
അമ്മയുടെ കല്യാണം നടത്തി നൽകി എസ്.എഫ്.ഐ ഏരിയ സെക്രട്ടറി ; കല്യാണക്കഥ ഏറ്റെടുത്ത് ആഘോഷമാക്കി സോഷ്യൽ മീഡിയ
സ്വന്തംലേഖകൻ
കോട്ടയം : അമ്മയുടെ പുനർവിവാഹത്തിന് ആശംസകൾ അറിയിച്ചു മകൻ എഴുതിയ ഫേസ്ബുക്ക് കുറിപ്പ് സോഷ്യൽ മീഡിയയിൽ വൈറലാകുകയാണ്. എസ്എഫ്‌ഐ കൊട്ടിയം ഏരിയ സെക്രട്ടറി ഗോകുല്‍ ശ്രീധറാണ് അമ്മയ്ക്ക് പുതിയ ജീവിതം സമ്മാനിച്ച ആ മകന്‍. ഇരുവരുടെയും ഫോട്ടോ സഹിതമാണ് ഗോകുലിന്റെ കുറിപ്പ്. രണ്ടാം വിവാഹം ഉള്‍ക്കൊള്ളാന്‍ സാധിക്കാത്തവര്‍ സംശയത്തിന്റെയും പുച്ഛത്തിന്റെയും വെറുപ്പിന്റെയും കണ്ണുകള്‍കൊണ്ട് തങ്ങളെ നോക്കിയാല്‍ ചൂളിപ്പോവുകയൊന്നുമില്ലെന്ന് ഗോകുല്‍ പറയുന്നു. അമ്മയുടെ ആദ്യ ദാമ്പത്യം ദുരന്തത്തില്‍ കലാശിക്കുകയായിരുന്നു. അടികൊണ്ട് നെറ്റിയില്‍ നിന്ന് ചോരയൊലിക്കുമ്പോള്‍ എന്തിന് സഹിക്കുന്നുവെന്ന് അമ്മയോട് ചോദിച്ചിട്ടുണ്ട്. എനിക്കുവേണ്ടി സഹിക്കുന്നുവെന്നാണ് അമ്മ പറഞ്ഞത്. അന്ന് ആ വീട്ടില്‍ നിന്ന് അമ്മയുടെ കൈ പിടിച്ച് ഇറങ്ങുമ്പോള്‍ തന്നെ രണ്ടാമതൊരു വിവാഹം താന്‍ നടത്തിക്കൊടുക്കുമെന്ന് തീരുമാനമെടുത്തിരുന്നതാണെന്ന് ഗോകുല്‍ വിശദീകരിക്കുന്നു. യൗവ്വനം തനിക്കായി മാറ്റിവെച്ച അമ്മയ്ക്ക് ഒരുപാട് സ്വപ്നങ്ങളും ഉയരങ്ങളും കീഴടക്കാന്‍ ഉണ്ടെന്നും വിവാഹം രഹസ്യമായി വെക്കേണ്ടതില്ലാത്തതിനാലാണ് പോസ്‌റ്റെന്നും പരാമര്‍ശിച്ചാണ് കുറിപ്പ് അവസാനിപ്പിക്കുന്നത്.
പോസ്റ്റിന്റെ പൂർണരൂപം..
Whatsapp Group 1 | Whatsapp Group 2 |Telegram Group

അമ്മയുടെ വിവാഹമായിരുന്നു.
ഇങ്ങനെ ഒരു കുറിപ്പ് വേണോ എന്ന് ഒരുപാട് ആലോചിച്ചതാണ്, രണ്ടാം വിവാഹം ഇപ്പോഴും അംഗീകരിക്കാൻ പറ്റാത്ത ആളുകൾ ഉള്ള കാലമാണ്.
സംശയത്തിന്റെയും പുച്ഛത്തിന്റെയും വെറുപ്പിന്റെയും കണ്ണുകൾകൊണ്ട് ആരും ഇങ്ങോട്ട് നോക്കരുത്, അങ്ങനെ നോക്കിയാൽ തന്നെ ഇവിടെ ആരും ചൂളി പോകില്ല..
ജീവിതം മുഴുവൻ എനിക്ക് വേണ്ടി മാറ്റിവെച്ച ഒരു സ്ത്രീ. ദുരന്തമായ ദാമ്പത്യത്തിൽ ഒരുപാട് അനുഭവിച്ചിട്ടുണ്ട്, അടികൊണ്ട് നെറ്റിയിൽ നിന്ന് ചോരയൊലിക്കുമ്പോൾ ഞാൻ ചോദിച്ചിട്ടുണ്ട് എന്തിന് ഇങ്ങനെ സഹിക്കുന്നു എന്ന്?,അന്ന് അമ്മ പറഞ്ഞത് ഓർമ്മയുണ്ട് നിനക്ക് വേണ്ടിയാണ് ഞാൻ ജീവിക്കുന്നത്,ഇനിയും സഹിക്കുമെന്ന്.
അന്ന് ആ വീട്ടിൽ നിന്ന് അമ്മയുടെ കൈപിടിച്ചിറങ്ങിയപ്പോ ഞാൻ തീരുമാനം എടുത്തതാണ് ഈ നിമിഷത്തെ കുറിച്ച്, ഇത് നടത്തുമെന്ന്…
യൗവനം മുഴുവൻ എനിക്കായി മാറ്റിവെച്ച എന്റെ അമ്മക്ക് ഒരുപാട് സ്വപ്നങ്ങളും ഉയരങ്ങളും കീഴടക്കാൻ ഉണ്ട്….കൂടുതൽ ഒന്നും പറയാൻ ആഗ്രഹിക്കുന്നില്ല, ഇങ്ങനെ ഒരു കാര്യം നടന്നത് രഹസ്യമായി വെക്കേണ്ട ആവശ്യമില്ല എന്ന് തോന്നി..
അമ്മ💜 Happy Married Life..