
തിരുവനന്തപുരം: സി.പി.എമ്മിനെ അടിമുടി ഉലച്ച്, വി.എസ്. അച്യുതാനന്ദന് മുഖ്യമന്ത്രിയായിരുന്ന കാലത്തെ കടുത്ത പാര്ട്ടിപ്പോരിന്റെയും ഭരണകൂട അട്ടിമറികളുടെയും ഞെട്ടിക്കുന്ന രഹസ്യങ്ങള്‍ പുറത്തേക്ക്.
വി.എസിന്റെ അതിവിശ്വസ്തനും മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിയുമായിരുന്ന ഐ.എ.എസ് ഉദ്യോഗസ്ഥന് കെ. സുരേഷ് കുമാറിന്റെ ആത്മകഥയാണ് ഇപ്പോള്‍ സി.പി.എം സെന്ററിനെ പിടിച്ചുകുലുക്കുന്നത്. ‘വി.എസിനൊപ്പം എന്റെ ദിനങ്ങള്‍’ എന്ന പുസ്തകം ശനിയാഴ്ച പ്രകാശനം ചെയ്യാനിരിക്കെ, അതിലെ വെളിപ്പെടുത്തലുകള്‍ പൂര്‍ണ്ണമായും വെട്ടിലാക്കുന്നത് മുന്‍ ധനമന്ത്രിയും കൊട്ടാരക്കരയുടെ കരുത്തനുമായ കെ.എന്‍. ബാലഗോപാലിനെയാണ്. തിരഞ്ഞെടുപ്പ് തകര്‍ച്ചയ്ക്ക് പിന്നാലെ പാര്‍ട്ടിയില്‍ വന്‍ പുനഃസംഘടന നടക്കാനിരിക്കെ പുറത്തുവന്ന ഈ വിവരങ്ങള്‍, നിയമസഭയിലെ പ്രതിപക്ഷ ഉപനേതാവ് സ്ഥാനത്തേക്ക് പരിഗണിക്കപ്പെട്ടിരുന്ന ബാലഗോപാലിന് ആ പദവി പൂര്‍ണ്ണമായും നഷ്ടപ്പെടുത്തിയേക്കുമെന്നാണ് സൂചന.
ഭരണഘടനാനുസൃതമായി ജനങ്ങള്‍ തിരഞ്ഞെടുത്ത ഒരു മുഖ്യമന്ത്രിയുടെ ഓഫീസിനെ പാര്‍ട്ടി ആസ്ഥാനം എങ്ങനെയാണ് വരിഞ്ഞുമുറുക്കിയതെന്ന് പുസ്തകത്തില്‍ അക്കമിട്ട് നിരത്തുന്നുണ്ട്. മുഖ്യമന്ത്രിയുടെ ഓഫീസിലെത്തുന്ന സുപ്രധാന ഫയലുകള്‍ വി.എസ് കാണുന്നതിന് മുന്‍പ് എ.കെ.ജി സെന്ററിലേക്ക് ചോര്‍ത്താന്‍ അന്ന് പാര്‍ട്ടി ഒരു പ്രത്യേക സംഘത്തെത്തന്നെ നിയോഗിച്ചിരുന്നു. അന്നത്തെ വി.എസിന്റെ പൊളിറ്റിക്കല്‍ സെക്രട്ടറി കെ.എന്‍. ബാലഗോപാല്‍, പ്രൈവറ്റ് സെക്രട്ടറി എസ്. രാജേന്ദ്രന്, സ്പെഷ്യല്‍ പ്രൈവറ്റ് സെക്രട്ടറി എന്‍. ചന്ദ്രശേഖരപ്പണിക്കര്‍ എന്നിവരായിരുന്നു ഈ ‘മൂവര്‍ സംഘം’. ഓഫീസിലെത്തുന്ന ഫയലുകള്‍ ഇവര്‍ പരസ്പരം വീതിച്ചെടുക്കുകയായിരുന്നു പതിവ്. ഇതില്‍ ഏതെല്ലാം ഫയലുകള്‍ മുഖ്യമന്ത്രി കാണണം, അതില്‍ എന്ത് തീരുമാനമെടുക്കണം എന്ന് നിശ്ചയിച്ചിരുന്നത് എ.കെ.ജി സെന്ററായിരുന്നു. പണിക്കര്‍ വഴി പാര്‍ട്ടി ഓഫീസിലേക്ക് പോകുന്ന ഫയലുകള്‍, അവിടെ നിന്ന് എഴുതി നല്കുന്ന കൃത്യമായ കുറിപ്പുകളോടെയാണ് തിരികെ വി.എസിന്റെ മേശപ്പുറത്ത് എത്തിച്ചിരുന്നത്.
സ്വന്തം പേഴ്സണല്‍ സ്റ്റാഫിലെ പാര്‍ട്ടി ചാരന്മാര്ക്ക് നടുവില്‍ വി.എസ് എത്രത്തോളം നിസ്സഹായനായിരുന്നുവെന്ന് മുന്‍ ഐ.എ.എസ് ഉദ്യോഗസ്ഥന് തുറന്നെഴുതുന്നു. വി.എസിന്റെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്ന ഷീലാ തോമസ് ഔദ്യോഗിക കാര്യങ്ങള്‍ സംസാരിക്കാന്‍ മുഖ്യമന്ത്രിയുടെ മുറിയിലെത്തുമ്പോള്‍, അവര്‍ എന്താണ് സംസാരിക്കുന്നതെന്ന് ഒളിഞ്ഞു കേള്‍ക്കാന്‍ പണിക്കരും രാജേന്ദ്രനും പാഞ്ഞെത്തുമായിരുന്നു. ഇവരുടെ ഈ ചാരക്കണ്ണുകള്‍ കാരണം വി.എസ് ഒടുവില്‍ സ്വന്തം ഓഫീസില്‍ വെച്ച് ഉദ്യോഗസ്ഥരോട് ഔദ്യോഗിക കാര്യങ്ങള്‍ സംസാരിക്കുന്നത് പോലും നിര്‍ത്തി. പലപ്പോഴും ഉദ്യോഗസ്ഥരെ മൊബൈല്‍ ഫോണില്‍ അതീവ രഹസ്യമായി വിളിച്ച്, ശബ്ദം താഴ്ത്തി ‘ഒരു കാര്യം സംസാരിക്കാനുണ്ട്, നാളെ രാവിലെ ഏഴ് മണിക്ക് ക്ലിഫ്ഹൗസിലേക്ക് വരണം’ എന്ന് വി.എസിന് പറയേണ്ടി വന്ന ദുരവസ്ഥയും പുസ്തകം തുറന്നുകാട്ടുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group

പാര്‍ട്ടിയുടെ താല്പര്യങ്ങള്ക്ക് വഴങ്ങാതെ ജനപക്ഷത്ത് നിലയുറപ്പിച്ച ലോട്ടറിത്തട്ടിപ്പ് അന്വേഷണം, മൂന്നാര്‍ കൈയേറ്റം ഒഴിപ്പിക്കല്‍ ഓപ്പറേഷന് തുടങ്ങിയ നിര്‍ണ്ണായക ഘട്ടങ്ങളിലെല്ലാം പാര്‍ട്ടിയും മുഖ്യമന്ത്രിയും രണ്ടുതട്ടിലായിരുന്നുവെന്ന് പുസ്തകം സമര്‍ത്ഥിക്കുന്നു. വി.എസിന്റെ ഈ വിപ്ലവകരമായ നീക്കങ്ങള്‍ക്ക് ഒപ്പം നിന്ന ഉദ്യോഗസ്ഥനായിരുന്നു സുരേഷ് കുമാര്‍. കൊച്ചി സ്മാര്‍ട്ട് സിറ്റി പദ്ധതിയുടെ കരാര്‍ ഒപ്പിടാതിരിക്കാന്‍ വേണ്ടി കെ.എന്‍. ബാലഗോപാലും സംഘവും ബോധപൂര്‍വ്വം ഫയലുകള്‍ മുക്കിയതായും ആത്മകഥയിലുണ്ട്. വി.എസിന്റെ ജനപ്രിയ നയങ്ങള്‍ക്ക് തുരങ്കം വെക്കാന്‍ പാര്‍ട്ടി പ്രതിനിധികള്‍ ശ്രമിച്ചപ്പോള്‍ അതിനെ പ്രതിരോധിച്ച സുരേഷ് കുമാറിനെ മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്ന് എങ്ങനെയെങ്കിലും പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് കെ.എന്‍. ബാലഗോപാല്‍ അന്ന് പാര്‍ട്ടിക്ക് കത്തുനല്‍കിയ വിവരവും ഇപ്പോള്‍ പരസ്യമായിരിക്കുകയാണ്.
തിരഞ്ഞെടുപ്പ് തോല്‍വിക്ക് പിന്നാലെ സി.പി.എമ്മില്‍ താഴേത്തട്ടു മുതല്‍ ആഭ്യന്തര കലഹം കത്തുമ്പോഴാണ് ഈ വെള്ളിടി വെട്ടിയിരിക്കുന്നത്. ജനപ്രിയ നേതാവായ വി.എസിനെ ഭരണകാലത്ത് വരിഞ്ഞുമുറുക്കാനും ശ്വാസംമുട്ടിക്കാനും എ.കെ.ജി സെന്ററിന്റെ ചാരനായി കെ.എന്‍. ബാലഗോപാല്‍ പ്രവര്‍ത്തിച്ചു എന്ന വെളിപ്പെടുത്തല്‍ പാര്‍ട്ടിയിലെ സാധാരണ സഖാക്കള്‍ക്കിടയില്‍ വലിയ അമര്‍ഷത്തിന് കാരണമാകും. ഈ സാഹചര്യത്തില്‍, വിവാദങ്ങളുടെ നിഴലിലായ ബാലഗോപാലിന് നിയമസഭയിലെ പ്രതിപക്ഷ ഉപനേതാവ് സ്ഥാനം നല്കിയാല് അത് പാര്‍ട്ടിയുടെ പ്രതിച്ഛായ കൂടുതല്‍ മോശമാക്കുമെന്നാണ് വി.എസ് അനുകൂലികളുടെ വിലയിരുത്തല്‍.







