കോഴിമാലിന്യവും, ഉപയോഗശൂന്യമായ ക്ലോസറ്റുകളും, കുട്ടികളുടെ ഡയപ്പറുകളും, സാനിറ്ററി നാപ്കിനും അടക്കമുള്ളവ തോട്ടിൽ തള്ളി; പിതൃശൂന്യ പ്രവർത്തി നടത്തിയത് വണ്ടൻപതാൽ തേക്കിൻ കുപ്പിൽ : പ്രതിഷേധവുമായി ജനസൗഹാർദ്ദ വേദി
മുണ്ടക്കയം : കോഴിമാലിന്യവും, ഉപയോഗശൂന്യമായ ക്ലോസറ്റുകളും, കുട്ടികളുടെ ഡയപ്പറുകളും, സാനിറ്ററി നാപ്കിനും അടക്കമുള്ളവ ആയിരക്കണക്കിന് ആളുകൾ ഉപയോഗിക്കുന്നതും പ്രദേശത്തെ പ്രധാന ജലസ്രോതസ്സുമായ വണ്ടൻപതാൽ തേക്കിൻ കൂപ്പിലെ തോട്ടിൽ തള്ളി.
വണ്ടൻപതാൽ ഫോറസ്റ്റ് സ്റ്റേഷനിൽ നിന്ന് മീറ്ററുകൾ മാത്രം മാറിയാണ് മാലിന്യങ്ങൾ തള്ളിയിരിക്കുന്നത്. ഉപയോഗശൂന്യമായ വസ്തുക്കൾ രാത്രിയുടെ മറവിൽ വാഹനങ്ങളിലെത്തി ആളൊഴിഞ്ഞ ഭാഗത്ത് തള്ളുകയാണ്.
ഫോറസ്റ്റ് സ്റ്റേഷനിൽ ചെക്ക് പോസ്റ്റ് ഉണ്ടെങ്കിലും 24 മണിക്കൂറും ചെക്ക് പോസ്റ്റ് തുറന്നിടുകയാണ് ചെയ്യുന്നത്. ഇതു മൂലമാണ് ഇത്തരത്തിലുള്ള തോന്ന്യവാസങ്ങൾ നടക്കുന്നത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
കോരുത്തോട് പഞ്ചായത്തിൻ്റെ അധീനതയിലുള്ള പ്രദേശത്ത് മാലിന്യം നിക്ഷേപിക്കുന്നത് ശിക്ഷാർഹം എന്ന ബോർഡ് മാത്രം കാണാം. ഫോറസ്റ്റ് അധികാരികൾ ചെക്ക്പോസ്റ്റിൽ രാത്രികാല പരിശോധന നടത്തിയാൽ മാലിന്യം നിക്ഷേപിക്കുന്നത് തടയാവുന്നതാണ്.
നൂറ് കണക്കിന് നാട്ടുകാർ ശുദ്ധജലത്തിന് ബുദ്ധിമുട്ടുന്ന സമയത്ത് ഇത്തരം പ്രവർത്തികൾ ചെയ്യുന്ന സാമൂഹികവിരുദ്ധരുടെ വാഹനങ്ങൾ പിടിച്ചെടുത്താൽ മാലിന്യം വലിച്ചെറിയുന്നത് ഒഴിവാക്കാൻ സാധിക്കുമെന്ന് വണ്ടൻപതാൽ ജന സൗഹാർദ്ധ വേദി ഭാരവാഹികൾ പറഞ്ഞു.
അധികാരികളുടെ ഭാഗത്തുനിന്ന് ഉചിതമായ നടപടികൾ ഉണ്ടാകാത്തപക്ഷം ശക്തമായ പ്രതിഷേധം ഉണ്ടാകുമെന്ന് ഭാരവാഹികൾ അറിയിച്ചു.