
16 കോച്ചുകൾ, ഒരേ സമയം 1128 പേര്‍ക്ക് യാത്ര ; രാത്രി യാത്രകള്‍ക്ക് അത്യാധുനിക സൗകര്യങ്ങള്‍ ; ആദ്യ വന്ദേ ഭാരത് സ്ലീപ്പര്‍ ട്രെയിന്‍ സര്‍വീസ് നടത്തുക കേരളത്തിൽ ; തിരുവനന്തപുരത്തിനും മംഗളൂരുവിനും ഇടയിലായിരിക്കും ആദ്യ സര്‍വീസ്
തിരുവനന്തപുരം: ഇന്ത്യന്‍ റെയില്‍വെയുടെ ആദ്യ വന്ദേ ഭാരത് സ്ലീപ്പര്‍ ട്രെയിന്‍ ട്രാക്കിലേറാന്‍ ഒരുങ്ങുമ്പോള്‍ കേരളത്തിന് നേട്ടം. തിരുവനന്തപുരത്തിനും മംഗളൂരുവിനും ഇടയിലായിരിക്കും ആദ്യ വന്ദേ ഭാരത് സ്ലീപ്പര്‍ ട്രെയിന്‍ സര്‍വീസ് നടത്തുക എന്നാണ് റിപ്പോര്‍ട്ടുകള്‍.
ദീര്‍ഘദൂര യാത്രകള്‍ ആധുനികവല്‍ക്കരിക്കുക, റെയില്‍വേ സോണുകള്‍ തമ്മിലുള്ള കണക്റ്റിവിറ്റി വര്‍ദ്ധിപ്പിക്കുക എന്നീ ലക്ഷ്യങ്ങളുടെ ഭാഗമായാണ് പുതിയ വന്ദേ ഭാരത് സ്ലീപ്പര്‍ ട്രെയിനുകള്‍ ട്രാക്കിലേറുന്നത്. ദക്ഷിണ റെയില്‍വേയ്ക്ക് അനുവദിക്കുന്ന 16 കോച്ചുള്ള ട്രെയിന്‍ തിരുവനന്തപുരം – മംഗളൂരു റൂട്ടില്‍ ഓടിക്കുമെന്നാണ് ഒടുവില്‍ പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.
ഇതിന് പുറമെ, തിരുവനന്തപുരം – ബംഗളൂരു, കൊങ്കണ്‍ റൂട്ടില്‍ കന്യാകുമാരി – ശ്രീനഗര്‍ ട്രെയിനുകളും പരിഗണിക്കുന്നുണ്ട്. ഈ ട്രെയിനുകള്‍ കൂടിയെത്തിയാല്‍ കേരളത്തിലെ യാത്ര സൗകര്യങ്ങള്‍ക്കും നേട്ടമാകും. ഇന്ത്യയുടെ വിദൂര നഗരങ്ങള്‍ തമ്മിലുള്ള ഗതാഗതം സുഗമമാക്കുക, ക്രോസ് കണ്‍ട്രി യാത്ര എളുപ്പമാക്കുക എന്നീ ലക്ഷ്യങ്ങളോടെയാണ് പുതിയ ട്രെയിനുകള്‍ സര്‍വീസ് നടത്തുന്നത്. രാജ്യത്തെ വന്‍ നഗരങ്ങള്‍ ബന്ധിപ്പിച്ചുകൊണ്ടുള്ള യാത്ര സുഗമവും വേഗതയേറിയതുമാക്കുക എന്ന ആവശ്യം വര്‍ധിക്കുന്ന സാഹചര്യത്തില്‍ കൂടിയാണ് നടപടി.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ചെന്നൈയിലെ ഇന്റഗ്രല്‍ കോച്ച് ഫാക്റ്ററിയിലാണ് വന്ദേ ഭാരത് സ്ലീപ്പര്‍ കോച്ചുകള്‍ നിര്‍മിക്കുന്നത്. ഭാരത് എര്‍ത്ത് മൂവേഴ്‌സ് ലിമിറ്റഡിനാണ് ഇതിന്റെ ചുമതല. 16 കോച്ചുള്ള വന്ദേ ഭാരത് സ്ലീപ്പറില്‍ ഒരേ സമയം 1128 പേര്‍ക്ക് യാത്ര ചെയ്യാം. പൂര്‍ണമായും എയര്‍ കണ്ടീഷന്‍ ചെയ്തിട്ടുള്ള കോച്ചുകളില്‍ രാത്രിയാത്രയ്ക്ക് ഉതകും വിധത്തിലാണ് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്.
സുഖപ്രഥമായ സ്ലീപ്പിംഗ് ബെര്‍ത്തുകള്‍, വായനയ്ക്കായി പ്രത്യേക ലൈറ്റിങ്ങ്, യാത്രാ വിരങ്ങള്‍ തത്സമയം നല്‍കുന്ന ജിപിഎസ് അധിഷ്ഠിത എല്‍ഇഡി ഡിസ്‌പ്ലേ സിസ്റ്റം, ഭിന്ന ശേഷിക്കാര്‍ക്ക് പ്രത്യേക ബെര്‍ത്തുകള്‍, ടോയ്ലറ്റുകള്‍ തുടങ്ങിയവയും ട്രെയിനിന്റെ സവിശേഷതയാണ്. ഓട്ടോമാറ്റിക് വാതിലുകള്‍, മോഡുലാര്‍ പാന്‍ട്രി, കവച് സുരക്ഷാ സംവിധാനം എന്നിവ അധിക സൗകര്യങ്ങളില്‍ ഉള്‍പ്പെടുന്നു.