
എന്റെ കണ്ണ് മറിയുന്നു, മയങ്ങിപ്പോകുകയാണ്, എത്രയും വേഗം അടുത്തുള്ള ആശുപത്രിയിലേക്ക് കാര്‍ വിട്ടോ’-ആശുപത്രിയിലേക്കുള്ള യാത്രക്കിടെ വാവ സുരേഷ് പറഞ്ഞു.; ആന്റിവെനം കുത്തിയാല്‍ രക്ഷപ്പെടും; പേടിക്കാനില്ലെന്നും വാവ സുരേഷ്; മെഡിക്കൽ കോളേജിലെ വിദഗ്ദസംഘമാണ് ചികിത്സക്ക് നേതൃത്വം നൽകുന്നത്; വാവ സുരേഷിന്റെ ആരോഗ്യനിലയിൽ നേരിയ പുരോഗതി
സ്വന്തം ലേഖകൻ
കോട്ടയം: കുറിച്ചിയില്‍ പിടികൂടിയ മൂര്‍ഖനെ ചാക്കില്‍ കയറ്റാന്‍ ശ്രമിക്കുന്നതിനിടെയാണ് വാവ സുരേഷിന് കടിയേറ്റത്. കടിയേറ്റിട്ടും പതറാതെ വാവ സുരേഷ് മൂര്‍ഖനെ പ്ലാസ്റ്റിക് ടിന്നിലാക്കിയ ശേഷമായിരുന്നു ആശുപത്രിയിലേക്ക് തിരിച്ചത്. യാത്രക്കിടെയെല്ലാം അദ്ദേഹം സംസാരിച്ചുകൊണ്ടിരുന്നു. ‘എന്റെ കണ്ണ് മറിയുന്നു, മയങ്ങിപ്പോകുകയാണ്, എത്രയും വേഗം അടുത്തുള്ള ആശുപത്രിയിലേക്ക് കാര്‍ വിട്ടോ’-ആശുപത്രിയിലേക്കുള്ള യാത്രക്കിടെ വാവ സുരേഷ് പറഞ്ഞു. എത്ര സമയം കൊണ്ട് ആശുപത്രിയിലെത്തുമെന്നും അദ്ദേഹം ഒപ്പമുള്ളവരോട് ചോദിച്ചുകൊണ്ടിരുന്നു
വലുതുകാലിലെ തുടയിലാണ് വാവ സുരേഷിന് കടിയേറ്റത്. ഏറെ നിമിഷം പാമ്പ് കടിച്ചുപിടിച്ചു. മനസ് പതറാതെ സുരേഷ് പാമ്പിനെ പണിപ്പെട്ട് വലിച്ചെടുത്തു.പിടിവിട്ടപ്പോള്‍ പാമ്പ് നിലത്തേക്കാണ് വീണത്. കാഴ്ചക്കാരായി ഉണ്ടായിരുന്നവര്‍ നാലുപാടും ചിതറിയോടി. ധൈര്യം കൈവിടാതെ വാവസുരേഷ് മൂര്‍ഖനെ വീണ്ടും പിടികൂടി. ചാക്കിനുപകരം ടിന്‍ കിട്ടുമോയെന്ന് നാട്ടുകാരോട് ചോദിച്ചു. ആരോ കൊടുത്ത ടിന്നിലേക്ക് പാമ്പിനെ ഇട്ടശേഷം കാറില്‍ കയറി.
പിടികൂടിയ പാമ്പുമായി താന്‍ വന്ന കാറിലായിരുന്നു വാവയുടെ യാത്ര. എന്നാല്‍ ഇദ്ദേഹത്തിന്റെ ഡ്രൈവര്‍ക്ക് വഴിയറിയാത്തതിനാല്‍ കുറിച്ചി പാട്ടാശേരിയില്‍ നിന്ന് 100 മീറ്റര്‍ കഴിഞ്ഞപ്പോള്‍ പിന്നാലെയുണ്ടായിരുന്ന കാറിലാണ് ആശുപത്രിയിലേക്ക് പോയത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ആന്റിവെനം കുത്തിയാല്‍ രക്ഷപ്പെടും, പേടിക്കാനില്ലെന്നും വാവ പറഞ്ഞു. പിന്നീടാണ് കണ്ണ് മറിയുന്നതായും മയക്കം വരുന്നതായും പറഞ്ഞത്. ഏറ്റവും അടുത്തുള്ള ആശുപത്രിയിലെത്തിക്കാന്‍ പറഞ്ഞതിനാല്‍ കോട്ടയത്തെ സ്വകാര്യ ആശുപത്രിയിലേക്ക് വരികയായിരുന്നു
ഇവിടെ അടിയന്തര ചികിത്സ നല്‍കിയ ശേഷമാണ് മന്ത്രി വി എന്‍ വാസവന്റെ നിര്‍ദേശപ്രകാരം കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ക്രിട്ടിക്കല്‍ ഐസിയുവില്‍ പ്രവേശിപ്പിച്ചത്.
ആശുപത്രിയില്‍ എത്തിക്കുമ്പോള്‍ ഹൃദയത്തിന്റെ പ്രവര്‍ത്തനം 20 ശതമാനം മാത്രമായിരുന്നത് സാധാരണ നിലയിലേക്ക് എത്തിച്ചു. കോട്ടയം മെഡിക്കല്‍ കോളേജ് സൂപ്രണ്ട് ഡോ. ടി കെ ജയകുമാര്‍, കാര്‍ഡിയോളജി വിഭാഗം മേധാവി ഡോ. വി എല്‍ ജയപ്രകാശ്, മെഡിസിന്‍ വിഭാഗം മേധാവി ഡോ. സംഗമിത്ര, ക്രിട്ടിക്കല്‍ കെയര്‍ ഐസിയുവില്‍ പ്രത്യേക പരിശീലനം നേടിയ ഡെപ്യൂട്ടി സൂപ്രണ്ട് ഡോ. രതീഷ്, ന്യൂറോ വിഭാഗത്തിലെ ഡോക്ടര്‍മാര്‍ എന്നിവരടങ്ങിയ സംഘമാണ് ചികിത്സക്ക് നേതൃത്വം നല്‍കിയത്.
വാവ സുരേഷിന്റെ നിലയിൽ നേരിയ പുരോഗതിയുള്ളതായി ആശുപത്രി വൃത്തങ്ങൾ അറിയിച്ചു.