play-sharp-fill
നർത്തകിയും സോഷ്യൽ മീഡിയ താരവുമായ സാന്ദ്ര സലീം അന്തരിച്ചു ; അന്ത്യം അർബുദത്തിന് ചികിത്സയിലിരിക്കെ ; കാനഡയിലെ ചികിത്സ പിഴവെന്ന് ബന്ധുക്കൾ

നർത്തകിയും സോഷ്യൽ മീഡിയ താരവുമായ സാന്ദ്ര സലീം അന്തരിച്ചു ; അന്ത്യം അർബുദത്തിന് ചികിത്സയിലിരിക്കെ ; കാനഡയിലെ ചികിത്സ പിഴവെന്ന് ബന്ധുക്കൾ

സ്വന്തം ലേഖകൻ

കൊച്ചി:കാൻസർ ബാധിതയായി ചികിത്സയിലായിരുന്ന നർത്തകിയും സോഷ്യൽ മീഡിയ താരവുമായ സാന്ദ്രാ സലീം(25) അന്തരിച്ചു. കാനഡയിലെ ഒന്‍റാരിയോ കൊണസ്റ്റോഗാ കോളേജ് വിദ്യാര്‍ത്ഥിനി ആയിരുന്ന സാന്ദ്ര സലീമിന് കാനഡയിൽ വെച്ചാണ് കാൻസർ രോഗമാണെന്ന് സ്ഥിരീകരിക്കുന്നത്.

എട്ട് മാസം മുമ്പ് വയറ് വേദനയെ തുടർന്ന് നടത്തിയ പരിശോധനയിൽ വയറ്റിൽ കണ്ടെത്തിയ മുഴ നീക്കം ചെയ്യുകയും ബയോപ്സിക്ക് അയയ്ക്കുകയും ചെയ്തിരുന്നു. എന്നാൽ റിസൽട്ട് ലഭിക്കുന്നത് വളരെ വൈകിയാണ്. ഒടുവിൽ നാട്ടിലെത്തിച്ച് ചികിത്സ നടത്തിയെങ്കിലും സാന്ദ്ര സലീം മരണത്തിന് കീഴടങ്ങുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കാനഡയിലെ ആശുപത്രിയിൽ നിന്നും കൃത്യ സമയത്ത് രോഗവിവരം അറിയിക്കാത്തത് മൂലമാണ് സാന്ദ്രയുടെ ജീവൻ അപകടത്തിലായതെന്ന് ബന്ധുക്കളും സുഹൃത്തുക്കളും ആരോപിക്കുന്നു. വയറ്റിൽ കണ്ടെത്തിയ മുഴ നീക്കം ചെയ്ത ശേഷം വീണ്ടും കടുത്ത നടുവേദനയുമായി സാന്ദ്ര കാനഡയിലെ ആശുപത്രിയിലെത്തിയിരുന്നു.

എന്നാൽ ആശുപത്രിയിൽ നിന്നും വേദനസംഹാരി നല്‍കി സാന്ദ്രയെ മടക്കി അയച്ചു. പിന്നീട് നടക്കാന്‍ പോലുമാകാതെ ആശുപത്രിയില്‍ എത്തിയപ്പോഴേക്കും രോഗാവസ്ഥ മൂര്‍ച്ഛിക്കുകയായിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനകളിലാണ് കാൻസർ ശരീരത്തിന്റെ മറ്റ് ഭാഗങ്ങളിലേയ്ക്ക് വ്യാപിച്ചതായി കണ്ടെത്തിയത്.

ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞ സാന്ദ്രയെ അടുത്ത സുഹൃത്തുക്കളാണ് സഹായിച്ചത്. തുടര്‍ ചികിത്സയ്ക്കും മറ്റും ഭാരിച്ച തുക ആവശ്യമായി വന്നിരുന്നു. വിവിധ മലയാളി സംഘടനകള്‍ ചേര്‍ന്ന് ഗോ ഫണ്ട് വഴി തുക സമാഹരിച്ച് വിദ്യാർത്ഥിയായ സാന്ദ്രയ്ക്ക് ചികിത്സയ്ക്കായി നല്‍കിയിരുന്നു. പിന്നീട് തുടര്‍ചികിത്സയ്ക്കായി സാന്ദ്രയെ കേരളത്തിലേയ്ക്ക് കൊണ്ടുവന്നു. കൊച്ചിയിലെ അമൃത ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് കഴിഞ്ഞ ദിവസം സാന്ദ്ര സലീം മരണപ്പെടുന്നത്.

മികച്ച നർത്തകിയായ സാന്ദ്ര സോഷ്യൽ മീഡിയയിലും സജീവമായിരുന്നു. നിരവധി ചലച്ചിത്ര താരങ്ങൾ ഫോളോ ചെയ്യുന്ന കലാകാരിയായിരുന്നു സാന്ദ്ര. സാന്ദ്രയുടെ മരണം വേദനിപ്പിക്കുന്നതാണെന്നും ക്യാൻസറിന്റെ വേദനകൾ ഇല്ലാത്ത ലോകത്ത്, നിന്റെ നൃത്തവും കുസൃതികളും ചിരിയും നിറഞ്ഞു നിൽക്കട്ടെയെന്നുമാണ് നടി സുരഭി ലക്ഷ്മി ഫേസ്ബുക്കിൽ കുറിച്ചത്.