Spread the love

തൃശൂര്‍: റോഡരികില്‍ സ്ഥാപിച്ചിരുന്ന ഫ്ലക്‌സ് ബോര്‍ഡ് കീറിയതിനെ ചൊല്ലിയുണ്ടായ തര്‍ക്കത്തിനൊടുവില്‍ ഒരു സംഘം വീട് കയറി ആക്രമിച്ചു.
ആക്രമണത്തില്‍ വയോധികയ്ക്കും കൊച്ചുമക്കള്‍ക്കും പരിക്കേറ്റു. ഫ്ലക്‌സ് കീറിയത് കൊച്ചുമക്കളാണെന്ന തെറ്റിദ്ധാരണയെത്തുടര്‍ന്നുണ്ടായ വൈരാഗ്യത്തിലാണ് വയോധികയെ വീട്ടില്‍ കയറി ആക്രമിച്ച്‌ കൊലപ്പെടുത്താന്‍ ശ്രമിച്ചത്.

video
play-sharp-fill

ആക്രമണം നടത്തിയ സംഘത്തിനെതിരെ കുന്നംകുളം പൊലീസ് വധശ്രമത്തിന് കേസെടുത്തു. സംഘത്തിന്‍റെ ആക്രമണത്തില്‍ പയ്യൂര്‍ സ്വദേശിനി ലീലയ്ക്കാണ് (76) പരിക്കേറ്റത്. ലീലയുടെ പരാതിയില്‍ അമല്‍ജിത്ത്, നീരജ്, ശ്യാം, രഞ്ജീഷ്, അക്ഷയ്, അശ്വിന്‍ ബാബു എന്നിവര്‍ക്കും കണ്ടാലറിയാവുന്ന മറ്റ് അഞ്ചുപേര്‍ക്കുമെതിരേയാണ് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

കഴിഞ്ഞ ദിവസം വൈകിട്ട് 6.30നാണ് സംഭവം. പയ്യൂര്‍ റോഡരികിലെ ഫ്ലക്‌സ് കീറിയത് ലീലയുടെ കൊച്ചുമക്കളാണ് എന്ന് ആരോപിച്ച്‌ മാരകായുധങ്ങളുമായി എത്തിയ സംഘം ലീലയുടെ വീട്ടില്‍ അതിക്രമിച്ചു കയറി വീടിന്‍റെ ജനല്‍ ചില്ലുകള്‍ തകര്‍ത്തു. അക്രമം തടയാന്‍ വന്ന ലീലയുടെ കൊച്ചുമക്കളായ വിഷ്ണുദത്തിനെയും വിശ്വജിത്തിനെയും ക്രൂരമായി മര്‍ദിച്ചു. വിഷ്ണുദത്തിനെ ഇരുമ്പ് വടി കൊണ്ട് കണ്ണിന് അടിക്കുകയും, നീരജ് വിശ്വജിത്തിനെ ചവിട്ടി വീഴ്ത്തുകയും ചെയ്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മര്‍ദനം കണ്ട് തടയാന്‍ എത്തിയ ലീലയെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയ സംഘം തടഞ്ഞുനിര്‍ത്തി ഇരുമ്പ് പൈപ്പ് കൊണ്ട് തലയ്ക്കടിച്ച്‌ പരുക്കേല്‍പ്പിക്കുകയും ചെയ്തു. കൊലപ്പെടുത്തണമെന്ന ഉദ്ദേശത്തോടെയാണ് ആക്രമണം നടത്തിയതെന്ന് പൊലീസ് റിപ്പോര്‍ട്ടില്‍ പറയുന്നു. പരിക്കേറ്റ ലീല നിലവില്‍ മുളങ്കുന്നത്തുകാവ് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്.

ലീലയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. അതിക്രമിച്ചു കടക്കല്‍, അസഭ്യം പറയല്‍, മാരകായുധങ്ങളുമായി സംഘം ചേരല്‍ തുടങ്ങിയ വിവിധ വകുപ്പുകള്‍ പ്രകാരമാണ് പ്രതികള്‍ക്കെതിരേ കേസെടുത്തിട്ടുള്ളത്