യു പി യിൽ ഉത്തരക്കടലാസില്‍ ‘ജയ് ശ്രീറാം’എഴുതിവച്ച വിദ്യാർത്ഥികളെ ജയിപ്പിച്ചു : 2 പ്രൊഫസർമാരെ സസ്‌പെൻഡ് ചെയ്തു

യു പി യിൽ ഉത്തരക്കടലാസില്‍ ‘ജയ് ശ്രീറാം’എഴുതിവച്ച വിദ്യാർത്ഥികളെ ജയിപ്പിച്ചു : 2 പ്രൊഫസർമാരെ സസ്‌പെൻഡ് ചെയ്തു

ലക്‌നൗ: ഉത്തർപ്രദേശ് സർവകലാശാലയിലെ ‘ജയ് ശ്രീറാം’ മുദ്രാവാക്യം ഉത്തരക്കടലാസില്‍ എഴുതിവച്ചു വിദ്യാർത്ഥികളെ ജയിപ്പിച്ചതായി പരാതി.

 

സർക്കാരിന്റെ കീഴില്‍ പ്രവർത്തിക്കുന്ന ജോൻപൂരിലെ വീർ ബഹാദുർ സിംഗ് പൂർവാഞ്ചല്‍ സർവകലാശാലയിലാണ് സംഭവം നടന്നത്. ഒന്നാംവർഷ വിദ്യാർത്ഥികളാണ് പരീക്ഷാപേപ്പറില്‍ ‘ജയ് ശ്രീറാം’ എന്നും ക്രിക്കറ്റ് താരങ്ങളുടെ പേരും, പാട്ടിന്റെ വരികളും എഴുതിവച്ചത്. ക്രമക്കേടില്‍ പരാതി ഉയർന്നതിന് പിന്നാലെ പണം വാങ്ങി വിദ്യാർത്ഥികള്‍ക്ക് മാർക്ക് നല്‍കി ജയിപ്പിച്ച രണ്ട് പ്രൊഫസർമാരെ സസ്‌പെൻഡ‌് ചെയ്തു. പൂജ്യം മാർക്ക് വരെ ലഭിച്ച വിദ്യാർത്ഥികളെ കോളേജ് അധികൃതരുടെ സഹായത്തോടെ 60 ശതമാനത്തിലധികം മാർക്ക് നല്‍കി ജയിപ്പിച്ചതായി വിദ്യാർത്ഥി നേതാവ് ദിവ്യാൻഷു സിംഗ് പ്രധാനമന്ത്രി, മുഖ്യമന്ത്രി, ഗവർണർ തുടങ്ങിയവർക്ക് അയച്ച കത്തില്‍ പരാതിപ്പെടുന്നു.

 

പരാതികള്‍ക്ക് പിന്നാലെ കമ്മിറ്റി രൂപീകരിച്ച്‌ നടത്തിയ അന്വേഷണത്തില്‍ ചില വിദ്യാർത്ഥികള്‍ക്ക് കൂടുതല്‍ മാർക്ക് നല്‍കിയിരിക്കുന്നതായി കണ്ടെത്തിയതായി വൈസ് ചാൻസലർ വന്ദന സിംഗ് പറഞ്ഞു. എന്നാല്‍ ജയ് ശ്രീറാം മുദ്രാവാക്യങ്ങളുള്ള ഉത്തരക്കടലാസുകള്‍ കണ്ടിട്ടില്ലെന്നും വി സി വ്യക്തമാക്കി. സംഭവത്തില്‍ അന്വേഷണം നടത്തി നടപടിയെടുക്കാൻ രാജ് ഭവൻ വിസിക്ക് നിർദേശം നല്‍കി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

 

ഡോ. വിനയ് ശർമ്മ, മനീഷ് ഗുപ്‌ത എന്നീ അദ്ധ്യാപകരെയാണ് സസ്‌പെൻഡ് ചെയ്തത്. ക്രമക്കേടില്‍ ഉള്‍പ്പെട്ടവരെ ജോലിയില്‍ നിന്ന് പിരിച്ചുവിടാൻ കമ്മിറ്റി ശുപാർശ നല്‍കിയതായും തിരഞ്ഞെടുപ്പ് ചട്ടങ്ങള്‍ മാറിയതിനുശേഷം ഇതിനുള്ള നടപടികള്‍ സ്വീകരിക്കുമെന്നും വി സി വ്യക്തമാക്കി.