മാണി സാറിന് ആദരവ്: ആർപ്പു വിളികളും ആഘോഷവും ഒഴിവാക്കി തോമസ് ചാഴികാടന്റെ തിരഞ്ഞെടുപ്പ് പ്രചാരണം

മാണി സാറിന് ആദരവ്: ആർപ്പു വിളികളും ആഘോഷവും ഒഴിവാക്കി തോമസ് ചാഴികാടന്റെ തിരഞ്ഞെടുപ്പ് പ്രചാരണം

Spread the love

സ്വന്തം ലേഖകൻ

കോട്ടയം: രാഷ്ട്രീയ ഗുരുനാഥന്റെ വേർപ്പാടിൽ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ആഘോഷം പൂർണമായി ഒഴിവാക്കി യു ഡി എഫ് സ്ഥാനാർത്ഥി തോമസ് ചാഴികാടൻ. കെ.എം മാണിയുടെ നിര്യാണത്തിന് മുൻപ് വരെ ആഘോഷമായി നടന്നിരുന്ന പ്രചാരണം ഇനി കെ.എം മാണി സ്മൃതി യാത്രയായി മാറും. ഇന്നലെ ഏറ്റുമാനൂർ, നീണ്ടൂർ എന്നിവിടങ്ങളിൽ നടന്ന പ്രചാരണം അക്ഷരാർത്ഥത്തിൽ കെ.എം മാണിയ്ക്കുള്ള ഓർമ്മ പുതുക്കലായി. ഇന്നലെ രാവിലെ പാലായിലെ പള്ളിയിലെത്തി കെ.എം മാണിയുടെ സ്മൃതി മണ്ഡപത്തിൽ പൂക്കൾ അർപ്പിച്ച് പ്രാർത്ഥിച്ചായിരുന്നു യുഡിഎഫ് സ്ഥാനാർത്ഥി തോമസ് ചാഴികാടന്റെ പ്രചാരണ പ്രവർത്തനങ്ങൾ ആരംഭിച്ചത്. കെ.എം മാണി സാറിന്റെ വീട്ടിലെത്തി കുടുംബാംഗങ്ങളുമായി ദുഖം പങ്കുവയ്ക്കാനും അദേഹം സമയം ചിലവഴിച്ചു. നീണ്ടൂരിൽ നിന്നും ആരംഭിച്ച പ്രചാരണത്തിന്റെ ആദ്യം കെ.എം മാണിയുടെ ചിത്രത്തിൽ പുഷ്പാർച്ചന നടത്തിയാണ് തുടങ്ങിയത്.തുടർന്ന് ഒരു മിനിറ്റ് കെ.എം മാണിയുടെ സ്മരണകൾക്ക് മുന്നിൽ മൗനം ആചരിച്ചു. തുടർന്ന് ആർപ്പൂക്കര , അയ്മനം , അതിരമ്പുഴ , ഏറ്റുമാനൂർ മണ്ഡലങ്ങളിലെ വിവിധ കേന്ദ്രങ്ങളിൽ തോമസ് ചാഴികാടൻ തുറന്ന വാഹനത്തിൽ പ്രചാരണത്തിനായി എത്തി. യാത്രയിൽ ഉടനീളം പ്രവർത്തകരും സാധാരണക്കാരും അനുസ്മരിച്ചത് കെ.എം മാണിയുടെ വികസന സ്വപ്നങ്ങളും , കേരളത്തെ കൈ പിടിച്ചുയർത്തിയ വികസന പദ്ധതികളുമായിരുന്നു.
തന്റെ ജീവിതത്തിൽ ഏറ്റവും അവസാനം കേരള കോൺഗ്രസ് എം ചെയർമാൻ കെ.എം മാണി എടുത്ത നിർണ്ണായക തീരുമാനം കോട്ടയം പാർലമെന്റ് മണ്ഡലത്തിൽ തോമസ് ചാഴികാടന്റെ സ്ഥാനാർത്ഥിത്വമായിരുന്നു. ഈ തീരുമാനം തന്നെയാണ് സ്ഥാനാർത്ഥിയായ തോമസ് ചാഴികാടന്റെ കരുത്തും. പാർലമെന്റ് മണ്ഡലത്തിലെ ആവേശം കൊള്ളുന്ന തിരഞ്ഞെടുപ്പ് പോരാട്ടത്തിൽ ഇക്കുറി ചാഴികാടന് കരുത്തേകുക കെ എം മാണിയുടെ ജ്വലിക്കുന ഓർമ്മകളാകും. ഇന്നലെ നീണ്ടൂരിലും , ഏറ്റുമാനൂരിലും എത്തിയ സ്ഥാനാർത്ഥിയെ സ്വീകരിക്കാൻ സ്ത്രീകളും കുട്ടികളും അടക്കം നൂറുകണക്കിന് ആളുകളാണ് എത്തിച്ചേർന്നത്.ഇവരുടെയെല്ലാം കണ്ണുകൾ കെ.എം മാണിയുടെ ഓർമ്മയിൽ വിങ്ങിപ്പൊട്ടുകയായിരുന്നു. ഈ ദീപ്തമായ ഓർമ്മകൾ തന്നെയാണ് ഇക്കുറി ചാഴികാടന്റെ കരുത്തും.
ഏപ്രിൽ 13 ശനിയാഴ്ച രാവിലെ ഏഴരയ്ക്ക് പിറവം നിയോജക മണ്ഡലത്തിലെ ഇടയ്ക്കാട്ട് വയൽ ചെത്തിക്കോട്ട് നിന്നാണ് പ്രചാരണ പ്രവർത്തനങ്ങൾ ആരംഭിക്കുക. ആർപ്പും ആരവവും പൂർണമായും ഒഴിവാക്കി കെ.എം മാണിയുടെ ഛായാചിത്രത്തിന് മുന്നിൽ തിരി തെളിച്ച് പുഷ്പാർച്ചന നടത്തിയാവും പ്രചാരണ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിയ്ക്കുക. തുടർന്ന് രാമമംഗലം , എടയ്ക്കാട്ട് വയൽ , പിറവം നഗരസഭ , മണീട് പഞ്ചായത്തുകളിലാണ് സ്ഥാനാർത്ഥി ഇന്ന് പ്രചാരണം നടത്തുക.