
തിരുവനന്തപുരം: കേരളത്തിന്റെ പുതിയ മുഖ്യമന്ത്രിയായി വി.ഡി. സതീശനെ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് ഔദ്യോഗികമായി പ്രഖ്യാപിച്ചതിന് പിന്നാലെ സംസ്ഥാനത്ത് സര്‍ക്കാര്‍ രൂപീകരണ നടപടികള്‍ വേഗത്തിലാക്കി യുഡിഎഫ്.
കേരളത്തില്‍ മുഴുവന്‍ മന്ത്രിമാരുടെയും സത്യപ്രതിജ്ഞ തിങ്കളാഴ്ച നടക്കും. 21ന് നിയമസഭ ചേരുമ്പോള്‍ എംഎല്‍എമാരും സത്യപ്രതിജ്ഞ ചെയ്യും.
മുഴുവന്‍ മന്ത്രിമാരും ഒന്നിച്ച് സത്യപ്രതിജ്ഞ ചെയ്യാനാണ് നീക്കം. മുഴുവന്‍ മന്ത്രിസഭാംഗങ്ങളെയും തിങ്കളാഴ്ചയ്ക്ക് മുന്‍പ് തീരുമാനിക്കാനാണ് ശ്രമം.
കോണ്‍ഗ്രസ് നിയമസഭ കക്ഷിയോഗം പൂര്‍ത്തിയായതിന് പിന്നാലെ സര്‍ക്കാര്‍ രൂപീകരണത്തിനായി നിയുക്ത മുഖ്യമന്ത്രി വി ഡി സതീശന് ഗവര്‍ണറെ കാണുകയും പിന്തുണക്കത്ത് കൈമാറുകയും ചെയ്തു.
Whatsapp Group 1 | Whatsapp Group 2 |Telegram Group

വൈകിട്ട് നടന്ന നിയമസഭ കക്ഷി യോഗത്തില്‍ വിഡി സതീശനെ കോണ്‍ഗ്രസ് നിയമസഭ കക്ഷി നേതാവായി തെരഞ്ഞെടുത്തു. സണ്ണി ജോസഫ് അവതരിപ്പിച്ച പ്രമേയം തിരുവഞ്ചൂര്‍ രാധാകൃഷ്ണന് പിന്താങ്ങി. മുഴുവന്‍ മന്ത്രിസഭാംഗങ്ങളെയും തിങ്കളാഴ്ചയ്ക്ക് മുമ്പ് തീരുമാനിക്കാനുള്ള ശ്രമത്തിലാണ്. എഐസിസി തീരുമാനം ദീപദാസ് മുന്‍ഷി ആദ്യം യോഗത്തെ അറിയിച്ചു. അതിന് ശേഷം സണ്ണിജോസഫും മുകള്‍ വാസനിക്കും വിഡി സതീശനും സംസാരിച്ചു. യോഗത്തില്‍ കെ സി വേണുഗോപാലിന്റെ സേവനം സതീശന് എടുത്തുപറഞ്ഞു. മന്ത്രിസഭാ രൂപീകരണത്തിനായി കേരളത്തില്‍ വരണം എന്ന് കെസിയോട് ആവശ്യപ്പെടുകയും ചെയ്തു. രമേശ് ചെന്നിത്തല ഞങ്ങളുടെ നേതാവ് എന്ന് പറഞ്ഞ സതീശന് നിരീക്ഷകര്‍ക്കും ദീപദാസ് മുന്‍ഷിക്കും നന്ദി പറഞ്ഞു. സദ് ഭരണമാണ് ലക്ഷ്യമെന്ന് വി ഡി സതീശന് പറഞ്ഞു. അതേസമയം, വിഡി സതീശനെയും രമേശ് ചെന്നിത്തലയെയും കെസി വേണുഗോപാലിനെയും പുകഴ്ത്തി മുകുള്‍ വാസ്നിക് സംസാരിച്ചു. സതീശന് മികച്ച നേതാവെന്ന് അദ്ദേഹം പറഞ്ഞു. ജനങ്ങഉുടെ പ്രതിക്ഷക്കൊത്ത് ഉയരാന്‍ പുതിയ നേതാവിന് കഴിയും. കോണ്‍ഗ്രസിന്റെ വന്‍ വിജയത്തില്‍ കെസിക്കും വലിയ പങ്ക് ഉണ്ട്. കേരളം മുഴുവന്‍ സഞ്ചരിച്ച് പ്രവര്‍ത്തിച്ചു. രമേശ് ചെന്നിത്തലയുടെ അനുഭവ സമ്പത്തും പാര്‍ട്ടിക്ക് ഗുണം ചെയ്തെന്നും അദ്ദേഹം പറഞ്ഞു. മൂന്നു നേതാക്കളുടെയും പേരെടുത്ത് പറഞ്ഞായിരുന്നു മുകുള്‍ വാസ്നിക്കിന്റെ അഭിനന്ദനം.
മന്ത്രിസഭ രൂപീകരണ നടപടികളുമായി കോണ്‍ഗ്രസ് നേതൃത്വം മുന്നോട്ട് പോകുകകയാണ്. 21 അംഗ മന്ത്രിസഭയില്‍ കോണ്‍ഗ്രസിന് മുഖ്യമന്ത്രിയടക്കം 11 മന്ത്രിമാരും സ്പീക്കറുമാവും ഉണ്ടാകുക. മുതിര്‍ന്ന നേതാക്കളുമായി ആലോചിച്ച് പാര്‍ട്ടിയാണ് മന്ത്രിമാരെ തീരുമാനിക്കുകയെന്നാണ് നിയുക്ത മുഖ്യമന്ത്രി വി.ഡി.സതീശന് പറഞ്ഞത്. മന്ത്രിസഭ രൂപീകരിക്കുമ്പോള്‍ അതില്‍ സാമുദായിക സമവാക്യങ്ങള്‍ പരിഗണിക്കേണ്ടി വരും. യുവാക്കള്‍ക്കും വനിതകള്‍ക്കും പരിഗണന എന്നതിനൊപ്പം പരിചയസമ്പന്നരായ നേതാക്കളേയും ഉള്‍പ്പെടുത്തേണ്ടി വരും. ഈ സാഹചര്യങ്ങള്‍ വളരെ കരുതലോടെ കൈകാര്യം ചെയ്യണമെന്നതാണ് വെല്ലുവിളി. മുഖ്യമന്ത്രി പ്രഖ്യാപനത്തിലുണ്ടായ കാലതാമസം, തര്‍ക്കങ്ങള്‍ എന്നിവ ഒഴിവാക്കണം. തിങ്കളാഴ്ച പൂര്‍ണ മന്ത്രിസഭയാകും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കുകയെന്നാണ് കോണ്‍ഗ്രസ് നേതൃത്വം നല്കുന്ന സൂചന.
എന്നാല്‍, മുഖ്യമന്ത്രി പ്രഖ്യാപനത്തിന് പിന്നാലെ കോണ്‍ഗ്രസിനുള്ളിലെ ആഭ്യന്തര കലഹങ്ങളും അതൃപ്തികളും മറനീക്കി പുറത്തുവരുന്നത് നേതൃത്വത്തിന് വലിയ വെല്ലുവിളിയാകുന്നുണ്ട്. സീനിയോറിറ്റി പരിഗണിച്ചില്ലെന്ന പരാതിയുമായി മുതിര്‍ന്ന നേതാവ് രമേശ് ചെന്നിത്തല കടുത്ത അമര്‍ഷത്തിലാണ്. താന്‍ സ്പീക്കര്‍ സ്ഥാനത്തേക്കോ മന്ത്രിസഭയിലേക്കോ ഇല്ലെന്ന ഉറച്ച നിലപാടിലാണ് അദ്ദേഹം. തിരുവനന്തപുരത്തെ വഴുതക്കാട്ടെ വസതിയില്‍ നിന്ന് മാധ്യമങ്ങളെ പോലും കാണാതെ വീടിന്റെ പിന്‍ഭാഗത്തുകൂടി പുറത്തുപോയ അദ്ദേഹം ഹരിപ്പാട് വഴി ഗുരുവായൂരിലേക്ക് തിരിച്ചു. പാര്‍ലമെന്ററി പാര്‍ട്ടി യോഗം ബഹിഷ്കരിച്ച അദ്ദേഹം തന്റെ അതൃപ്തി ഹൈക്കമാന്‍ഡിനെ അറിയിച്ചിട്ടുണ്ട്. 40 വര്‍ഷം മുമ്പ് താന്‍ മന്ത്രിയായിരുന്ന കാലത്ത് സതീശന് കെ.എസ്.യു നേതാവായിരുന്നു എന്ന സീനിയോറിറ്റി ചെന്നിത്തല ഉയര്‍ത്തിക്കാട്ടുന്നു. ചെന്നിത്തലയെ ആഭ്യന്തര വകുപ്പ് നല്കി അനുനയിപ്പിക്കാനുള്ള നീക്കങ്ങള്‍ നടക്കുന്നുണ്ടെങ്കിലും അദ്ദേഹം വഴങ്ങുമോ എന്നത് കണ്ടറിയണം. അതേ സമയം വിശ്വസ്തരെ മന്ത്രിസഭയിലേക്ക് നിര്‍ദേശിക്കാനും നീക്കമുണ്ട്.







