
തിരുവനന്തപുരം: സംസ്ഥാനത്തെ വാഹനപ്രേമികള്‍ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന വാഹന മോഡിഫിക്കേഷൻ നയത്തില്‍ ആദ്യഘട്ട നടപടികളുമായി മോട്ടോർ വാഹന വകുപ്പ്
സ്റ്റിക്കറുകള്‍, ലൈറ്റുകള്‍ ഉള്‍പ്പെടെ 18 തരത്തിലുള്ള മോഡിഫിക്കേഷനുകള്‍ക്ക് അനുമതി നല്‍കാമെന്നാണ് ഗതാഗത കമ്മിഷണർ സർക്കാരിന് സമർപ്പിച്ച റിപ്പോർട്ടിലെ ശുപാർശ. അതേസമയം വാഹനത്തിന്റെ നിറം മാറ്റം പോലുള്ള പ്രധാന രൂപമാറ്റങ്ങള്‍ക്ക് പ്രത്യേക അനുമതിയും ഫീസും നിർബന്ധമാക്കണമെന്നും റിപ്പോർട്ടില്‍ നിർദേശിക്കുന്നു.
തിരഞ്ഞെടുപ്പ് കാലത്ത് വാഹന മോഡിഫിക്കേഷനുകള്‍ക്ക് കൂടുതല്‍ സ്വാതന്ത്ര്യം നല്‍കുമെന്ന പ്രഖ്യാപനം വലിയ ചർച്ചയായിരുന്നു. ആ വാഗ്ദാനത്തിന്റെ പശ്ചാത്തലത്തിലാണ് നിലവില്‍ മോട്ടോർ വാഹന വകുപ്പ് വിശദമായ പഠനം നടത്തി പുതിയ പട്ടിക തയ്യാറാക്കിയിരിക്കുന്നത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

റിപ്പോർട്ട് പ്രകാരം വാഹനങ്ങളില്‍ ബോഡി സ്റ്റിക്കറുകള്‍ പതിക്കുന്നത് അനുവദിക്കും. എന്നാല്‍ പൊതുസമൂഹത്തിന് അസ്വീകാര്യമായതോ അശ്ലീലമായതോ ആയ ചിത്രങ്ങള്‍ ഉപയോഗിക്കാൻ പാടില്ല. വാഹനങ്ങളുടെ ഉള്‍ഭാഗത്ത് വിവിധ നിറങ്ങളിലുള്ള അലങ്കാര ലൈറ്റുകള്‍ ഘടിപ്പിക്കാനും അനുമതി ലഭിക്കും. കൂടാതെ അധിക സ്പീക്കറുകള്‍ സ്ഥാപിക്കുന്നതും പരിഗണനയിലുണ്ട്.
സീറ്റ് കവറുകള്‍, ഫ്ലോർ മാറ്റുകള്‍, സ്റ്റിയറിംഗ് വീല്‍ കവറുകള്‍, ഡാഷ് ക്യാമറകള്‍, റിവേഴ്‌സ് ക്യാമറകള്‍, പാർക്കിംഗ് സെൻസറുകള്‍, ജിപിഎസ് ട്രാക്കറുകള്‍, റൂഫ് കാരിയറുകള്‍ തുടങ്ങിയവയും അനുമതിയുള്ള മോഡിഫിക്കേഷനുകളുടെ പട്ടികയില്‍ ഉള്‍പ്പെടുന്നു. 50 ശതമാനം വരെ കാഴ്ച മറയ്ക്കുന്ന സണ്‍ഫിലിമുകള്‍ക്കും റിപ്പോർട്ടില്‍ അനുകൂല നിലപാടാണ് സ്വീകരിച്ചിരിക്കുന്നത്.
ഇത്തരത്തിലുള്ള ചെറിയ മാറ്റങ്ങള്‍ വാഹന ഉടമകള്‍ക്ക് നേരിട്ട് ചെയ്യാനാകും. എന്നാല്‍ വാഹനത്തിന്റെ നിറം മാറ്റുക, എൻജിൻ മാറ്റം നടത്തുക, ബോഡിയുടെ രൂപകല്‍പനയില്‍ വ്യത്യാസം വരുത്തുക, അല്ലെങ്കില്‍ വാഹനത്തെ ഇലക്‌ട്രിക്/സിഎൻജി സംവിധാനത്തിലേക്ക് മാറ്റുക തുടങ്ങിയ കാര്യങ്ങള്‍ക്ക് ആർടിഒയുടെ മുൻകൂർ അനുമതി വാങ്ങുകയും ആർസി ബുക്കില്‍ രേഖപ്പെടുത്തുകയും വേണം.







