
വെള്ളക്കെട്ടില്‍ മുങ്ങി മുപ്പായിപ്പാടം, ഇത് തോടോ അതോ റോഡോ? തിരിച്ചറിയാതെ ജനങ്ങൾ മുപ്പായിപ്പാടം റോഡ് വെള്ളക്കെട്ടില്‍ മുങ്ങി സഞ്ചാരയോഗ്യമല്ലാതായിട്ട് വര്‍ഷങ്ങളായി ; ഇതുവരെ ഒരു നടപടിയുമായില്ല.
സ്വന്തം ലേഖിക
കോട്ടയം : മുപ്പായിപ്പാടം റോഡ് വെള്ളക്കെട്ടില്‍ മുങ്ങി കിടക്കുന്നു, സഞ്ചാരയോഗ്യമല്ലാതായിട്ട് വര്‍ഷങ്ങളായി.നഗരമദ്ധ്യത്തിലാണ് റോഡ് ശോച്യാവസ്ഥയില്‍ സ്ഥിതി ചെയ്യുന്നത്. എം.സി റോഡില്‍ നിന്നും മണിപ്പുഴ പാലം ചുറ്റാതെ മുപ്പായിപ്പാടത്തേക്കും ബൈപ്പാസ് റോഡിലേക്കും എത്തിച്ചേരാനുള്ള എളുപ്പമാര്‍ഗം കൂടിയാണിത്. എന്നാല്‍, റോഡ് തകര്‍ന്നു തരിപ്പണമായി കിടക്കുന്നതു മൂലം ഓട്ടോറിക്ഷ പോലും ഇതുവഴി പോകാറില്ല. എം.സി റോഡില്‍ തടസം നേരിടുന്ന സമയത്ത് കോട്ടയം ഭാഗത്ത് നിന്നും എത്തുന്ന വാഹനങ്ങള്‍ ഇതുവഴിയാണ് കടത്തിവിട്ടിരുന്നത്.
മഴയെതുടര്‍ന്ന് വലിയ കുഴികള്‍ രൂപപ്പെടുകയും റോഡ് വെള്ളക്കെട്ടില്‍ മുങ്ങുകയും ചെയ്തു. ഇരുചക്രവാഹനങ്ങള്‍ കുഴിയില്‍അകപ്പെടുന്നതും അപകടത്തില്‍പ്പെടുന്നതും പതിവാണ്.
റോഡ് തകര്‍ന്നതോടെ, ഇവിടം മാലിന്യ നിക്ഷേപകേന്ദ്രം പോലെയായി. വഴിവിളക്കുകള്‍ ഇല്ലാത്തതിനാല്‍ രാത്രി ഇവിടം ഇരുട്ടിന്റെ പിടിയിലാണ്. ഇഴജന്തുക്കളുടെ വിഹാരകേന്ദ്രം കൂടിയാണ്. പ്ലാസ്റ്റിക് ഉള്‍പ്പെടെയുള്ള മാലിന്യങ്ങളാണ് റോഡില്‍ കൂടിക്കിടക്കുന്നത്.റോഡിന്റെ വശങ്ങള്‍, കാട് പിടിച്ചു കിടക്കുന്നതും വാഹനങ്ങളുടെ സഞ്ചാരം കുറവായതും മാലിന്യ നിക്ഷേപകര്‍ക്കും സഹായകമാകുന്നു. മുപ്പായിപാടം പ്രദേശവാസികളുടെ ഏക ആശ്രയം ഈ റോഡാണ്. റോഡ് തകര്‍ന്നതിനെ തുടര്‍ന്ന് ഓട്ടോറിക്ഷപോലും ഇതുവഴി സവാരി നടത്തുന്നില്ല. റോഡ് റീടാര്‍ ചെയ്ത് സഞ്ചാരയോഗ്യമാക്കണം.
Whatsapp Group 1 | Whatsapp Group 2 |Telegram Group