‘വിലങ്ങുകൾക്ക് ജാമ്യം നല്‍കി പ്രണയം’; ജോലിയിൽ മാത്രമല്ല ഇനി ജീവിതത്തിലും ഇവര്‍ ഒരുമിച്ച് സല്യൂട്ടടിക്കും; വലിയതുറയിലെ എസ്.ഐ ദമ്പതിമാരായ അഭിലാഷിന്റെയും അലീനയുടെയും കഥ ഇങ്ങനെ..
സ്വന്തം ലേഖിക
തിരുവനന്തപുരം: പ്രണയത്തിന് തടസമായി നിന്ന ധാരാളം കാര്യങ്ങളെ അതിജീവിച്ച് വലിയതുറ സ്റ്റേഷനിലെ പ്രിന്‍സിപ്പല്‍ എസ്.ഐ. അഭിലാഷ് മോഹനനും ക്രൈം എസ്.ഐ. അലീനാ സൈറസും ജീവിതത്തിലും ഇനി ഒരുമിച്ച് മുന്നോട്ട് നീങ്ങും.
ജോലിയുടെ ഭാഗമായിട്ടായിരുന്നു അവര്‍ പരസ്പരം കാണുകയും സംസാരിക്കുകയും ചെയ്തിരുന്നത്. കേസുകള്‍ കൈകാര്യം ചെയ്യുന്നതിലും അവ അന്വേഷിച്ച് കൃത്യമായ റിപ്പോര്‍ട്ട് തയ്യാറാക്കുന്നതിലുമൊക്കെ പുലര്‍ത്തിയിരുന്ന സമാനതകള്‍ ഇരുവരെയും കൂടുതല്‍ അടുപ്പിച്ചു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
അലീന പ്രകടിപ്പിക്കുന്ന പക്വതയും ഉത്തരവാദിത്വവുമാണ് അലീനയെ തന്റെ ജീവിതത്തിന്റെ ഭാഗമാക്കാന്‍ ആഗ്രഹിച്ചതെന്ന് എസ്.ഐ. അഭിലാഷ് പറഞ്ഞു. 2019 ലാണ് ജോലിയില്‍ പ്രവേശിച്ചത്. പേയാട് അഭിലാഷ് ഭവനില്‍ ഗവണ്‍മെന്റ് പ്രസില്‍ നിന്ന് വിരമിച്ച മോഹനന്റെയും അനിതകുമാരിയുടെയും മകനാണ്.
വെട്ടുതുറ അലീന ഹൗസില്‍ മത്സ്യത്തൊഴിലാളിയായ സൈറസിന്റെയും അല്‍ഫോണ്‍സിയയുടെയും മകളാണ് അലീന. 2018-ലാണ് അലീന ജോലിയില്‍ പ്രവേശിച്ചത്. പത്തനംതിട്ട സ്റ്റേഷനില്‍ നിന്നായിരുന്നു വലിയതുറ സ്റ്റേഷനിലെത്തിയത്. ജോലിയോടുള്ള അഭിലാഷിന്റെ ആത്മാര്‍ഥതയും പോസിറ്റീവ് നിലപാടുകളും തന്നെ ആകര്‍ഷിച്ചുവെന്ന് അലീന പറഞ്ഞു.
ജൂലായ് 14-ന് മലയിന്‍കീഴ് രജിസ്ട്രാര്‍ ഓഫീസിലായിരുന്നു വിവാഹം. “രാവിലെ 11-ന് ഞങ്ങള്‍ വിവാഹിതരായി. രജിസ്ട്രാഫീസില്‍ കൊടുക്കേണ്ട അപേക്ഷയിലെ ഫോട്ടോ മേലുദ്യോഗസ്ഥനായ അസിസ്റ്റന്റ് കമ്മിഷണര്‍ ഡി.കെ.പൃഥ്വിരാജാണ് സാക്ഷ്യപ്പെടുത്തിയത്. വിവാഹക്കാര്യം പറഞ്ഞപ്പോള്‍ ആദ്യം അദ്ദേഹവും ഞെട്ടി. ആശംസകള്‍ അറിയിച്ചശേഷം സന്തോഷത്തോടെ ഒപ്പിട്ടുതന്നു”- അലീന പറഞ്ഞു.