‘നോട്ട് റെസ്പോണ്ടിങ്’ ; ഫോൺ വിളിക്കുന്നത് നാടിന്റെ കാര്യങ്ങൾക്കാണ്, വ്യക്തിപരമായ ആവശ്യത്തിനല്ല; ഒരു മന്ത്രി വിളിച്ചാൽ ഫോണെടുക്കുന്നില്ലെന്ന പരാതിയുമായി യു. പ്രതിഭ എംഎൽഎ പൊതുവേദിയിൽ

സ്വന്തം ലേഖകൻ

തിരുവനന്തപുരം: പല തവണ വിളിച്ചാലും തനിക്ക് അടുപ്പം ഉള്ള ഒരു മന്ത്രി ഫോൺ എടുക്കുന്നില്ല എന്ന പരാതിയുമായി കായംകുളം എംഎൽഎ യു പ്രതിഭ. പൊതു ചടങ്ങിൽ മന്ത്രി വി.ശിവൻകുട്ടിയെ സാക്ഷി നിർത്തിയായിരുന്നു എംൽഎയുടെ പരാതി.

എന്നാൽ ശിവൻകുട്ടി അങ്ങനെ അല്ലെന്നും എപ്പോൾ വിളിച്ചാലും തിരിച്ചു വിളിക്കുന്ന മന്ത്രിയാണെന്നും അതിന് നന്ദിയുണ്ടെന്നും എംൽഎ പറഞ്ഞു. പലതവണ വിളിച്ചിട്ടും ഫോൺ എടുക്കുന്നില്ലെന്ന പ്രതിഭയുടെ പരാതി ഒളിയമ്പാണെന്നും വിമർശനമുണ്ട്.

വ്യക്തിപരമായ കാര്യങ്ങൾ പറയാനല്ല, നാടിന്റെ ആവശ്യങ്ങൾക്കാണ് താൻ വിളിക്കുന്നത് എന്ന് ആ മന്ത്രി മനസിലാക്കണമെന്നും പ്രതിഭ ആവശ്യപ്പെട്ടു. എന്നാൽ ഫോൺ എടുക്കാത്ത മന്ത്രി ആരെന്ന് എംഎൽഎ പ്രസംഗത്തിൽ പറഞ്ഞില്ല.