Saturday, April 25, 2026

വയനാട്ടിൽ കൂട്ടയടി: തമിഴ്‌നാട്ടിൽ ഒറ്റക്കെട്ട്: തമിഴ്‌നാട്ടിൽ സിപിഎമ്മിന് വോട്ട് ചോദിച്ച് രാഹുൽ ഗാന്ധി

Spread the love

സ്വന്തം ലേഖകൻ

video
play-sharp-fill

ചെന്നൈ: വയനാട്ടിൽ രാഹുൽ ഗാന്ധിയുടെ സ്ഥാനാർത്ഥിത്വത്തിനെതിരെ സിപിഎം ഘോരഘോരം പോരടിക്കുമ്പോൾ, തൊട്ടപ്പുറത്ത് തമിഴ്‌നാട്ടിൽ സിപിഎമ്മിന് വേണ്ടി വോട്ട് ചോദിച്ച് രാഹുൽ ഗാന്ധി. വയനാട്ടിൽ രാഹുൽ ഗാന്ധിയെ എങ്ങനെയും പരാജയപ്പെടുത്തുമെന്ന് സിപിഎം പറയുമ്പോൾ തമിഴകത്ത് സിപിഎം സ്ഥാനാർഥിക്കായി വോട്ടുപിടിക്കുകയാണ് രാഹുൽ ഗാന്ധി. രാഹുലിനെ കൈകൊടുത്തു സ്വീകരിച്ചും കൈപ്പത്തി ചിഹ്നമുള്ള ബാഡ്ജ് അണിഞ്ഞും മധുരയിലെ സിപിഎം സ്ഥാനാർഥി സു.വെങ്കടേശനും സജീവമായി. കോൺഗ്രസ് -ഡിഎംകെ സഖ്യത്തിന്റെ ഭാഗമായ സിപിഎമ്മും സിപിഐയും മുസ്ലിം ലീഗും ഒരേ വേദിയിൽ അണിനിരന്ന കാഴ്ച മധുരയുടെ സമീപ മണ്ഡലമായ വിരുദുനഗറിൽ.

തൂത്തുക്കുടിയിലേക്കുള്ള ദേശീയ പാതയോരത്തു കോൺഗ്രസ് -സിപിഎം കൊടികൾ ഒരുമയോടെ പാറിപറക്കുന്നതും കാണാമായിരുന്നു. സമ്മേളനത്തിനു പ്രവർത്തകരെത്തിയതു സിപിഎമ്മിന്റെയും കോൺഗ്രസിന്റെയും പതാകകൾ സ്ഥാപിച്ച വാഹനങ്ങളിലായിരുന്നു. അതേസമയം, സിപിഐ ജില്ലാ സെക്രട്ടറി കാളിദാസൻ രാഹുലുമായി വേദി പങ്കിട്ടെങ്കിലും സിപിഎമ്മിന്റെ പ്രമുഖ നേതാക്കളാരും എത്തിയില്ല. വേദിയിൽ സിപിഎമ്മിന്റെ ചിഹ്നമോ കൊടിയോ കണ്ടില്ല. രാഹുൽ ഗാന്ധി, സോണിയാ ഗാന്ധി, എം.കെ.സ്റ്റാലിൻ എന്നിവരുടെ ചിത്രത്തിനൊപ്പം സിപിഎം തമിഴ്‌നാട് സെക്രട്ടറി കെ.ബാലകൃഷ്ണൻ, സിപിഐ സംസ്ഥാനസെക്രട്ടറി ജെ.മുത്തരശൻ, മുസ്‌ലിംലീഗ് അഖിലേന്ത്യാ പ്രസിഡന്റ് ഖാദർ മൊയ്തീൻ എന്നിവരുടെ ചിത്രങ്ങളും വേദിയിൽ ഇടംപിടിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അതേസമയം, രാഹുൽഗാന്ധി പ്രധാനമന്ത്രിയാകുമെന്ന് ഡിഎംകെ അധ്യക്ഷൻ എംകെ സ്റ്റാലിൻ. പ്രതിപക്ഷ സഖ്യത്തിൽ ഭിന്നതയില്ലെന്നും രാഹുൽ ഗാന്ധിക്ക് പിന്തുണ വർധിച്ചുവെന്നും സ്റ്റാലിൻ പറഞ്ഞു.

‘കേരളത്തിലെ സാഹചര്യം വ്യത്യസ്തമാണ്. സംസ്ഥാന അടിസ്ഥാനത്തിലുള്ള നീക്കമാണ് കേരളത്തിൽ നടന്നത്. എന്നാൽ ഇത്തരം സാഹചര്യം പ്രതിപക്ഷ സഖ്യ നീക്കത്തെ ഒരു തരത്തിലും ബാധിക്കില്ല. നരേന്ദ്ര മോദിക്ക് എതിരെ കോൺഗ്രസും ഇടത് പാർട്ടികളും ഒറ്റക്കെട്ടായി പോരാടും’ സ്റ്റാലിൻ പറഞ്ഞു.

തമിഴ്നാട്ടിൽ ഡിഎംകെ – കോൺഗ്രസ് സഖ്യത്തിലാണ് സിപിഎമ്മും അണിചേർന്നത്. തമിഴ്നാട്ടിൽ രണ്ടു സീറ്റിൽ സിപിഎം മൽസരിക്കാനാണ് ധാരണയായിട്ടുള്ളത്.

തമിഴ്നാട് സിപിഎം സംസ്ഥാന സെക്രട്ടറി കെ ബാലകൃഷ്ണനാണ് ഇക്കാര്യം അറിയിച്ചത്.

തമിഴ്നാട്ടിൽ ഡിഎംകെ-കോൺഗ്രസ് സഖ്യത്തിനൊപ്പം ചേർന്ന് മൽസരിക്കാൻ സിപിഐ നേരത്തെ ധാരണയായിരുന്നു. രണ്ട് സീറ്റുകളിലാണ് സിപിഐ മൽസരിക്കുക. ഇതുസംബന്ധിച്ച ധാരണാപത്രം സിപിഐ സംസ്ഥാന സെക്രട്ടറി മുത്തരശനും ഡിഎംകെ അധ്യക്ഷൻ എംകെ സ്റ്റാലിനും നേരത്തെ ഒപ്പുവെച്ചിരുന്നു.