേരാണ് വിവിധ ദുരിതാശ്വാസക്യാമ്പുകളിൽ കഴിഞ്ഞിരുന്നത്. സർക്കാർ പിന്നീടിവരെ വാടക വീടുകളിലേക്കും സർക്കാർ ക്വാർട്ടേഴ്സുകളിലേക്കും മാറ്റി താൽക്കാലിക പുനരധിവാസവും ഒരുക്കി. എന്നാൽ, രണ്ടു മാസത്തോടടുക്കുമ്പോഴും അടിയന്തര ധനസഹായമായ 10,000 രൂപ 50ലധികം കുടുംബങ്ങൾക്ക് ഇനിയും നൽകാനുണ്ടെന്നാണ് അധികൃതർതന്നെ പറയുന്നത്.
ഇതിനെക്കാളധികം പേർക്ക് സഹായം ലഭിക്കാനുണ്ടെന്നാണ് ദുരന്തബാധിതരുടെ കണക്ക്. ദുരന്തം നേരിട്ട് ബാധിച്ചവർക്ക് മാത്രമേ സഹായധനം ലഭിക്കൂവെന്നതിനാൽ നിരവധിപേർ പുറത്തായതാണ് കാരണം. 931 കുടുംബങ്ങൾക്ക് 10,000 രൂപ വീതം നൽകിയെന്നും ബാക്കിയുള്ളവർക്ക് ഓണത്തിനകം ലഭ്യമാക്കുമെന്നും റവന്യൂ മന്ത്രി കെ. രാജൻ കഴിഞ്ഞയാഴ്ച നൽകിയ ഉറപ്പും പാലിക്കപ്പെട്ടില്ല.
Whatsapp Group 1 | Whatsapp Group 2 |Telegram Group
കഴിഞ്ഞ 11,12 തിയതികളിൽ റവന്യൂ വകുപ്പ് പ്രത്യേക അദാലത് നടത്തിയിരുന്നു. ഇതിൽ അടിയന്തര ധനസഹായം, വീട്ടുവാടക, 300 രൂപ ദിവസ ധനസഹായം എന്നിവക്കായി 359 അപേക്ഷകൾകൂടി കിട്ടിയിട്ടുണ്ട്. ഇവ പരിശോധിച്ച് തീർപ്പാക്കാനായി മേപ്പാടി പഞ്ചായത്ത് സെക്രട്ടറി, വെള്ളരിമല വില്ലേജ് ഓഫിസർ, ഡെപ്യൂട്ടി തഹസിൽദാർ എന്നിവരടങ്ങിയ സമിതിയും രൂപവത്കരിച്ചിരുന്നു. ദുരിതാശ്വാസക്യാമ്പുകളിൽ രജിസ്റ്റർ ചെയ്ത എല്ലാവർക്കും സഹായം ലഭിക്കുമെന്നായിരുന്നു ആദ്യഘട്ടത്തിൽ അറിയിപ്പുണ്ടായിരുന്നത്.
എന്നാൽ, ദുരന്തം നേരിട്ട് ബാധിച്ചവർക്ക് മാത്രമേ സഹായധനം അനുവദിക്കൂ എന്ന സർക്കാർ ഉത്തരവുള്ളതിനാലാണ് പലർക്കും തുക ലഭ്യമാകാത്തതെന്ന് മേപ്പാടി പഞ്ചായത്ത് സെക്രട്ടറി നൗഷാദ് അലി പറഞ്ഞു. ഈ പരിധിയിലുൾപ്പെടാത്ത എന്നാൽ ദുരന്തമേഖലയിലുള്ള കുടുംബങ്ങളെ മറ്റൊരു സ്കീമിലാക്കി സഹായധനം നൽകുന്ന കാര്യവും പരിഗണിക്കുന്നുണ്ട്. അടിയന്തര ധനസഹായം 1,013 പേർക്ക് നൽകിക്കഴിഞ്ഞതായും അമ്പതോളം പേരുടെ അപേക്ഷകളിൽ നടപടികൾ പുരോഗമിക്കുകയാണെന്നും വൈത്തിരി തഹസിൽദാർ ആർ.എസ്. സജിയും പ്രതികരിച്ചു.