യുഡിഎഫ് പിൻതുണച്ചു: ഇടത് സ്വതന്ത്രൻ ഈരാറ്റുപേട്ടയിൽ നഗരസഭ ചെയർമാൻ
സ്വന്തം ലേഖകൻ
ഈരാറ്റുപേട്ട: ഇനിശ്ചിതത്വങ്ങൾക്കും രാഷ്ട്രീയ നാടകങ്ങൾക്കുമൊടുവിൽ ഈരാറ്റുപേട്ട നഗരസഭ ഭരണം യുഡിഎഫ് പിടിച്ചു. ഈരാറ്റുപേട്ട നഗരസഭയിൽ സിപിഎം ചെയർമാനെ സി.പിഎം തന്നെ പുറത്താക്കിയതോടെയാണ് യുഡിഎഫിനു ഭരണം ലഭിച്ചത്. യുഡിഎഫ് പിൻതുണയോടെ എൽഡിഎഫ് സ്വതന്ത്രൻ വി.കെ കബീറാണ് ചെയർമാൻ സ്ഥാനത്തേയ്ക്കു മത്സരിച്ച വിജയിച്ചത്. സിപിഎം അംഗമായിരുന്ന മുൻ ചെയർമാൻ ടി.എം റെഷീദ് നേരത്തെ പാർട്ടിയുടെ അപ്രീതിയ്ക്കു പാത്രമായിരുന്നു. ഇതേ തുടർന്നാണ് ഇദ്ദേഹത്തിനു സ്ഥാനം നഷ്ടമായത്. ഇതിനു പിന്നാലെ നടന്ന തിരഞ്ഞെടുപ്പിലാണ് ഇപ്പോൾ ഇടത് സ്വതന്ത്രൻ തന്നെ വിജയിച്ചത്. 14 യുഡിഎഫ് അംഗങ്ങൾ കബീറിനെ പിൻതുണച്ച് രംഗത്ത് എത്തി.
28 അംഗ നഗരസഭയിൽ യുഡിഎഫിന് 11 അംഗങ്ങളാണ് ഉള്ളത്. ഈ പതിനൊന്ന് അംഗങ്ങളും ജനപക്ഷത്തിന്റെ മൂന്ന് അംഗങ്ങളും തിരഞ്ഞെടുപ്പിൽ വി.സി കബീറിനെ പിൻതുണച്ച് രംഗത്ത് എത്തി. എട്ട് ലീഗ് അംഗങ്ങളും മൂന്നു കോൺഗ്രസ് അംഗങ്ങളുമാണ് യുഡിഎഫിനുള്ളത്. സിപിഎം ഏഴ്്് , സിപഐ രണ്ട് , എസ്.ഡി.പി.ഐ നാല് എന്നിങ്ങനെയാണ് ഈരാറ്റുപേട്ട നഗരസഭയിലെ കക്ഷിനില.
ഗുരുതരായ അഴിമതി ആരോപണങ്ങളിൽ കുടുങ്ങിയ മുൻ ചെയർമാൻ ടി.എം റെഷീദിന്റെ പാർട്ടി അംഗത്വം നേരത്തെ സിപിഎം പുതുക്കിയിരുന്നില്ല. റഷീദിനെ പുറത്താക്കാനുള്ള യുഡിഎഫ് നീക്കത്തെ രഹസ്യമായി പിൻതുണച്ച സിപിഐയും സിപിഎമ്മും നേരത്തെ അവിശ്വാസ പ്രമേയ വോട്ടെടുപ്പിൽ നിന്നു വിട്ടു നിൽക്കുകയും ചെയ്തിരുന്നു. സിപിഎമ്മിന്റെ ഏക സ്വതന്ത്രന്റെ വോട്ടിന്റെ ബലത്തിലാണ് അന്ന് ടി.എം റെഷീദിനെ ചെയർമാൻ സ്ഥാനത്തു നിന്നും പുറത്താക്കിയത്. ഇതിനു ശേഷം നടന്ന തിരഞ്ഞെടുപ്പിൽ ഇതേ സ്വതന്ത്രനെ തന്നെ കോൺഗ്രസ് യുഡിഎഫ് പിൻതുണയോടെ ചെയർമാനാക്കുകയായിരുന്നു.