കഞ്ഞിക്കുഴി കൂട്ടക്കുരുക്കിലേയ്ക്ക്: മേൽപ്പാലം പൊളിച്ചു പണി ഉടൻ

കഞ്ഞിക്കുഴി കൂട്ടക്കുരുക്കിലേയ്ക്ക്: മേൽപ്പാലം പൊളിച്ചു പണി ഉടൻ

Spread the love

സ്വന്തം ലേഖകൻ

കോട്ടയം: കെകെ റോഡിൽ കഞ്ഞിക്കുഴി മേൽപ്പാലം പൊളിച്ചു പണിയുന്നതിനായുള്ള സമാന്തര റോഡ് നിർമ്മാണം പൂർത്തിയാകുന്നതോടെ കെകെ റോഡ് വീണ്ടും കുരുക്കിലാകുമെന്ന് ഉറപ്പായി. പാതയിൽ മണ്ണ് നിരത്തി, മുകളിൽ മെറ്റൽ പാകുന്ന ജോലികൾ കഴിഞ്ഞ ദിവസം പൂർത്തിയായിരുന്നു. രണ്ടു ദിവസം കൊണ്ടു ടാറിംഗ് പൂർത്തിയാക്കി റോഡ് ഗതാഗതത്തിനായി തുറന്നു കൊടുക്കാനാവുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇതിനു ശേഷം പാലം പൊളിക്കുന്ന ജോലികൾ ആരംഭിക്കാനാവുമെന്നാണ് റെയിൽവേ പ്രതീക്ഷിക്കുന്നത്.
ഒരു മാസം മുൻപാണ് മേൽപ്പാലം പൊളിക്കുന്നതിനു മുന്നോടിയായുള്ള നിർമ്മാണ ജോലികൾ ആരംഭിച്ചത്. പാലത്തിന്റെ സമാന്തര പാതയ്ക്കായി മണ്ണ് നീക്കം ചെയ്ത ശേഷമായിരുന്നു നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിച്ചത്. രണ്ടാഴ്ചയിലധികം എടുത്താണ് ഇവിടുത്തെ മണ്ണ് നീക്കം ചെയ്തത്. ഇതിനു ശേഷം മേൽപ്പാലത്തിനു സമാന്തരമായി മണ്ണിട്ട് റോഡ് നിരപ്പ് ഒരുക്കി. തുടർന്നു കഴിഞ്ഞ ആഴ്ച ഇവിടെ മെറ്റൽ പാകുകയായിരുന്നു. ഇന്നലെയാണ് ഇവിടെ മെറ്റൽ പാകുന്ന ജോലികൾ പൂർത്തിയാക്കിയത്. തുടർന്നു ഇന്ന് ടാറിംഗ് ആരംഭിക്കുന്നതിനാണ് നീക്കം.
റോഡിന്റെ ടാറിംഗ് പൂർത്തിയായ ശേഷമാവും മേൽപ്പാലം പൊളിക്കുന്ന ജോലികളിലേയ്ക്കു റെയിൽവേ അധികൃതർ കടക്കുക. പാലത്തിനു സമീപത്തെ വാട്ടർ അതോറിറ്റിയുടെ പമ്പിംഗ് ലൈനുകൾ ആദ്യം നീക്കം ചെയ്യും. ഇതിന് ആവശ്യമായ തുക കഴിഞ്ഞ ദിവസം റെയിൽവേ വാട്ടർ അതോറിറ്റിയിൽ അടച്ചിരുന്നു. ഇതിനു ശേഷം വൈദ്യുതി വകുപ്പിന്റെ ലൈനുകളും പോസ്റ്റുകളും നീക്കം ചെയ്യും. തുടർന്നാവും പാലം പൊളിക്കുന്ന ജോലികൾ ആരംഭിക്കുക. പാലം പൊളിച്ചുമാറ്റുമ്പോൾ വാഹനങ്ങൾ സമാന്തരമായി നിർമ്മിച്ചിരിക്കുന്ന റോഡിലൂടെ കടത്തി വിടും. ഇതുവഴി ഗതാഗതക്കുരുക്ക് ഒഴിവാക്കാനാവുമെന്നാണ് പ്രതീക്ഷിക്കുന്നത്.