
മലപ്പുറം: കേരളത്തെ നടുക്കിയ വാല്‍പ്പാറ വാഹനാപകടത്തില്‍ മരിച്ച ഒന്‍പതുപേരുടെയും സംസ്കാരം ഇന്ന് നടക്കും.
പോസ്റ്റ്‍മോര്‍ട്ടത്തിനുശേഷം മൃതദേഹങ്ങളുമായി ആംബുലന്‍സുകള്‍ പൊള്ളാച്ചിയില്‍ നിന്ന് പെരിന്തല്‍മണ്ണയിലേക്ക് പുറപ്പെട്ടു. രാവിലെ ഒന്‍പതോടെ പാങ്ങ് അമ്പലപ്പറമ്പ് ഗവ. ഹയര്‍സെക്കന്‍ഡറി സ്കൂള്‍ വളപ്പില്‍ പൊതുദര്‍ശനം ആരംഭിക്കും. ഒരു മണിക്കൂറായിരിക്കും സ്കൂളില്‍ പൊതുദര്‍ശനമുണ്ടാകുക.
ഇതിനുശേഷമായിരിക്കും സംസ്കാര ചടങ്ങുകള്‍ നടക്കുക. പ്രത്യേക ഉത്തരവ് ഇറക്കി പോസ്റ്റ് മോർട്ടം രാത്രിതന്നെ നടത്തുകയായിരുന്നു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
അര്‍ധരാത്രി 12ഓടെ ആരംഭിച്ച പോസ്റ്റ്‍മോര്‍ട്ടം പുലര്‍ച്ചെ നാലോടെയാണ് പൂര്‍ത്തിയായത്. തുടര്‍ന്ന് ഒന്‍പത് ആംബുലന്‍സുകളിലായി നാട്ടിലേക്ക് കൊണ്ടുപോവുകയായിരുന്നു. പാങ്ങ് അമ്പലപ്പറമ്പ് ഗവ. ഹയർസെക്കണ്ടറി സ്‌കൂള്‍ വളപ്പില്‍ പൊതുദര്‍ശനത്തിനുള്ള ക്രമീകരണങ്ങള്‍ ഒരുക്കിയിട്ടുണ്ട്.
വാല്‍പ്പാറ അപകടത്തില്‍ ഏഴു സ്ത്രീകളും ഒരു കുട്ടിയും ഉള്‍പ്പെടെ ഒൻപത് പേരാണ് അപകടത്തില്‍ മരിച്ചത്. പള്ളിപ്പറമ്പ് ഗവ.എല്‍പി സ്‌കൂളിലെ പ്രധാനാധ്യാപിക പി അജിത(54) മൃതദേഹം പൊതുദര്‍ശനത്തിനുശേഷം ആദ്യം പുലാമന്തോളിലെ വീട്ടിലേക്ക് കൊണ്ടുപോകും. തുടര്‍ന്ന് ഷൊർണ്ണൂരിലാണ് സംസ്കാര ചടങ്ങുകൾ.
അധ്യാപിക റംലത്തിന്‍റെ (52) സംസ്കാരം പാങ്ങ് ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ നടക്കും. അധ്യാപിക സുഹറയുടെയും (43) മകൻ ഹിഷാമിന്‍റെയും (12) സംസ്കാരം ഈസ്റ്റ് പാങ്ങ് മസ്ജിദ് ഖബര്‍സ്ഥാനില്‍ നടക്കും. അധ്യാപിക ആശയുടെ (41) മൃതദേഹം പൊതുദര്‍ശനത്തിനുശേഷം കൊളത്തൂരിലെ വീട്ടിലേക്ക് കൊണ്ടുപോകും. തുടര്‍ന്ന് സംസ്കാരം നടക്കും.
അധ്യാപകനായ അബ്ദുല്‍ മജീദിന്‍റെയും (43) ഭാര്യ റുഖിയയുടെയും (39) സംസ്കാരം മാട്ടാത്ത് ഖബര്‍സ്ഥാനില്‍ നടക്കും. സ്‌കൂള്‍ പാചകത്തൊഴിലാളി സാജിതയുടെ (45) സംസ്കാരം പാങ്ങ് ജുമാ മസ്ജിദ് ഖബ്ർ സ്ഥാനില്‍ നടക്കും.
പള്ളിപ്പറമ്പ് ഗവ. എല്‍പി സ്കൂളിന് അടുത്തുള്ള ജിയുപി സ്കൂളിലെ അദ്ധ്യാപിക ഷക്കീനയുടെ (37) സംസ്കാരം പാങ്ങ് ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ നടക്കും. ഷക്കീന അടുത്തിടെയാണ് എല്‍പി സ്കൂളില്‍ നിന്ന് യുപി സ്കൂളിലേക്ക് മാറിയത്.



