play-sharp-fill
മലര്‍ന്ന് കിടന്ന് തുപ്പിയ റോസക്കുട്ടിയും പിസി ചാക്കോയും ഉള്‍പ്പെടെയുള്ളവര്‍  മറന്നു പോയ രാഷ്ട്രീയ ഭൂതകാലം;സീറ്റ് കിട്ടാത്തതിൻ്റെ പേരിൽ മൊട്ടയടിക്കാതെ തന്നെ മുടികൊഴിഞ്ഞ കുര്യന്‍ ജോയിയും, തെന്നല ബാലകൃഷ്ണപിള്ളയും മുതല്‍ ഉപരാഷ്ട്രപതി സ്ഥാനം വാഗ്ദാനം ചെയ്തിട്ടും താമരക്കുളത്തിൽ  ചാടാത്ത പിജെ കുര്യന്‍ വരെയുള്ളവരാണ് ഈ പാര്‍ട്ടിയുടെ നട്ടെല്ല്; എല്ലാം നേടിയ ശേഷം നിര്‍ണ്ണായക സമയത്ത് കോണ്‍ഗ്രസിനെ കൈവിട്ടവര്‍

മലര്‍ന്ന് കിടന്ന് തുപ്പിയ റോസക്കുട്ടിയും പിസി ചാക്കോയും ഉള്‍പ്പെടെയുള്ളവര്‍ മറന്നു പോയ രാഷ്ട്രീയ ഭൂതകാലം;സീറ്റ് കിട്ടാത്തതിൻ്റെ പേരിൽ മൊട്ടയടിക്കാതെ തന്നെ മുടികൊഴിഞ്ഞ കുര്യന്‍ ജോയിയും, തെന്നല ബാലകൃഷ്ണപിള്ളയും മുതല്‍ ഉപരാഷ്ട്രപതി സ്ഥാനം വാഗ്ദാനം ചെയ്തിട്ടും താമരക്കുളത്തിൽ ചാടാത്ത പിജെ കുര്യന്‍ വരെയുള്ളവരാണ് ഈ പാര്‍ട്ടിയുടെ നട്ടെല്ല്; എല്ലാം നേടിയ ശേഷം നിര്‍ണ്ണായക സമയത്ത് കോണ്‍ഗ്രസിനെ കൈവിട്ടവര്‍

ബാലചന്ദ്രൻ

കല്‍പ്പറ്റ: 1991 ലെ തെരഞ്ഞെടുപ്പ് കാലം. ഭരണം തിരിച്ച് പിടിക്കാനുറപ്പിച്ച് ഐക്യജനാധിപത്യ മുന്നണി കയ്‌മെയ് മറന്ന് തെരഞ്ഞെടുപ്പ് കളത്തിലിറങ്ങി. സുല്‍ത്താന്‍ ബത്തേരിയില്‍ ഇടത് മുന്നണി സ്ഥാനാര്‍ത്ഥി വര്‍ഗീസ് വൈദ്യര്‍ക്കെതിരെ മത്സരിക്കാന്‍ കരുത്തുറ്റ നേതാവ് തന്നെ വേണം. കോണ്‍ഗ്രസ് ഒറ്റക്കെട്ടായി വയനാട്ടിലെ ഒരു നേതാവിനെ സ്ഥാനാര്‍ത്ഥിയായി ഉറപ്പിച്ചു, റോസക്കുട്ടി ടീച്ചര്‍. സുല്‍ത്താന്‍ ബത്തേരിയില്‍ നിന്ന് 2,506 വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ തെരഞ്ഞെടുക്കപ്പെട്ട റോസക്കുട്ടി, എംഎല്‍എയായി നിയമസഭയില്‍ എത്തി.

പിന്നീട് മഹിളാ കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി, കെപിസിസി എക്‌സിക്യൂട്ടീവ് അംഗം, എഐസിസി അംഗം, കോണ്‍ഗ്രസ് രാഷ്ട്രീയകാര്യ സമിതി അംഗം തുടങ്ങി വനിതാ കമ്മിഷന്‍ അധ്യക്ഷ സ്ഥാനം വരെ കോണ്‍ഗ്രസിനുള്ളില്‍ നിന്ന് സ്വന്തമാക്കിയ റോസക്കുട്ടി ടീച്ചറാണ് കല്‍പ്പറ്റയില്‍ ടി സിദ്ദിഖിന് സീറ്റ് നല്‍കിയതില്‍ പ്രതിഷേധിച്ച് ഇന്നലെ കോണ്‍ഗ്രസില്‍ നിന്ന് പടിയിറങ്ങി ശ്രീമതി ടീച്ചര്‍ കൊടുത്ത മധുരം നുണഞ്ഞ് ഇടത് മുന്നണിയിക്കൊപ്പം പോയത്. കൂടാതെ ശ്രേയാംസ് കുമാര്‍ ഉള്‍പ്പെടെയുള്ള വയനാട്ടിലെ മൂന്ന് മണ്ഡലങ്ങളിലും ഇടതുപക്ഷ സ്ഥാനാര്‍ത്ഥികള്‍ക്കായി പ്രചാരണത്തിനിറങ്ങുമെന്നും അവര്‍ വ്യക്തമാക്കി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കോണ്‍ഗ്രസില്‍ നിന്ന് നേരിട്ട ‘കടുത്ത അവഗണന’യെത്തുടര്‍ന്ന് കോണ്‍ഗ്രസ് ഉപേക്ഷിച്ച് എന്‍സിപിയില്‍ ചേര്‍ന്ന പിസി ചാക്കോയും റോസക്കുട്ടി ടീച്ചറില്‍ നിന്നും വ്യത്യസ്തനല്ല. 1980 ല്‍ പിറവം എം എല്‍ എ, 1991 ല്‍ തൃശൂര്‍ എം പി, 1996 ല്‍ മുകുന്ദപുരം എം പി, 1998 ല്‍ ഇടുക്കി എം പി, 2009 ല്‍ തൃശൂര്‍ എം പി, 2014 ല്‍ മത്സരിച്ചേങ്കിലും തോറ്റു. 1970 മുതല്‍ 1973 വരെ യൂത്ത് കോണ്‍ഗ്രസിന്റെ സംസ്ഥാന പ്രസിഡന്റ്,1973-1975 കാലഘട്ടത്തില്‍ സംഘടനയുടെ ദേശീയ ജനറല്‍ സെക്രട്ടറി,1975 മുതല്‍ 1979 വരെ കെ.പി.സി.സിയുടെ ജനറല്‍ സെക്രട്ടറി തുടങ്ങിയ കടുത്ത ‘അവഗണനകളാണ്’ ഐക്യജനാധിപത്യ മുന്നണി പിസി ചാക്കോയ്ക്ക് നല്‍കിയത്.

മോദിയെ പ്രകീര്‍ത്തിച്ചതിന് സിപിഎം പുറത്താക്കിയ അബ്ദുള്ളക്കുട്ടിക്കും അഭയം നല്‍കിയത് കോണ്‍ഗ്രസാണ്. കോണ്‍ഗ്രസ് എംഎല്‍എയായി രാഷ്ട്രീയ ജീവിതം തുടരുമ്പോഴും ചോറ് ഇവിടെയും കൂറ് ബിജെപിയിലും ആയിരുന്നു അബ്ദുള്ളക്കുട്ടിക്ക്. പിന്നീട് ഒരു സുപ്രഭാതത്തില്‍ ബിജെപി നാഷണല്‍ വൈസ് പ്രസിഡന്റായി സ്ഥാനമേറ്റ അബ്ദുള്ളക്കുട്ടിയെയാണ് കേരളം കാണുന്നത്. കോണ്‍ഗ്രസില്‍ നിന്നും സ്ഥാനമാനങ്ങള്‍ വേണ്ടുവോളം കിട്ടിയിട്ടും താമരക്കുളത്തിലേക്ക് ചാടിയ അബ്ദുള്ളക്കുട്ടി ഇന്ത്യന്‍ രാഷ്ട്രീയത്തിലെ അത്ഭുതക്കുട്ടിയായ് തുടരുകയാണ്.

കെപിസിസി ജനറല്‍ സെക്രട്ടറിയായിരുന്ന വിജയന്‍ തോമസ് സീറ്റ് ലഭിച്ചില്ല എന്ന ഒറ്റക്കാരണത്താലാണ് ബിജെപിയില്‍ ചേര്‍ന്നത്. എഐസിസി ജനറല്‍ സെക്രട്ടറിയായിരുന്ന ടോം വടക്കനും നേടേണ്ടതെല്ലാം നേടിയ ശേഷം കോണ്‍ഗ്രസ് പ്രസ്ഥാനത്തെ തള്ളിപ്പറഞ്ഞ് താമരക്കുളത്തില്‍ ചാടി.

മുന്‍മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ പന്തളം സുധാകരന്റെ അനുജനും യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വൈസ്പ്രസിഡന്റുമായിരുന്ന പന്തളം പ്രതാപന്‍ സ്ഥാനാര്‍ത്ഥിപ്പട്ടികയില്‍ ഇടം നേടിയില്ലെന്ന ഒറ്റ കാരണത്താല്‍ മണിക്കൂറുകള്‍ക്കുള്ളിലാണ് താമരക്കുളത്തില്‍ പോയി ചാടിയത്.

അമ്പത് ആണ്ടുകള്‍ക്ക് മുന്‍പ് കെഎസ് യുവിന്റെ പ്രതാപകാലത്ത് ജില്ലാ പ്രസിഡന്റ്, തുടര്‍ന്ന് യൂത്ത് കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ്, പിന്നീട് കോട്ടയത്തെ കിരീടം വയ്ക്കാത്ത രാജാവ് പി എസ് ജോണ്‍ കെ എസ് യു
പ്രസിഡന്റ് ആയിരിക്കുമ്പോള്‍ പീരുമേട്, ഉടുംമ്പുംചോല ഉള്‍പ്പെടുന്ന കോട്ടയം ഡിസിസിയുടെ ഏക ജനറല്‍ സെക്രട്ടറി . പല പ്രാവിശ്യമായി 22 കൊല്ലക്കാലം കോട്ടയം ഡിസിസിയുടെ അമരക്കാരന്‍, ഇപ്പോള്‍ അഖിലേന്ത്യാ കോണ്‍ഗ്രസ് കമ്മറ്റി അംഗം എന്നീ പദവികള്‍ വഹിക്കുന്ന കുര്യന്‍ ജോയിയാണ് ജില്ലയില്‍ നിന്ന് മന്ത്രിപദത്തില്‍ ആദ്യമെത്തേണ്ടിയിരുന്നത്. 76ാം വയസ്സിലും പ്രസ്ഥാനത്തെ നെഞ്ചിലേറ്റി ജീവിക്കുന്ന കുര്യന്‍ ജോയിക്ക് പരാതികളോ പരിഭവങ്ങളോ ഇല്ല.

കഴിഞ്ഞ ആഴ്ച നവതി ആഘോഷിച്ച തെന്നല ബാലകൃഷ്ണപിള്ളയെപ്പോലെ സ്ഥാനമോഹികളല്ലാത്ത യഥാര്‍ത്ഥ കോണ്‍ഗ്രസുകാര്‍ക്ക് ഇന്നും ഈ പ്രസ്ഥാനം ജീവനാണ്. തിരുവനന്തപുരം എംജി കോളേജില്‍ പഠിക്കുന്ന കാലം മുതല്‍ കോണ്‍ഗ്രസിനെ നെഞ്ചിലേറ്റിയ ബാലകൃഷ്ണപിള്ള കെപിസിസിയുടെ എക്കാലത്തെയും മികച്ച പ്രസിഡന്റുമാരില്‍ ഒരാളായിരുന്നു.

ഓപ്പറേഷന്‍ താമരയുടെ ഭാഗമായി നരേന്ദ്രമോദി നേരിട്ട് വിളിച്ച് ഉപരാഷ്ട്രപതി സ്ഥാനം വാഗ്ദാനം ചെയ്തുവെന്ന മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പി. ജെ കുര്യന്റെ വെളിപ്പെടുത്തല്‍ ഞെട്ടലോടെയാണ് കേരളം കേട്ടത്. ബിജെപിയില്‍ ചേര്‍ന്നാല്‍ ലഭിക്കുമായിരുന്ന സ്ഥാനമാനങ്ങള്‍ വേണ്ടെന്ന് വയ്ക്കാന്‍ ഒരു നിമിഷം പോലും ആലോചിക്കേണ്ടി വന്നില്ല അദ്ദേഹത്തിന്. കണ്ട് വളര്‍ന്നതും വിശ്വസിച്ചതും നെഞ്ചിലേറ്റിയതും ഐക്യജനാധിപത്യ മുന്നണിയെയാണ്. മരണംവരെ ആ പ്രസ്ഥാനത്തില്‍ തന്നെ ഉറച്ച് വിശ്വസിക്കും എന്നാണ് പിജെ കുര്യന്‍ വെളിപ്പെടുത്തിയത്.

കുറഞ്ഞ കാലയളവിനുള്ളില്‍ കോണ്‍ഗ്രസില്‍ നിന്ന് എല്ലാം നേടിയവരാണ് നിര്‍ണ്ണായക സമയത്ത് കോണ്‍ഗ്രസിനെ കൈവിട്ടത്. കുര്യന്‍ ജോയിയെയും തെന്നല ബാലകൃഷ്ണപിള്ളയെയും പോലെ സ്ഥാന മോഹികളല്ലാത്ത നേതാക്കളും പ്രസ്ഥാനത്തെ കൈവെള്ളയില്‍ കൊണ്ടുനടക്കുന്ന അണികളും കോടിക്കണക്കിന് ജനാധിപത്യ വിശ്വാസികളുമാണ് കോണ്‍ഗ്രസ് പാര്‍ട്ടിയുടെ നട്ടെല്ല്. കോണ്‍ഗ്രസ് ഇല്ലാത്ത ഇന്ത്യയും കേരളവും എത്ര ഭീകരമായിരിക്കുമെന്ന ഒറ്റ ചിന്ത മതി ഈ പ്രസ്ഥാനത്തിനൊപ്പം നില്‍ക്കേണ്ട അനിവാര്യത ഓര്‍മ്മിപ്പിക്കാന്‍.

 

Tags :