
കൊച്ചി : സ്ഥിരം യാത്രക്കാരുടെ ഏക ആശ്രയമായ മെമു വൈകുന്നു. എറണാകുളത്തുനിന്നും ഗ്രാമപ്രദേശങ്ങളിലേക്കുള്ള ട്രെയിന്‍ യാത്ര ദുഷ്കരമായി.
ദിവസവും താമസിച്ചുപോകുന്ന വേണാട് എക്സ്പ്രസിനായി മെമു ട്രെയിന്‍ വൈകിപ്പിക്കുന്നതായാണ് യാത്രക്കാരുടെ പരാതി. ദിവസവും വൈകുന്നേരം 6.15ന് എറണാകുളം സൗത്ത് ജംഗ്ഷനില്‍നിന്നും പുറപ്പെടുന്ന എറണാകുളം-കൊല്ലം മെമു സ്പെഷലാണ് കോട്ടയം വഴിയുള്ള ഗ്രാമീണജനതയുടെ ഏക ആശ്രയം.
കൊച്ചി നഗരത്തിലേക്കു ജോലിക്കും മറ്റ് ആവശ്യങ്ങള്ക്കുമായെത്തുന്ന ആയിരക്കണക്കിന് സ്ത്രീകളും വിദ്യാര്‍ഥികളും ദിവസവേതനക്കാരായ തൊഴിലാളികളുമെല്ലാം രാത്രിയോടെ വീടണയാന്‍ ഈ മെമു സര്‍വീസിനെയാണ് ആശ്രയിക്കുന്നത്. ദിവസവും 5.25ന് എറണാകുളം ജംഗ്ഷനില്‍നിന്നും പുറപ്പെടേണ്ട വേണാട് എക്സ്പ്രസ് വൈകി 5.45നുശേഷം പുറപ്പെടുന്നതിനാല്‍ കൊല്ലം – മെമു എറണാകുളം പ്ലാറ്റ്ഫോമില്‍ എത്താന്‍ വൈകുകയും പുറപ്പെടുന്നത് താമസിക്കുകയും ചെയ്യുന്ന സ്ഥിതിയായി.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇതുമൂലം ഗ്രാമപ്രദേശങ്ങളിലെ സ്റ്റേഷനുകളിലെത്തി അവിടുന്ന് ബസ് ഉള്‍പ്പെടെയുള്ള മറ്റു പൊതുഗതാഗത സംവിധാനങ്ങളെ ആശ്രയിക്കുന്ന സ്ത്രീകളും വിദ്യാര്‍ഥികളും അടക്കമുള്ളവര്‍ രാത്രിയില്‍ മറ്റു മാര്‍ഗങ്ങളില്ലാതെ കഷ്ടപ്പെടുന്നു. കായംകുളത്തുനിന്നും ദിവസവും എറണാകുളത്തെത്തി കൊല്ലത്തേക്കു മടങ്ങുന്ന മെമു വൈകിട്ട് കൃത്യസമയത്തുതന്നെ എറണാകുളം ജംഗ്ഷന് സി കാബിനില്‍ എത്തുന്നുണ്ടെങ്കിലും അനാവശ്യമായി വേണാട് എക്സ്പ്രസിന് നല്കുന്ന മുന്ഗണനയ്ക്കായി പിടിച്ചിടുന്നതാണ് ഈ ദുരിതത്തിന് കാരണമാകുന്നത്.
വേണാട് എക്സ്പ്രസ് പുറപ്പെടാന്‍ വൈകുകയാണെങ്കില്‍ മെമുവിനെ ഔട്ടറില്‍ പിടിച്ചിടാതെ ഒഴിവുള്ള മറ്റു പ്ലാറ്റ്ഫോമില്‍ എത്തിച്ചു ഡ്യൂട്ടി ചെയ്ഞ്ചടക്കം നടത്തുകയാണെങ്കില്‍ മെമുവിലെ യാത്രക്കാര്‍ക്കു രാത്രി ഇരുട്ടുന്നതിനു മുന്നേ വീട്ടിലെത്താമെന്നു യാത്രക്കാര്‍ ചൂണ്ടിക്കാണിക്കുന്നു.
അതല്ലെങ്കില്‍ മെട്രോ ബസ് സര്‍വീസുകളടക്കം നിരവധി ഗതാഗതമാര്ഗങ്ങളുള്ള എറണാകുളം ടൗണ്‍ സ്റ്റേഷനില്‍നിന്നു നേരിട്ട് ബാക്കി എല്ലാ എക്സ്പ്രസ് ട്രെയിനുകളെയും പോലെ വേണാട് എക്സ്പ്രസും സര്‍വീസ് നടത്തണമെന്നും യാത്രക്കാര്‍ ആവശ്യപ്പെടുന്നു. 6.30ഓടുകൂടി മാത്രം ദിവസവും കൊല്ലം മെമു എറണാകുളം ജംഗ്ഷനില്‍നിന്നു പുറപ്പെടുന്നതിനാല്‍ 6.40നുള്ള പാലരുവി എക്സ്പ്രസും മെമുവും അടുത്തടുത്തായി കടന്നു പോകുന്നതും യാത്രക്കാര്‍ക്ക് ഗുണകരമാകുന്നില്ല.