നടൻ വിനായകൻ ഇനി സംവിധായകന്റെ വേഷത്തിൽ ; വിനായകനൊപ്പം ‘പാർട്ടി’ നിർമ്മിക്കാൻ റിയയും ആഷിക് അബുവും

സ്വന്തം ലേഖകൻ

കൊച്ചി : മലയാള സിനിമാരംഗത്ത് 25 വർഷം തികയ്ക്കുന്ന പ്രിയ നടൻ വിനായകൻ ഇനി സംവിധായകന്റെ വേഷത്തിലെത്തും. സിനിമാരംഗത്ത് ഡബിൾ റോളിലാണ് ഇത്തവണ വിനായകനെത്തുന്നത്.

ചിത്രത്തിന്റെ തിരക്കഥയും വിനായകന്റേതാണ്. ‘പാർട്ടി’ എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്. വിനായകനൊപ്പം ഒപിഎം സിനിമാസിന്റെ ബാനറിൽ ആഷിക് അബുവും റിമ കല്ലിങ്കലും ചേർന്നാണ് നിർമ്മിക്കുന്നത്.

ചിത്രം അടുത്ത വർഷം പ്രദർശനത്തിനെത്തും. ‘പാർട്ടി’ അടുത്ത വർഷം’ എന്ന് കുറിച്ചുകൊണ്ടാണ് ആഷിഖ് ഫേയ്‌സ്ബുക്കിലൂടെ പാർട്ടി വരുന്നതിനെ കുറിച്ച് ആരാധകരെ അറിയിച്ചത്.

വിനായകനെ നായകനാക്കി ആഷിഖ് സിനിമ എടുക്കുന്നതായി നേരത്തെ റിപ്പോർട്ടുകൾ വന്നിരുന്നു. അയ്യൻകാളിയുടെ ജീവചരിത്രചിത്രമാണ് ഈ പ്രോജക്ട് എന്ന തരത്തിലുള്ള റിപ്പോർട്ടുകളായിരുന്നു. എന്നാൽ ഇതിനെക്കുറിച്ചുള്ള പ്രഖ്യാപനം ഔദ്യോഗികമായി ഇനിയും പുറത്തു വന്നിട്ടില്ല.

അൻവർ റഷീദിന്റെ സംവിധാനം ചെയ്ത് ട്രാൻസ് ആണ് വിനായകന്റേതായി തീയേറ്ററുകളിലെത്തിയ അവസാന മലയാളചിത്രം. ‘വാരിയം കുന്നൻ’ എന്ന ചിത്രമാണ് ആഷിഖിന്റേതായി അനൗൺസ് ചെയ്തിട്ടുള്ള മറ്റൊരു സിനിമ. പൃഥ്വിരാജ്, ആഷിഖ് അബു എന്നിവർ ആദ്യമായി ഒന്നിക്കുന്ന ചിത്രം കൂടിയാണിത്.

വാരിയം കുന്നന്റെ ടൈറ്റിൽ റിലീസ് ചെയ്‌തോട് കൂടി വലിയ വിവാദങ്ങളും ആരോപണങ്ങളുമാണ് ഇതേ തുടർന്ന് ഉണ്ടായിരുന്നു.