വാട്‌സ്അപ്പിൽ ലൈവ് വീഡിയോ അയച്ച ശേഷം യുവാവിന്റെ ആത്മഹത്യ: എസ്.ഐ സന്ദീപിന് സസ്‌പെൻഷൻ; പൊലീസ് സംഘത്തിനെതിരെ ആത്മഹത്യ പ്രേരണാക്കുറ്റം ചുമത്തി
ക്രൈം ഡെസ്‌ക്
കോട്ടയം: മേലുകാവിൽ ജാമ്യത്തിലിറങ്ങിയ ശേഷം യുവാവ് വീഡിയോ ചിത്രീകരിച്ച് സുഹൃത്തുക്കൾക്ക് അയച്ച് ജീവനൊടുക്കിയ സംഭവത്തിൽ എസ്.ഐയ്ക്കും പൊലീസുകാർക്കു സസ്‌പെൻഷൻ.
മാല മോഷണക്കേസിൽ കള്ളക്കേസ് ചുമത്തി പൊലീസ് അറസ്റ്റ് ചെയ്ത പാലാ കടനാട് വല്യാത്ത് പനച്ചിക്കാലയിൽ രാജേഷ് (30) ജീവനൊടുക്കിയ സംഭവത്തിലാണ് കുമരകം, മേലുകാവ് സ്റ്റേഷനുകളിൽ മുൻ എസ്.ഐ ആയിരുന്ന കെ.ടി സന്ദീപിനെ സസ്‌പെന്റ് ചെയ്തത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
കേസിൽ ഉൾപ്പെട്ട മേലുകാവ് സ്‌റ്റേഷനിലെ എ.എസ്.ഐ അനൂപ് കുമാർ , ഷാജിദീൻ റാവുത്തർ , ടോംസൺ ജോർജ് , രാജീവ് മോൻ എന്നിവർക്കെതിരെ വകുപ്പ് തല നടപടിയക്കും ശുപാർശയുണ്ട്.
സംഭവത്തിൽ രാജേഷിനെ കള്ളക്കേസിൽ കുടുക്കിയതാണെന്ന് അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്. തുടർന്ന് എസ്‌ഐയ്ക്കും പൊലീസ് ഉദ്യോഗസ്ഥർക്കും എതിരെ ക്രൈംബ്രാഞ്ച് എസ്.പി. മുഹമ്മദ് റെഫീഖ് നടപടിയെടുത്തിട്ടുണ്ട്.
ഇവരെ കേസിൽ പ്രതി ചേർത്തു. ഹൈകോടതി നിർദേശപ്രകാരം കേസ് ഏറ്റെടുത്ത ക്രൈംബ്രാഞ്ച് സംഘം നടത്തിയ അന്വേഷണത്തിലാണ് മുൻ മേലുകാവ് എസ്.ഐയടക്കമുള്ളവർ കുറ്റക്കാരാണെന്ന് കണ്ടെത്തി പ്രതിചേർത്തത്.
മോഷണക്കേസിൽ പൊലീസ് പിടികൂടിയ രാജേഷ് കുറ്റക്കാരനല്ലെന്ന് കണ്ടെത്തിയ സാഹചര്യത്തിലാണ് സസ്‌പെഷൻ. അന്യായമായി തടങ്കലിൽവെച്ച് ദേഹോപദ്രവം ഏൽപിച്ചതായും അന്വേഷണസംഘം സ്ഥിതീകരിച്ചിട്ടുണ്ട്.
പൊലീസ് കള്ളക്കേസിൽ കുടുക്കിയെന്ന് ആരോപിച്ച് മാർച്ച് ആറിനാണ് രാജേഷ് ജീവനൊടുക്കിയത്. പൊലീസ് കൂടുതൽ കേസുകളിൽ പ്രതിയാക്കുമെന്നും വീട്ടമ്മയുടെ മാല മോഷ്ടിച്ച കേസിൽ നിരപരാധി ആണെന്നുമുള്ള വീഡിയോ സന്ദേശം സുഹൃത്തുക്കൾക്ക് വാട്ട്‌സ്ആപിലൂടെയും ഫെയ്സ് ബുക്കിലൂടെയും അയച്ചുകൊടുത്തിരുന്നു.
അതിൽ എസ്.ഐയുടെ പങ്കും വ്യക്തമാക്കിയിരുന്നു. പരാതി ഉയർന്നതോടെ മേലുകാവ് എസ്.ഐ ചുമതലയിൽനിന്ന് കെ.ടി. സന്ദീപിനെ ഒഴിവാക്കിയിരുന്നു. നിലവിലെ അന്വേഷണം തൃപ്തികരമല്ലെന്ന് ചൂണ്ടിക്കാക്കി രാജഷിന്റെ മാതാപിതാക്കൾ ഹൈക്കോടതിയെ സമീപിച്ചതോടെയാണ് കേസ് ക്രൈംബ്രാഞ്ചിന് കൈമാറിയത്.
മാലമോഷണവുമായി ബന്ധപ്പെട്ട് മകന് ബന്ധമില്ലെന്ന് പറയാൻ പിതാവിനൊപ്പം ചെന്ന രാജേഷിനെ മേലുകാവ് എസ്.ഐ കസ്റ്റഡിയിലെടുത്ത് പീഡിപ്പിക്കുകയും ഭീഷണിപെടുത്തിയെന്നും പരാതിയിൽ പറയുന്നുണ്ട്.
കള്ളക്കേസിൽ കുടുക്കിയതിൽ മനംനൊന്ത് രാജേഷ് ആത്മഹത്യചെയ്തതെന്നും പൊലീസുകാരെ സംരക്ഷിക്കുന്നവിധത്തിലാണ് അന്വേഷണമെന്നുമായിരുന്നു ബന്ധുക്കളുടെ പരാതി.
നേരത്തെ മറ്റൊരു കേസിൽ ആരോപണ വിധേയനായ സന്ദീപ്, കുമരകം എസ്.ഐ ആയിരിക്കെ മെഡിക്കൽ അവധിയിൽ പ്രവേശിച്ചിരുന്നു. സ്ഥിരം പ്രശ്‌നക്കാരനാണ് സന്ദീപെന്നാണ് ഉയരുന്ന ആരോപണം.