
തിരുവനന്തപുരം: നെടുമങ്ങാട്ടെ ഒന്നര വയസുകാരന്റെ കൊലപാതകത്തില്‍ പ്രതി അഷ്‌കറിന്റെ വാഹനം അടിച്ച് തകര്‍ത്ത് അജ്ഞാത സംഘം.
ഇന്ന് പുലര്‍ച്ചെയാണ് സംഭവം. പനവൂരിലെ വാടക വീടിന് മുന്നിലെ റോഡില്‍ പാര്‍ക്ക് ചെയ്തിരുന്ന വാഹനമാണ് അടിച്ച് തകര്‍ത്ത നിലയില്‍ കാണപ്പെട്ടത്. ബൈക്കില്‍ എത്തിയ രണ്ടംഗ സംഘമാണ് ആക്രമണം നടത്തിയതെന്ന് നാട്ടുകാര്‍ പറഞ്ഞു.
ടാക്‌സി തൊഴിലാളിയായിരുന്നു അഷ്‌കര്‍. ആറ് മാസം മുന്‍പാണ് അഷ്‌കര്‍ പനവൂരിലെ വാടക വീട്ടിലേക്ക് എത്തിയതെന്നാണ് നാട്ടുകാര്‍ പറയുന്നത്. രണ്ട് മാസം മുന്‍പായിരുന്നു അഖിലയും കുഞ്ഞും ഇവിടേയ്ക്ക് എത്തിയത്. അധികം സഹകരണമില്ലാത്ത പ്രകൃതക്കാരായിരുന്നു അഷ്‌കറും അഖിലയും. കുഞ്ഞിനെ അധികം പുറത്തേക്ക് കണ്ടിരുന്നില്ലെന്നും നാട്ടുകാര്‍ പറഞ്ഞു. അഷ്‌കറും അഖിലയും താമസിച്ചിരുന്ന വീടിന് സമീപം അധികം വീടുകള്‍ ഇല്ല. അതുകൊണ്ടുതന്നെ കുഞ്ഞിനെ കൊലപ്പെടുത്താന്‍ ഇത്തരത്തിലൊരു വീട് തെരഞ്ഞെടുത്തതാണോ എന്ന സംശയമുണ്ടെന്നും നാട്ടുകാര്‍ പറഞ്ഞു.
Whatsapp Group 1 | Whatsapp Group 2 |Telegram Group

കുഞ്ഞിന്റെ കൊലപാതകത്തില്‍ അഷ്‌കര്‍ കുറ്റം സമ്മതിച്ചിരുന്നു. സംഭവ ദിവസം ചോറ് നല്‍കുന്നതിനിടെ കുഞ്ഞ് കരഞ്ഞെന്നും കരച്ചില്‍ നിര്‍ത്താത്തതിനെ തുടര്‍ന്ന് തലയില്‍ ശക്തമായി അടിച്ചെന്നുമാണ് ഇയാള്‍ പൊലീസിനോട് പറഞ്ഞത്. അടിയേറ്റ കുഞ്ഞിന്റെ ബോധം നഷ്ടമായെന്നും ഇയാള്‍ പൊലീസിനോട് പറഞ്ഞിരുന്നു. പ്രതിയുടെ മൊഴിയുടെയും കുഞ്ഞിന്റെ ശരീരത്തിലേറ്റ മുറിവുകളുടെയും അടിസ്ഥാനത്തില്‍ ദീര്‍ഘനാളായി ഇയാള്‍ കുഞ്ഞിനെ മര്‍ദ്ദിച്ചിരുന്നുവെന്നാണ് പൊലീസിന്റെ വിലയിരുത്തല്‍. കുഞ്ഞിന്റെ കൈകള്‍ ഒടിഞ്ഞത് പ്രതിയുടെ ആക്രമണത്തില്‍ ആണോ എന്ന് പൊലീസ് പരിശോധിച്ചുവരികയാണ്. കൊലപാതകത്തില്‍ അമ്മ അഖിലയുടെ പങ്കും പൊലീസ് അന്വേഷിക്കുന്നുണ്ട്.
കുഞ്ഞ് അര്‍ഷിദ് നേരിട്ടത് കൊടും പീഡനമാണെന്ന് വ്യക്തമാക്കുന്ന പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്തുവന്നിരുന്നു. കുഞ്ഞിന്റെ ശരീരത്തില്‍ 51 മുറിവുകളുണ്ടായിരുന്നതായാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നത്. ഇവയില്‍ പലതും പഴയ മുറിവുകളാണ്. കുഞ്ഞിന്റെ എല്ലുകള്‍ക്ക് ഒടിവും കണ്ടെത്തി. ജനനേന്ദ്രിയത്തിലും പരിക്കേറ്റിട്ടുണ്ട്. കൈകാലുകളിലും മുതുകിലും പൊള്ളലേറ്റതിന്റെ അടയാളങ്ങളുണ്ട്. കുഞ്ഞിന്റെ തലയ്ക്ക് പിന്നില്‍ ശക്തമായ ക്ഷതമേറ്റിട്ടുണ്ട്. ആന്തികാവയവങ്ങള്‍ക്കേറ്റ ക്ഷതവും ക്രൂരമായ ശാരീരിക മര്‍ദ്ദനമാണ് മരണത്തിലേക്ക് നയിച്ചതെന്നും പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയിരുന്നു. ഇക്കഴിഞ്ഞ വെള്ളിയാഴ്ചയായിരുന്നു സംഭവം നടന്നത്. അഖില നൃത്തപരിപാടിക്കായി തമിഴ്‌നാട്ടില്‍ പോയ സമയത്തായിരുന്നു സംഭവം. ചോറ് കഴിക്കുന്നതിനിടയില്‍ ഛര്‍ദ്ദിച്ചുവെന്ന് പറഞ്ഞാണ് അഷ്‌കര്‍ കുഞ്ഞിനെ ആശുപത്രിയില്‍ എത്തിച്ചത്. പ്രാഥമിക ചോദ്യം ചെയ്യലില്‍ അഷ്‌കര്‍ കുഞ്ഞിനെ മര്‍ദ്ദിച്ചിരുന്നുവെന്ന് അഖില സമ്മതിച്ചിരുന്നു.







