ഉപതെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഇന്ന് കൊട്ടിക്കലാശം ; ജാതിയും മതവും ശബരിമലയും പറഞ്ഞ് മുന്നണികൾ
സ്വന്തം ലേഖകൻ
തിരുവനന്തപുരം: സംസ്ഥാനത്തെ അഞ്ച് നിയമസഭാ മണ്ഡലങ്ങളിലേക്കുള്ള ഉപതെരഞ്ഞെടുപ്പിന്റെ പരസ്യ പ്രചാരണം ഇന്ന് അവസാനിക്കും. രാവിലെ മുതൽ വിവിധ പഞ്ചായത്തുകൾ കേന്ദ്രീകരിച്ച് സ്ഥാനാർത്ഥികൾ പര്യടനം നടത്തി. വൈകീട്ട് പ്രമുഖരെ അണിനിരത്തിയുള്ള റോഡ്ഷോകളോട് കൂടിയാണ് പ്രചാരണത്തിന്റെ കലാശക്കൊട്ട്. ഞായറാഴ്ചയിലെ നിശബ്ദ പ്രചാരണം കഴിഞ്ഞ് തിങ്കളാഴ്ചയാണ് വോട്ടെടുപ്പ്.
മറ്റേത് മണ്ഡലത്തിലുമില്ലാത്ത തരത്തിൽ പിരിമുറുക്കത്തിലേക്കാണ് വട്ടിയൂർക്കാവിലെ തെരഞ്ഞെടുപ്പ് പ്രചരണത്തിന്റെ പോക്ക്. ആദ്യ ഘട്ടത്തിലെ പ്രചരണ മുൻതൂക്കം എൽ.ഡി.എഫിന് നഷ്ടപ്പെട്ടു. കഴിഞ്ഞ മൂന്ന് ദിവസങ്ങളിലായി യു.ഡി.എഫ് പ്രചരണത്തിൽ ഒപ്പത്തിനൊപ്പമെത്തി. എൻ.എസ്.എസ് പിന്തുണ ആദ്യ ഘട്ടത്തിൽ യു.ഡി.എഫിന് ആവേശമായെങ്കിൽ അതിനെതുടർന്നുണ്ടായ വിവാദം അപ്രതീക്ഷിതമായി.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഈഴവ, ക്രിസ്ത്യൻ, മുസ്ലീം വോട്ടുകൾ അനുകൂലമാക്കാനാണ് എൽ.ഡി.എഫ് ശ്രമം. 72000 ത്തോളം വരുന്ന എൻ.എസ്എ.സ് വോട്ടുകളിൽ മൂന്നിൽ രണ്ട് അനുകൂലമായാൽ തന്നെ വിജയം ഉറപ്പിക്കാമെന്നാണ് കോൺഗ്രസ് കണക്കുകൂട്ടൽ. കഴിഞ്ഞ തവണ കിട്ടിയതിൽ ഒരു വിഭാഗം വോട്ടുകൾ കുറഞ്ഞാൽ പോലും കഴിഞ്ഞ തവണ ബി.ജെ.പിക്ക് പോയ മുന്നാക്ക വോട്ട് തിരിച്ചുവരുന്നതോടെ അത് പരിഹരിക്കാൻ കഴിയുമെന്നാണ് യു.ഡി.എഫ് കരുതുന്നത്. സ്ഥാനാർഥിയുടെ ജനകീയതയും മണ്ഡലത്തിലെ പുതിയ സാഹചര്യവും വിജയമൊരുക്കുമെന്നാണ് എൽ.ഡി.എഫ് പ്രതീക്ഷ. പ്രചരണത്തിന്റെ അവസാനദിവസം രമേശ് ചെന്നിത്തല, ശശിതരൂർ, കെ. മുരളീധരൻ തുടങ്ങിയ നേതാക്കളും സിനിമാതാരം ജഗദീഷും അണിനിരക്കുന്ന മെഗാറോഡ് ഷോയാണ് യു.ഡി.എഫ് ഒരുക്കിയിരിക്കുന്നത്.
വിശ്വാസത്തിൽ പ്രതീക്ഷ വെച്ച ബിജെപിക്ക് എൻഎസ്എസ് നിലപാടിൽ അങ്കലാപ്പുണ്ടെങ്കിലും ഓർത്തഡോക്സ് സഭയിൽ നിന്നും കിട്ടിയത് അപ്രതീക്ഷിത പിന്തുണയാണ്.
ത്രികോണ മത്സരത്തിലേക്ക് നീങ്ങുന്ന കോന്നി ഉപതെരഞ്ഞെടുപ്പിൽ സാമുദായിക വോട്ടുകളും നിർണ്ണായകമാവും. ജാതിയും മതവും ശബരിമലയും പറഞ്ഞാണ് മുന്നണികൾ പ്രചരണം നടത്തിയതെങ്കിലും ഈ വോട്ടുകളുടെ ഏകീകരണമാവും വിജയിയെ നിർണ്ണയിക്കുന്നതിൽ പ്രധാന ഘടനമാവുക.
ലോക്‌സഭ തെരഞ്ഞെടുപ്പിൽ കോന്നിയിൽ മുന്നേറ്റം നടത്താൻ കഴിഞ്ഞതാണ് എൻ.ഡി.എ യുടെ വിജയ പ്രതീക്ഷ .ഓർത്തഡോക്‌സ് വിഭാഗത്തിന്റെ പിന്തുണ തങ്ങൾക്ക് ലഭിക്കുമെന്നാണ് എൻ.ഡി.എ യുടെ വിലയിരുത്തൽ.
പരസ്യ പ്രചരണം അവസാനിക്കാൻ മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കെ അരൂരിൽ പോരാട്ടം ഉച്ഛസ്ഥായിയിലായിരുന്നു. കോൺഗ്രസിന്റെ ശക്തി കേന്ദ്രങ്ങളിലാണ് യുഡിഎഫിന്റെ പ്രചാരണം. അതേസമയം ഉപതെരഞ്ഞെടുപ്പുകളിൽ എൽഡിഎഫ് അട്ടിമറി ജയം നേടിയ ചരിത്രമാണ് എറണാകുളത്തിന്. ഇത്തവണയും അത് ആവർത്തിക്കുമെന്ന് എൽഡിഎഫിന്റെ കണക്കുകൂട്ടൽ.