സ്‌കൂളുകളിൽ കളക്ഷൻ ബിന്നുകൾ: ജില്ലാതല ഉദ്ഘാടനം ഒക്ടോബർ മൂന്നിന്

സ്വന്തം ലേഖകൻ

കോട്ടയം: മാലിന്യം തരംതിരിച്ച് സംസ്‌ക്കരിക്കേണ്ടതിൻറെ ആവശ്യകത സംബന്ധിച്ച് കുട്ടികളിൽ അവബോധം സൃഷ്ടിക്കുന്നതിന് സ്‌കൂളുകളിൽ കളക്ഷൻ ബിന്നുകൾ സ്ഥാപിക്കുന്ന കളക്ടേഴ്‌സ് അറ്റ് സ്‌കൂൾ പദ്ധതിക്ക് ഒക്ടോബർ മൂന്നിന് തുടക്കമാകും.

വൈക്കം സത്യാഗ്രഹ മെമ്മോറിയൽ സ്‌കൂളിൽ രാവിലെ 10ന് ജില്ലാ കളക്ടർ പി. കെ. സുധീർ ബാബു ഉദ്ഘാടനം നിർവഹിക്കും. നഗരസഭാ ചെയർമാൻ പി. ശശിധരൻ അധ്യക്ഷത വഹിക്കും. ശുചിത്വമിഷൻ ജില്ലാ കോ-ഓർഡിനേറ്റർ ഫിലിപ്പ് ജോസഫ് പദ്ധതി വിശദീകരിക്കും.

വൈസ് ചെയർപേഴ്‌സൺ എസ്. ഇന്ദിരാദേവി ശുചിത്വ പ്രതിജ്ഞ ചൊല്ലികൊടുക്കും. ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷൻ ബിജു കണ്ണേഴത്ത് സ്വാഗതവും പ്രിൻസിപ്പാൾ കെ. വി പ്രദീപ് കുമാർ നന്ദിയും പറയും.

ശുചിത്വ മിഷൻ നടപ്പാക്കുന്ന പദ്ധതിയുടെ ആദ്യഘട്ടത്തിൽ ജില്ലയിലെ മൂന്ന് സ്‌കൂളുകളെയാണ് തിരഞ്ഞെടുത്തിട്ടുളളത്. പെറ്റ് ബോട്ടിൽ, ഹാർഡ് ബോട്ടിൽസ്, പാൽ കവർ, പേപ്പർ എന്നീ വസ്തുക്കൾ സംഭരിക്കുന്നതിനുള്ള ബിന്നുകളാണ് സ്ഥാപിക്കുന്നത്.

ഇവ എല്ലാ മാസവും ഒന്നാമത്തെയും മൂന്നാമത്തെയും ബുധനാഴ്ചകളിൽ വിദ്യാർത്ഥികൾ വഴി ശേഖരിച്ച് അടുത്തദിവസം ഹരിതകർമ്മസേനയ്‌ക്കോ പാഴ് വസ്തു വ്യാപാരികൾക്കോ കൈമാറും.