സോഷ്യൽ മീഡിയ ഹർത്താൽ : വാട്‌സ് അപ്പ് ഗ്രൂപ്പുകൾ നിരീക്ഷണത്തിൽ
ക്രൈം ഡെസ്‌ക്
കോട്ടയം: സോഷ്യൽ മീഡിയയിലെ ഹർത്താലിനു പിന്നാലെ ജില്ലയിലെ നൂറിലേറെ വാട്‌സ് അപ്പ് ഗ്രൂപ്പുകൾ സൈബർ സെല്ലിന്റെ നിരീക്ഷണത്തിൽ. ജില്ലയിലെ ഏഴു സ്ഥലങ്ങൾ പ്രശ്‌ന ബാധിതമാണെന്നും, നിരീക്ഷണം നടത്തണമെന്നു കേന്ദ്ര ഇന്റലിജൻസ് ബ്യൂറോ കണ്ടെത്തിയിട്ടുമുണ്ട്. തീവ്രവാദ സ്വഭാമുള്ള സംഘടനകൾക്കു നിർണ്ണായക സ്വാധീനമുള്ള പ്രദേശങ്ങളായ ഇവിടെ കേന്ദ്ര ഇന്റലിജൻസ് ബ്യൂറോ നിരീക്ഷണം ആരംഭിച്ചിട്ടുമുണ്ട്. കാശ്മീരിലെ എട്ടു വയസുകാരിയുടെ കൊലപാതകത്തിൽ അനുഭാവം പ്രകടിപ്പിച്ചു പ്രകടനം നടന്ന ഈ പ്രദേശങ്ങൾ നേരത്തെ തന്നെ കേന്ദ്ര രഹസ്യാന്വേഷണ വിഭാഗത്തിന്റെ പട്ടികയിലുള്ളവയാണ്.
ജനകീയ ഹർത്താലെന്ന പേരിലുള്ള സന്ദേശങ്ങൾ അഡ്മിൻമാർ തന്നെ പ്രചരിപ്പിച്ച മുപ്പത് വാട്‌സ് അപ്പ് ഗ്രൂപ്പുകളുടെ വിവരങ്ങൾ ജില്ലാ സൈബർ സെൽ ശേഖരിച്ചിട്ടുണ്ട്. ഇതുകൂടാതെ നൂറിലേറെ ഗ്രൂപ്പുകളിൽ ഹർത്താൽ സന്ദേശങ്ങളും അനുബന്ധ ചർച്ചകളും നടന്നിട്ടുണ്ട്. ഈ ഗ്രൂപ്പുകളെയാണ് നിരീക്ഷണത്തിൽ വച്ചിരിക്കുന്നത്. സോഷ്യൽ മീഡിയ ഹർത്താൽ ജില്ലയിൽ കാര്യമായ ചലനങ്ങളുണ്ടാക്കിയിരുന്നില്ല. എന്നാൽ, ചങ്ങനാശേരി, ഈരാറ്റുപേട്ട എന്നിവിടങ്ങളിൽ ഹർത്താൽ അനൂകൂല പ്രകടനങ്ങൾ ഉണ്ടായിരുന്നു. കോട്ടയം നഗരത്തിൽ കാശ്മീർ പെൺകുട്ടിയ്ക്കു അനൂകൂലമായി നടന്ന പ്രകടനത്തിൽ ഹിന്ദു വിരുദ്ധ മുദ്രാവാക്യങ്ങൾ മുഴക്കിയതായും കണ്ടെത്തിയിട്ടുണ്ട്. ഈ സാഹചര്യത്തിൽ മതസ്പർദ വളർത്തുന്ന സന്ദേശങ്ങൾ പ്രചരിക്കുന്ന വാട്‌സ് അപ്പ് ഗ്രൂപ്പുകളും, ഫെയ്‌സ്ബുക്ക് പ്രോഫൈലുകളും പൊലീസിന്റ നിരീക്ഷണത്തിലാണ്.
സോഷ്യൽ മീഡിയ ഹർത്താൽ ദിനത്തിൽ പ്രകടനം നടത്തിയതുമായി ബന്ധപ്പെട്ട് ജില്ലയിൽ നാലു കേസുകൾ പൊലീസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. സംഭവുമായി ബന്ധപ്പെട്ട് 15 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. കണ്ടാലറിയാവുന്ന നൂറിലേറെ പേർക്കെതിരെ കേസും രജിസ്റ്റർ ചെയ്തിട്ടുണ്ട്. ചങ്ങനാശേരിയിൽ ക്ഷേത്രത്തിലെ മതിലിലും, കെ.എസ്.ആർ.ടി.സി ബസിലും മതസ്പർദ വളർത്തുന്ന രീതിയിലുള്ള എഴുത്തുകൾ കണ്ടെത്തിയ സംഭവത്തിലും കേസെടുത്തിട്ടുണ്ട്.
ജില്ലയിൽ ചങ്ങനാശേരി, ഈരാറ്റുപേട്ട, താഴത്തങ്ങാടി, എരുമേലി, തലയോലപ്പറമ്പ്, കാഞ്ഞിരപ്പള്ളി എന്നിവിടങ്ങൾ അടക്കം ഏഴു പ്രദേശങ്ങളിലെ ചില സ്ഥലങ്ങളിലാണ് കേന്ദ്ര ഇന്റലിജൻസ് ബ്യൂറോ നിരീക്ഷണം നടത്തുന്നത്. തീവ്രവാദ സ്വഭാവമുള്ള ചില സംഘടനകൾക്കു സ്വാധീനമുള്ള എരുമേലിയിലെ രണ്ടു സ്ഥലങ്ങളും പട്ടികയിലുണ്ട്. എന്നാൽ, ജാഗ്രതാ നിർദേശം നൽകിയെന്ന വാർത്ത ജില്ലാ പൊലീസ് വൃത്തങ്ങൾ നിഷേധിച്ചു.