യു.ഡി.എഫിനോടു പത്തു ചോദ്യങ്ങളുമായി ജോസ് കെ.മാണി വിഭാഗം; ചിഹ്നവും പാർട്ടിയും ലഭിച്ചില്ലായിരുന്നുവെങ്കിൽ എന്താകുമായിരുന്നു യു.ഡി.എഫ് നിലപാട്; കുട്ടനാട് തിരഞ്ഞെടുപ്പ് അടുത്തിരിക്കെ യു.ഡി.എഫിനെ വെട്ടിലാക്കി ജോസ് കെ.മാണി

തേർഡ് ഐ പൊളിറ്റിക്‌സ്

കോട്ടയം: കുട്ടനാട് ഉപതിരഞ്ഞെടുപ്പ് അടുത്തിരിക്കെ ജോസ് കെ.മാണി വിഭാഗത്തെ ഒപ്പം നിർത്താൻ പരിശ്രമിക്കുന്ന യു.ഡി.എഫിനു വൻ തിരിച്ചടി നൽകി പത്തു ചോദ്യങ്ങളുമായി ജോസ് കെ.മാണി വിഭാഗം. കെ.എം മാണിയ്‌ക്കെതിരായി നടത്തിയ ഗൂഡാലോചന മുതൽ, ജോസ് കെ.മാണിയെയും പാർട്ടിയെയും തകർക്കാൻ നടത്തിയ ശ്രമങ്ങൾ വരെ ഉൾപ്പെടുത്തി പത്ത് ചോദ്യങ്ങളാണ് ഇപ്പോൾ കേരള കോൺഗ്രസ് എം പുറത്തിറക്കിയിരിക്കുന്നത്. ഈ ചോദ്യങ്ങൾക്കുള്ള ഉത്തരങ്ങൾ അക്ഷരാർത്ഥത്തിൽ യു.ഡി.എഫിനെയും കോൺഗ്രസിനെയും ഒരു പോലെ വെട്ടിലാക്കുന്നതാണ്.

തങ്ങളുടെ നിലപാടിൽ ഉറച്ചു നിന്നുകൊണ്ടു പോരാട്ടത്തിനു തയ്യാറെടുക്കുകയാണ് ജോസ് കെ.മാണി വിഭാഗം എന്ന സൂചന നൽകുന്നതാണ് ഇപ്പോൾ പുറത്തു വരുന്ന ഈ ചോദ്യങ്ങൾ.

ചോദ്യങ്ങൾ ഇങ്ങനെ –
1) രണ്ടില ചിഹ്നം മരവിപ്പിച്ചിരുന്നുവെങ്കിൽ മൂന്നാം തീയതിയിലെ യുഡിഎഫ് യോഗം നിങ്ങൾ മാറ്റിവെക്കു മായിരുന്നോ? അതോ യോഗം കൂടി കേരള കോൺഗ്രസ് എമ്മിനെയും ജോസ് കെ മാണിയെയും നിങ്ങൾ യൂഡിഎഫിൽ നിന്നും പുറത്താക്കുകയില്ലായിരുന്നോ?

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

2) ഇലക്ഷൻ കമ്മീഷൻ വിധിക്കുശേഷം ജോസഫിനെ തള്ളി പറയുന്ന നിങ്ങൾ പാലാ ഇലക്ഷനിൽ രണ്ടില ചിഹ്നം കേരള കോൺഗ്രസ് എം സ്ഥാനാർഥിക്ക് വാങ്ങി നൽകാതിരുന്നതിൽ യുഡിഎഫിന് തെറ്റുപറ്റിയെന്ന് പരസ്യമായി ഏറ്റുപറയാൻ തയ്യാറുണ്ടോ?

3) കേരള കോൺഗ്രസ് എം പാർട്ടി ജോസ് കെ മാണിയുടെ നേതൃത്വത്തിൽ ഒന്നേയുള്ളൂ എന്ന ഇലക്ഷൻ കമ്മീഷൻ വിധിയോടു കൂടി കോട്ടയം ജില്ലാ പഞ്ചായത്ത് പ്രശ്‌നം കേരള കോൺഗ്രസ് പാർട്ടിക്കുള്ളിലെ ഒരു ആഭ്യന്തര പ്രശ്‌നം മാത്രമായിരുന്നു എന്ന് വ്യക്തമായ സ്ഥിതിക്ക് കേരള കോൺഗ്രസ് പാർട്ടിയിക്കുള്ളിലെ വിഷയത്തിൽ ഇടപെട്ട യുഡിഎഫ് നേതൃത്വം തെറ്റുപറ്റി എന്ന് ഏറ്റു പറയാൻ തയ്യാറുണ്ടോ?

4) ഇല്ലാത്ത തകരാർ ഉണ്ട് എന്ന് പറഞ്ഞുകൊണ്ട് കെ എം മാണി സാറിന്റെ പാർട്ടിയുടെ ആഭ്യന്തര വിഷയത്തിൽ ഇടപെട്ട കോൺഗ്രസ് നേതൃത്വം, നാളെ കെപിസിസി പ്രസിഡണ്ട് ആവാൻ ആരാവണം എന്ന് കേരള കോൺഗ്രസും മുസ്ലിം ലീഗും പോലുള്ള പാർട്ടികൾ തീരുമാനിച്ചു പറഞ്ഞാൽ അത് അംഗീകരിക്കുവാൻ തയ്യാറാകുമോ?

5) യുഡിഎഫിന്റെ എല്ലാമെല്ലാമായിരുന്ന കെ എം മാണിസാറിന്റെ പാർട്ടിയെയും മകനെയുമടക്കം അവരുടെ വിഷമ ഘട്ടത്തിൽ തള്ളിപ്പറഞ്ഞ യുഡിഎഫ് ചെയർമാൻ രമേശ് ചെന്നിത്തലയേയും ഒരു തെരുവു ഗുണ്ടയുടെ ധാർഷ്ഠ്യത്തോടെ കേരള കോൺഗ്രസിനെ യൂഡിഎഫിൽ നിന്നും പുറത്താക്കിയ യുഡിഎഫ് കൺവീനർ ബെന്നി ബഹനാനെയും തൽസ്ഥാനത്തു നിന്നും നീക്കുവാൻ യുഡിഎഫ് തയ്യാറാണോ?

6) ഇലക്ഷൻ കമ്മീഷൻ വിധിയോടുകൂടി ഒരു രാഷ്ട്രീയ പാർട്ടി പോലും അല്ലാതായി മാറിയ, യുഡിഎഫിൽ ഘടകകക്ഷി പോലുമല്ലാത്ത കേരള കോൺഗ്രസ് വിമത വിഭാഗമായ ജോസഫിനെയും കൂട്ടരെയും യുഡിഎഫിൽ നിന്നും പുറത്താക്കാൻ നിങ്ങൾ തയ്യാറാണോ?

7) ചെങ്ങന്നൂർ ഉപതിരഞ്ഞെടുപ്പ് സമയത്ത് കേരള കോൺഗ്രസ് എം പാർട്ടി യുഡിഎഫിലേക്ക് മടങ്ങിവരുമ്പോൾ, കെ എം മാണിസാറുമായി യൂഡിഎഫ് ഉണ്ടാക്കിയ കരാർ പ്രകാരമുള്ള 18 നിയമസഭാമണ്ഡലങ്ങൾ കേരള കോൺഗ്രസ് എമ്മിന് നൽകി കരാർ പാലിക്കാൻ നിങ്ങൾ തയ്യാറുണ്ടോ?

8) കുളമാവിൽ പട്ടയം റദ്ദാക്കപ്പെട്ട പിജെ ജോസഫിന്റെ സ്വന്തക്കാരുടെ ഗ്രീൻബർഗ് റിസോർട്ട് സംരക്ഷണത്തിനായി കർഷകരുടെ പേരിൽ നടത്തപ്പെടുന്ന സമര പ്രഹസനങ്ങളിൽ പങ്കെടുത്ത യുഡിഎഫ് നേതാക്കന്മാരെ തള്ളിപ്പറയാൻ യുഡിഎഫ് തയ്യാറുണ്ടോ?

9) പലവട്ടം അന്വേഷിച്ചിട്ടും തെളിവില്ല എന്ന് കണ്ടെത്തിയ ബാർ കോഴ ആരോപണം ഉപയോഗിച്ച് കെഎം മാണി സാറിനെ പീഡിപ്പിച്ച അന്നത്തെ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല മാപ്പുപറയാൻ തയ്യാറുണ്ടോ?

10) കഴിഞ്ഞ രാജ്യസഭാ ഇലക്ഷനിൽ കേരള കോൺഗ്രസ് എം പാർട്ടിയോടോ പാർട്ടി ചെയർമാൻ ജോസ് കെ മാണിയോടോ ഒന്ന് ആലോചിക്കുക പോലും ചെയ്യാതെ സ്ഥാനാർത്ഥിയെ നിർത്തുകയും കേരള കോൺഗ്രസ് എമ്മിന്റെ എംഎൽഎമാരോട് വോട്ട് പോലും ചോദിക്കാതെയിരുന്നിട്ട് ഇലക്ഷന് ശേഷം യുഡിഎഫ് സ്ഥാനാർഥിക്ക് വോട്ടു ചെയ്തില്ല എന്ന കള്ളപ്രചരണം നടത്തിയത് തെറ്റായിപ്പോയി എന്ന് ഏറ്റു പറയുവാൻ യുഡിഎഫ് നേതൃത്വം തയ്യാറാണോ?