വനിതാ സുഹൃത്തിന്റെ വീട്ടിൽ അർദ്ധ നഗ്നയായി ഓട്ടോഡ്രൈവറായ യുവാവിന്റെ മൃതദേഹം: പൊലീസ് അന്വേഷണത്തിൽ വനിതാ സുഹൃത്ത് പ്രതിയായി; യുവതിയെ പൊലീസ് കസ്റ്റഡിയിൽ എടുത്തു

തേർഡ് ഐ ക്രൈം

തിരുവനന്തപുരം: വനിതാ സുഹൃത്തിന്റെ വീട്ടിൽ രാത്രിയിൽ ഓട്ടോ ഡ്രൈവറായ യുവാവിന്റെ അർദ്ധ നഗ്നമായ മൃതദേഹം കണ്ടെത്തിയ സംഭവം കൊലപാതകം. യുവതിയെ കയറിപ്പിടിക്കാൻ ശ്രമിച്ചപ്പോഴുണ്ടായ പിടിവലിയ്ക്കിടെ യുവാവിന്റെ തല കട്ടിലിൽ ഇടിച്ചാണ് ഇയാൾ മരിച്ചതെന്നാണ് പൊലീസ് നൽകുന്ന സൂചന.

തിരുവനന്തപുരം അഞ്ചലിലാണ് ഓ്‌ട്ടോ ഡ്രൈവറായ യുവാവിന്റെ മൃതദേഹം വനിതാ സുഹൃത്തിന്റെ വീടിനുള്ളിൽ അർദ്ധ നഗ്നമായി കണ്ടെത്തിയത്. ആറ്റിനുകിഴക്കേകര ടിഎസ് ഭവനിൽ ദിനേശിനെ (25)യാണ് കഴിഞ്ഞദിവസം മരിച്ചനിലയിൽ കണ്ടത്. സംഭവത്തിൽ യുവാവിന്റെ സുഹൃത്തായ കുളത്തൂപ്പുഴ ചന്ദനക്കാവ് വടക്കേ ചെറുകര ആലുംപൊയ്കയിൽ രശ്മി നിവാസിൽ രശ്മി (25)യെ കുളത്തൂപ്പുഴ പൊലീസ് അറസ്റ്റ് ചെയ്തു.

പൊലീസ് പറയുന്നത്: യുവതിയുമായി ഏറെനാളായി അടുപ്പത്തിലായിരുന്ന യുവാവ് കഴിഞ്ഞ ദിവസം മറ്റൊരു ഓട്ടോറിക്ഷയിൽ വീട്ടിലെത്തി.കയറിപ്പിടിക്കാൻ ശ്രമിച്ചപ്പോൾ യുവതി എതിർക്കുകയും ശക്തമായി തള്ളിയപ്പോൾ കട്ടിലിൽ തലയടിച്ചുവീണ് മരിക്കുകയായിരുന്നു.

മുറിയിൽവീണ യുവാവിനെ വലിച്ചിഴച്ച് പുറത്തെത്തിക്കാൻ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടതിനെ തുടർന്ന് യുവതി തന്നെയാണ് സംഭവം അയൽവാസികളെ അറിയിക്കുന്നത്.

ഒരാൾ വീട്ടിൽവന്ന് വീണുകിടക്കുന്നു എന്നാണ് യുവതി അറിയിച്ചത്. യുവാവിന്റെ ദേഹത്ത് കൈലിമുണ്ട് മാത്രമേയുണ്ടായിരുന്നുള്ളൂ.
വെള്ളിയാഴ്ച പകൽ 3.30നാണ് യുവാവിനെ മരിച്ചനിലയിൽ കണ്ടെത്തിയത്.

നാട്ടുകാർ അറിയിച്ചതനുസരിച്ച് എത്തിയ കുളത്തൂപ്പുഴ ഇൻസ്‌പെക്ടർ ഗിരീഷിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഭവസമയം വീട്ടിലുണ്ടായിരുന്ന രശ്മിയെ കസ്റ്റഡിയിലെടുത്തിരുന്നു.

വിരലടയാള വിദഗ്ധരെത്തി തെളിവുകൾ ശേഖരിച്ചു.
തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പോസ്റ്റ്‌മോർട്ടംചെയ്ത മൃതദേഹം വീട്ടുവളപ്പിൽ സംസ്‌കരിച്ചു. തലയുടെ പിറകിലേറ്റ ക്ഷതമാണ് മരണകാരണമെന്ന് പ്രാഥമിക നിഗമനം.

വീട്ടിൽ മറ്റാരും ഇല്ലാതിരുന്ന സമയത്തായിരുന്നു സംഭവം. എന്നാൽ, നാട്ടുകാർക്കിടയിൽ ദുരൂഹത മാറിയിട്ടില്ല. തുളസീഭായിയാണ് ദിനേശിന്റെ
അമ്മ.