
ഡെറാഡൂണ്‍: ഉത്തരാഖണ്ഡിലെ തെഹ്രി ഗര്‍വാള്‍ ജില്ലയില്‍ ഉയര്‍ന്ന ജാതിയില്‍പ്പെട്ട പെണ്‍കുട്ടിയുമായി സൗഹൃദം സ്ഥാപിച്ചതിന്റെ പേരില്‍ 18 കാരനായ ദലിത് യുവാവിനെ മര്‍ദ്ദിച്ച് കൊലപ്പെടുത്തി.
അക്രമത്തില്‍ യുവാവിന്റെ സുഹൃത്തിന് ഗുരുതരമായി പരിക്കേറ്റു. ദേവല്‍ ഗ്രാമവാസിയായ കേതന്‍ ലാലാണ് കൊല്ലപ്പെട്ടത്.
പരിക്കേറ്റ കേതന്റെ സുഹൃത്ത് ദിവാകറിനെ ബൗരാരിയിലെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കേതന്റെ പിതാവ് ധന്‍പാല്‍ ലാല്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ പോലിസ് കേസെടുത്തു. സംഭവത്തില്‍ നാട്ടുകാരും ബന്ധുക്കളും പ്രതികള്‍ക്കെതിരേ ഉടനടി നടപടി വേണമെന്ന് ആവശ്യപ്പെട്ട് മൃതദേഹം ഏറ്റുവാങ്ങാന്‍ ആദ്യം വിസമ്മതിച്ചു.
കഴിഞ്ഞ ആറുമാസമായി ഖോല്‍ഗഡ് സ്വദേശിനിയായ പെണ്‍കുട്ടിയുമായി കേതന്‍ സൗഹൃദത്തിലായിരുന്നുവെന്ന് പറയപ്പെടുന്നു. ഞായറാഴ്ച രാത്രി ഖോല്‍ഗഡ് ഗ്രാമത്തിലാണ് സംഭവം. ഞായറാഴ്ച രാത്രി 11 മണിയോടെ പെണ്‍കുട്ടിയുടെ ഫോണ്‍ കോള്‍ ലഭിച്ചതിനെത്തുടര്‍ന്ന് കേതന്‍ തന്റെ സുഹൃത്ത് ദിവാകര്‍ ഡിമ്രിക്കൊപ്പം അവളുടെ ഗ്രാമമായ ഖോല്‍ഗഢിലേക്ക് പോയി.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഈ സമയത്താണ് പെണ്‍കുട്ടിയുടെ കുടുംബാംഗങ്ങള്‍ ഇരുവരെയും ഒരു മുറിയില്‍ പൂട്ടിയിട്ട് വടികൊണ്ട് ക്രൂരമായി മര്‍ദ്ദിച്ചതെന്ന് പോലിസ് പറയുന്നു. തിങ്കളാഴ്ച്ച രാവിലെ പെണ്‍കുട്ടിയുടെ പിതാവ് കേതന്റെ പിതാവായ ധന്‍പാല്‍ ലാലിനെ ഫോണില്‍ വിളിച്ച് മകനെ കുറിച്ച് അറിയിക്കുകയും തിരികെ എടുത്ത് കൊണ്ടുപോകാന്‍ ആവശ്യപ്പെടുകയും ചെയ്തു.
സ്ഥലത്തെത്തിയ ധന്‍പാല്‍ ചോരയില്‍ കുളിച്ചുകിടക്കുന്ന കേതനെയാണ് കണ്ടത്. ഉടനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. പട്ടികജാതി-പട്ടികവര്‍ഗ (അതിക്രമങ്ങള്‍ തടയല്‍) നിയമത്തിലെ (SC/ST Act) സെക്ഷന്‍ 3(2)(v) പ്രകാരവും കേസെടുത്തതായി തെഹ്രി ഗര്‍വാള്‍ സീനിയര്‍ സൂപ്രണ്ട് ഓഫ് പോലിസ് (SSP) ശ്വേത ചൗബേ അറിയിച്ചു







