
കോഴിക്കോട്: വടകര പുതിയ ബസ് സ്റ്റാന്‍ഡില്‍ പ്രവര്‍ത്തിക്കുന്ന എംആര്‍എ ഹോട്ടലില്‍ നിന്നും കക്കൂസ് മാലിന്യം ഉള്‍പ്പെടെയുള്ള മലിന ജലം നഗരസഭയുടെ ഡ്രൈനേജിലേക്ക് ഒഴുക്കി വിട്ടതായി കണ്ടെത്തി. നഗരസഭ ആരോഗ്യ വിഭാഗം രാവിലെ നടത്തിയ പരിശോധനയിലാണ് ശുചിമുറി മാലിന്യം ഓടയിലേക്ക് തുറന്നു വിട്ടതായി കണ്ടെത്തിയത്. തുടര്‍ന്ന് അരലക്ഷം രൂപ പിഴ ചുമത്തുകയും സ്ഥാപനത്തിന്‍റെ പ്രവര്‍ത്തനം നിര്‍ത്തിവെപ്പിക്കുകയും ചെയ്തു. 48 മണിക്കൂറിനകം നിലവിലുള്ള മലിനജലം ഉള്‍പ്പെടെയുള്ള മാലിന്യങ്ങള്‍ നീക്കം ചെയ്യാന്‍ കര്‍ശന നിര്‍ദേശവും നല്‍കിയിട്ടുണ്ട്.
പുതിയ ബസ് സ്റ്റാന്‍ഡിലെ പൊതു ശൗചാലയത്തില്‍ നിന്നും മലിനജലം പുറത്തേക്ക് ഒഴുക്കിയത് കണ്ടെത്തിയതിനെ തുടര്‍ന്ന് ഇത് പരിഹരിച്ചിരുന്നു. എന്നാല്‍ അതിന് ശേഷവും ഡ്രൈനേജിലേക്ക് ശുചിമുറി മാലിന്യം ഉള്‍പ്പെടെ വീണ്ടും ഒഴുകി എത്തുന്നത് ശ്രദ്ധയില്‍പ്പെട്ടതോടെയാണ് കൂടുതല്‍ പരിശോധന നടത്തിയത്.
എംആര്‍എ ഹോട്ടലിന്‍റെ പിറക് വശത്തെ കോണ്‍ക്രീറ്റ് സ്ലാബ് ഉള്‍പ്പെടെ മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് നീക്കി പരിശോധന നടത്തിയപ്പോള്‍ കക്കൂസ് മാലിന്യം പുറത്തേക്ക് ഒഴുക്കുന്നതായി കണ്ടെത്തുകയായിരുന്നു. മതിയായ മാലിന്യ പരിപാലന സംവിധാനം ഏര്‍പ്പെടുത്തിയാല്‍ മാത്രമെ ഹോട്ടലിന് തുടര്‍ന്ന് പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കുകയുള്ളൂവെന്ന് അധികൃതര്‍ പറഞ്ഞു. 6500 ലിറ്ററിലധികം മാലിന്യമാണ് നഗരസഭ ഇടപെട്ട് ഇവിടെ നിന്നും മാറ്റിയത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
അനധികൃതമായി നിര്‍മിച്ച മൂന്ന് ശുചിമുറികള്‍ പൊളിച്ചു മാറ്റുകയും ചെയ്തിരുന്നു. വരും ദിവസങ്ങളിലും പരിശോധന തുടരുമെന്നും ഏതെങ്കിലും സ്ഥാപനത്തില്‍ നിന്നും മലിന ജലം പുറത്തേക്ക് ഒഴുക്കുന്നത് ശ്രദ്ധയില്‍പ്പെട്ടാല്‍ കര്‍ശന നടപടി സ്വീകരിക്കുമെന്നും അധികൃതര്‍ പറഞ്ഞു.







