
യൂണിയന്‍ നേതാക്കള്‍ ആവശ്യപ്പെട്ട നോക്കുകൂലി 13000; പണം നല്‍കാന്‍ വിസമ്മതിച്ചതിന് പ്രതികാരമായി ക്രൂരമര്‍ദ്ദനം; സൂപ്പര്‍വെസറും ഡ്രൈവറും തൊഴിലാളികളും ആശുപത്രിയില്‍; ലൈഫ് പദ്ധതി പ്രകാരമുള്ള വീടുനിര്‍മ്മാണത്തിനും തടസ്സം നിന്ന് യൂണിയന്‍കാര്‍
സ്വന്തം ലേഖകന്‍
ആലപ്പുഴ: അമ്പലപ്പുഴ വടക്ക് പഞ്ചായത്ത് ഏഴാം വാര്‍ഡില്‍ ലൈഫ് പദ്ധതി പ്രകാരം വീടുനിര്‍മ്മാണം നടക്കുന്ന സ്ഥലത്തെത്തിയ യൂണിയന്‍ നേതാക്കന്മാരുടെ അക്രമണത്തില്‍ നിരവധി പേര്‍ക്ക് പരിക്ക്. ഇവര്‍ ആവശ്യപ്പെട്ട നോക്കുകൂലിയായ 13000 രൂപ കരാറുകാരന്‍ നല്‍കാതിരുന്നതിനെത്തുടര്‍ന്ന് സൂപ്പര്‍വൈസര്‍മാരെ അടക്കം മര്‍ദ്ദിക്കുകയും 25,000 രൂപ തട്ടിയെടുക്കുകയും ചെയ്തു.
സൂപ്പര്‍വൈസര്‍മാരായ റെജി കുമാര്‍ (42), അര്‍ജുന്‍ (22), ഡ്രൈവര്‍മാരായ നിയാസ് (35), മഹേഷ് (35), തൊഴിലാളിയായ സതീഷ് (40) എന്നിവര്‍ക്കാണ് മര്‍ദ്ദനമേറ്റത്. 25 ഓളം വരുന്ന യൂണിയന്‍ തൊഴിലാളികളാണ് മര്‍ദ്ദിച്ചതെന്ന് അമ്പലപ്പുഴ പൊലീസില്‍ കരാറുകാരന്‍ നല്‍കിയ പരാതിയില്‍ പറയുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group

10 തൊഴിലാളികളുടെ കൂലിയായ 13,000 രൂപ നോക്കുകൂലിയായി നല്‍കണമെന്നാണ് തൊഴിലാളികളുടെ പ്രതിനിധികളായെത്തിയ രണ്ടു നേതാക്കള്‍ ആവശ്യപ്പെട്ടത്. നോക്കുകൂലി പ്രശ്‌നത്തില്‍ കഴിഞ്ഞ രണ്ടു ദിവസമായി നിര്‍മ്മാണം തടസപ്പെട്ടതിനെ തുടര്‍ന്ന് കരാറുകാരന്‍ ലേബര്‍ ഓഫീസില്‍ പരാതി നല്‍കിയിരുന്നു.
ഇന്നലെയാണ് വാര്‍പ്പ് നടന്നത്. ലേബര്‍ ഓഫീസര്‍ അമ്ബലപ്പുഴ പൊലീസില്‍ കത്ത് നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ പൊലീസ് നിര്‍ദ്ദേശപ്രകാരമാണ് ഇന്നലെ പണി തുടങ്ങിയത്. പ്രതികളെ കണ്ടെത്താന്‍ അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു.