Spread the love

കെസി വേണുഗോപാലിനെ കാണാനെത്തി നിയുക്ത മുഖ്യമന്ത്രി വിഡി സതീശന്‍. മുഖ്യമന്ത്രി പ്രഖ്യാപനത്തിന് ശേഷമുള്ള ഇരുവരുടെയും ആദ്യ കൂടിക്കാഴ്ചയാണിത്. ഇന്നലെ വൈകിട്ടാണ് കെസി വേണുഗോപാല്‍ ഡല്‍ഹിയില്‍ നിന്നും തിരുവനന്തപുരത്തെത്തിയത്. വഴുതക്കാടെത്തി രമേശ് ചെന്നിത്തലയെ കണ്ടശേഷമാണ് വിഡി സതീശൻ കെസിയെ കാണാന്‍ പോയത്. കൂടിക്കാഴ്ച അരമണിക്കൂറോളം നീണ്ടു. തങ്ങള്‍ എന്നും കൂടിക്കാണുന്നവരാണെന്നായിരുന്നു കെസി വേണുഗോപാലിന്റെ പ്രതികരണം. കോണ്‍ഗ്രസാണ് തങ്ങള്‍ക്ക് എല്ലാം. പാര്‍ട്ടി ഒരു തീരുമാനം പറഞ്ഞാല്‍ അതിനൊപ്പമുണ്ടാകും. സര്‍ക്കാരിനെ വളരെ പ്രതീക്ഷയോടെയാണ് ജനങ്ങള്‍ നോക്കി കാണുന്നത്. വിഡി സതീശനും സര്‍ക്കാരിനും പൂര്‍ണ പിന്തുണയുണ്ടാകും. തങ്ങളുടെ പഴയ ബന്ധങ്ങള്‍ തിരഞ്ഞ് നോക്കിയാല്‍ അറിയാം. രാഷ്ട്രീയത്തില്‍ വന്ന കാലം തൊട്ട് നല്ല ബന്ധമാണുള്ളതെന്നും കെസി വേണുഗോപാല്‍ പറഞ്ഞു.

video
play-sharp-fill

തങ്ങള്‍ തമ്മില്‍ നല്ല ആത്മബന്ധമാണുള്ളതെന്ന് വിഡി സതീശനും പറഞ്ഞു. എല്ലാം കൂടിയാലോചിച്ച് തീരുമാനിക്കും. മാധ്യമങ്ങള്‍ തങ്ങളെ ശത്രുക്കളായി ചിത്രീകരിക്കുകയാണ്. ആര്‍ക്കെങ്കിലും വേണ്ടി വാശി പിടിക്കുന്നവരല്ല കോണ്‍ഗ്രസ് നേതാക്കള്‍. കെസി വേണുഗോപാല്‍ പ്രധാന സ്ഥാനങ്ങള്‍ വഹിച്ച ആളാണ്. ഒരുവിഷയത്തിലും തര്‍ക്കത്തിനില്ലെന്നും സതീശൻ പറഞ്ഞു. വളരെ വേഗത്തില്‍ തീരുമാനങ്ങളെടുക്കാന്‍ കോണ്‍ഗ്രസ് നേതൃത്വത്തിന് കഴിയും. നാളെ ഉച്ച കഴിയുമ്പോള്‍ മന്ത്രിമാരുടെ ലിസ്റ്റ് നല്‍കും. ജനാധിപത്യ പ്രക്രിയയിലൂടെയാണ് തീരുമാനം. അതില്‍ അഭിമാനമുണ്ടെന്നും വിഡി സതീശന്‍ കൂട്ടിച്ചേര്‍ത്തു.