പാലാ ബിഷപ്പ് കളങ്കമില്ലാത്ത ക്രൈസ്തവ – മുസ്ലിം സ്നേഹം കാണണം; ഈ ബന്ധത്തെ പാലാ ബിഷപ്പ് ഏത് ജിഹാദിലാണാവോ ഉൾപ്പെടുത്തുക?; പച്ച കലർന്ന ചുവപ്പിലെ വരികൾ പങ്ക് വച്ച് കെ. ടി ജലീൽ

പാലാ ബിഷപ്പ് കളങ്കമില്ലാത്ത ക്രൈസ്തവ – മുസ്ലിം സ്നേഹം കാണണം; ഈ ബന്ധത്തെ പാലാ ബിഷപ്പ് ഏത് ജിഹാദിലാണാവോ ഉൾപ്പെടുത്തുക?; പച്ച കലർന്ന ചുവപ്പിലെ വരികൾ പങ്ക് വച്ച് കെ. ടി ജലീൽ

Spread the love

സ്വന്തം ലേഖകൻ

മലപ്പുറം: പാലാ ബിഷപ് കളങ്കമില്ലാത്ത ക്രൈസ്തവ – മുസ്ലിം സ്നേഹം കാണണമെന്ന ആഹ്വാനവുമായി കെ. ടി. ജലീൽ. ജലീൽ എഴുതിക്കൊണ്ടിരിക്കുന്ന അരനൂറ്റാണ്ടിൻ്റെ കഥ പറയുന്ന “പച്ച കലർന്ന ചുവപ്പ്” എന്ന പുസ്തകത്തിൽ നിന്നുള്ള ഭാഗം ഫേസ്ബുക്കിൽ പങ്ക് വച്ചാണ്‌ ജലീലിന്റെ പ്രതികരണം. ഈ ബന്ധത്തെ ബിഷപ് ഏത് ജിഹാദിൽ ഉൾപ്പെടുത്തുമെന്നും അദ്ദേഹം ചോദിച്ചു.

കുറിപ്പ് വായിക്കാം:-

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

“ഞങ്ങളുടെ നാട്ടിൽ ക്രൈസ്തവ കുടുംബങ്ങൾ വളരെ കുറവാണ്. വളാഞ്ചേരിയിൽ സ്റ്റേഷനറി കച്ചവടക്കാരായി എത്തിയ ഏതാനും ക്രൈസ്തവ സഹോദരങ്ങളെ പറ്റി നേരത്തേ കേട്ടിരുന്നു. ടൗണിൽ തുണിക്കച്ചവടം നടത്തിയിരുന്ന ഉപ്പക്ക് ഇവരുമായുള്ള അടുത്ത ബന്ധം അവരുടെ കടകളിലേക്ക് സാധനങ്ങൾ വാങ്ങാൻ പോകുന്ന അവസരങ്ങളിൽ മനസ്സിലാക്കുകയും ചെയ്തിരുന്നു. സ്നേഹത്തോടെയുള്ള അവരുടെ പെരുമാറ്റം ചെറുപ്പത്തിലേ ഹൃദയത്തെ സ്പർശിച്ചു. മുതിർന്നപ്പോഴാണ് അവരുമായി കൂടുതൽ സൗഹൃദത്തിലായത്. ഉപ്പാൻ്റെ തലമുറയിലെ ആ ഗണത്തിൽ പെടുന്ന ഏതാണ്ടെല്ലാവരും മരണപ്പെട്ടു. ഇപ്പോൾ അവരുടെ പിൻതലമുറക്കാരാണ് വളാഞ്ചേരിയിലുള്ളത്.

കാലങ്ങളായി എനിക്ക് വളരെ അടുപ്പമുള്ള കുടുംബമാണ് ഡോ: ജിമ്മി ജോസഫിൻ്റേത്. തൃശൂർ മിഷൻ ഹോസ്പിറ്റലിൻ്റെ സമീപമാണ് അദ്ദേഹത്തിൻ്റെ കുടുംബ വീട്. കുറ്റിപ്പുറത്തെയും വളാഞ്ചേരിയിലേയും ഗവ: ഹെൽത്ത് സെൻ്ററുകളിൽ ഡോക്ടറായി അദ്ദേഹം ജോലി ചെയ്യുന്ന കാലം. ഞങ്ങളുടെ തറവാടു വീടിനടുത്താണ് സകുടുംബം ജിമ്മി ഡോക്ടർ താമസിച്ചിരുന്നത്. വർഷങ്ങളായി ഞങ്ങളുടെ കുടുംബ ഡോക്ടറും കൂടിയാണ് അദ്ദേഹം. ഓണിയിൽപാലത്തെ മിതീൻകുട്ടി മൂത്താപ്പാൻ്റെ വാടക ക്വോർട്ടേഴ്സിലായിരുന്നു താമസം. വിശേഷ സന്ദർഭങ്ങളിലൊക്കെ ഞങ്ങൾ പരസ്പരം വീടുകൾ സന്ദർശിക്കുകയും പലഹാരങ്ങൾ കൈമാറുകയും ചെയ്യും. അദ്ദേഹത്തെ കുറ്റിപ്പുറത്തെയും വളാഞ്ചേരിയിലെയും സർക്കാർ ആശുപത്രികളിൽ വർഷങ്ങളോളം നിലനിർത്തുന്നതിൽ എൻ്റെ രാഷ്ട്രീയ സ്വാധീനം ഇരുചേരിയിലായിരുന്നപ്പോഴും ഉപയോഗിച്ചിട്ടുണ്ട്. ജിമ്മി ഡോക്ടറുടെ ഭാര്യ എനിക്കെൻ്റെ മൂത്ത ചേച്ചിയെപ്പോലെയാണ്. അവരുടെ കൈപുണ്യത്തിന് പത്തരമാറ്റിൻ്റെ തിളക്കമുണ്ടെന്ന് പലപ്പോഴും അനുഭവിച്ചതോർക്കുന്നു.

ജിമ്മി ഡോക്ടറുടെ മൂത്തമകൻ സിജി പത്താം ക്ലാസ്സിൽ പഠിക്കുമ്പോൾ ഫിസിക്സ് പഠിക്കാൻ എൻ്റെ ഭാര്യയുടെ അടുത്ത് വരുമായിരുന്നു. പ്രസവത്തിന് പള്ളിപ്പുറത്തെ അവരുടെ വീട്ടിൽ പോയ അവസരത്തിൽ സിജിയെ പഠിക്കാനായി ജിമ്മി ഡോക്ടർ അവിടേക്കും പറഞ്ഞയച്ചു. പഠിത്തത്തിൽ മിടുക്കനായ സിജി ഇപ്പോൾ ബി.ഡി.എസും എം.ഡി.എസും കഴിഞ്ഞ് ലക്ഷണമൊത്ത ഡോക്ടറായി തൃശൂർ അമല ഹോസ്പിറ്റലിൽ ജോലി ചെയ്യുന്നു. സിജിയുടെ താഴെയുള്ള രണ്ട് കുട്ടികളും ഫിസിക്സ് സംശയങ്ങൾ ചോദിക്കാറ് എൻ്റെ നല്ല പാതി ഫാത്തിമക്കുട്ടിയോട് തന്നെയായിരുന്നു. ജിമ്മി ഡോക്ടറുടെ ഭാര്യ മേഴ്സി എം.എസ്.സി ബോട്ടണി കഴിഞ്ഞെങ്കിലും ജോലിക്ക് പോകാൻ കൂട്ടാക്കിയില്ലത്രെ. പി.ജി കഴിഞ്ഞ് ആഴ്ചകൾക്കുള്ളിൽ തന്നെ തൃശൂരിലെ ഒരു എയ്ഡഡ് കോളേജിൽ അവർക്ക് ലക്ചറായി നിയമനം കിട്ടിയപ്പോൾ മക്കളുടെ ഭാവിയും പഠനവുമോർത്ത് ജോലി വേണ്ടെന്ന് വെച്ചുവെന്നാണ് ജിമ്മി ഡോക്ടർ പറഞ്ഞത്. “മേഴ്സി” എന്ന വാക്കിനോട് നൂറുശതമാനം നീതി പുലർത്തുന്ന സ്വഭാവമാണ് ചേച്ചിയുടേത്. എനിക്കെൻ്റെ ഏറ്റവും അടുത്ത കുടുംബ വീടുകളിലൊന്നാണ് ജിമ്മി ഡോക്ടറുടേത്. സിജിയുടെ ഭാര്യ ഡോ: അനുവിന് ആതവനാട്ടേക്ക് പോസ്റ്റിംഗ് വാങ്ങിക്കൊടുത്തത് പത്തുവർഷം മുമ്പാണ്. അനു പോസ്റ്റ്ഗ്രാജ്വേഷൻ കഴിഞ്ഞ് ഇപ്പോൾ തൃശൂർ ജില്ലയിലെ സർക്കാർ ആശുപത്രിയിൽ ജോലി ചെയ്യുന്നു. പി.ജി കഴിഞ്ഞ് പോസ്റ്റിംഗ് ലഭിക്കാനും എന്നാൽ കഴിയുന്ന സഹായം ചെയ്തു. അനുവിന് സർവീസ് ക്വോട്ടയിൽ പി.ജിക്ക് പ്രവേശനം ലഭിക്കാൻ ആതവനാട് പി.എച്ച്.സി യിലെ സേവനം പ്രയോജനപ്പെട്ടുവെന്ന് ജിമ്മി ഡോക്ടർ പറയാറുണ്ട്. ഏതാനും ആഴ്ചകൾക്ക് മുമ്പാണ് സിജിയും അനുവും താമസിക്കുന്ന ത്യശൂരിലെ അവരുടെ വീട്ടിൽ പോയത്. വിഭവ സമൃദ്ധമായ ഉച്ചയൂണും കഴിച്ചാണ് തിരുവനന്തപുരത്തേക്ക് തിരിച്ചത്. എനിക്കെന്തെങ്കിലും ബുദ്ധിമുട്ട് വരുന്നു എന്ന് കേൾക്കുമ്പോൾ പ്രാർത്ഥനാ നിർഭരമാകുന്ന വീടുകളിലൊന്നാണ് ജിമ്മി ഡോക്ടറുടേത്.

അദ്ദേഹം അസാമാന്യ ധൈര്യശാലിയാണ്. ഞാൻ കുറ്റിപ്പുറത്ത് എം.എൽ.എ ആയ സമയത്താണ് ഡോക്ടർ ജിമ്മിയെ മാറഞ്ചേരിയിൽ നിന്ന് കുറ്റിപ്പുറം സി.എച്ച്.സി യിലേക്ക് കൊണ്ടുവരുന്നത്. എല്ലുരോഗ വിദഗ്ധൻ കൂടിയായ അദ്ദേഹം കുറ്റിപ്പുറത്തെ പരിമിതമായ തിയ്യേറ്റർ സൗകര്യം ഉപയോഗിച്ച് നിരവധി ഓപ്പറേഷൻ നടത്തി നാട്ടുകാരുടെ പ്രീതി പിടിച്ചു പറ്റി. കിടത്തിച്ചികിൽസ കുറ്റിപ്പുറം സർക്കാർ ആശുപത്രിയിൽ വ്യവസ്ഥാപിതമായി തുടങ്ങിയതും അദ്ദേഹം താൽപര്യമെടുത്താണ്. സർക്കാർ സർവീസിൽ നിന്ന് ജിമ്മി ജോസഫ് വിരമിച്ചത് കുറ്റിപ്പുറത്തു വെച്ചായിരുന്നു. ഇപ്പോൾ വിവിധ ആശുപത്രികളിൽ സ്വകാര്യ പ്രാക്ടീസ് നടത്തുന്ന അദ്ദേഹം എത്രയോ പാവപ്പെട്ട രോഗികളെ എൻ്റെ ശുപാർശയിൽ സൗജന്യമായി ചികിൽസിച്ചത് കൃതാർത്ഥതയോടെ ഞാനോർക്കുന്നു. സത്യകൃസ്ത്യാനി എന്ന വിശേഷണം നൂറുശതമാനം അർഹിക്കുന്ന കുടുംബമാണ് ജിമ്മി ഡോക്ടറുടേത്. വൈകുന്നേരങ്ങളിൽ കുടുംബസമേതം വീട്ടിലെ യേശുദേവൻ്റെ ഫോട്ടോക്ക് മുന്നിൽ മുട്ടുകുത്തി നിന്ന് ബൈബിൾ വചനങ്ങൾ ഉരുവിട്ട് പ്രാർത്ഥിക്കുന്നത് കണ്ട് ജിജ്ഞാസയോടെ ഞാൻ നോക്കിനിന്നിട്ടുണ്ട്. ആ കാഴ്ച എന്നിൽ മതിപ്പേ ഉളവാക്കിയിട്ടുള്ളൂ. ചേച്ചിയാണ് പ്രാർത്ഥനക്ക് നേതൃത്വം നൽകിയിരുന്നത്. മൂന്നാമത്തെ മകനെ അച്ഛനാക്കണമെന്നായിരുന്നത്രെ അവരുടെ തീരുമാനം. അതിനായി സെമിനാരിയിൽ ചേർക്കുകയും ചെയ്തു. പക്ഷെ അവന് താൽപര്യം ഡോക്ടറാകാനായിരുന്നു. മോഹം കലശലായപ്പോൾ സെമിനാരിയിലെ പഠനം ഉപേക്ഷിച്ചു. എൻട്രൻസിൽ മികച്ച റാങ്ക് നേടിയ അവൻ എം.ബി.ബി.എസ് കഴിഞ്ഞ് പോസ്റ്റ് ഗ്രാജ്വേഷനും പൂർത്തിയാക്കി. രണ്ടാമത്തെ മകനും ഡോക്ടറായി. ഇരുവരുടെ ഭാര്യമാരും ഡോക്ടർമാരാണ്. ഞാനൊരിക്കൽ ചേച്ചിയോട് പറഞ്ഞു; നമുക്ക് വളാഞ്ചേരിയിൽ ‘ജിമ്മീസ് മേഴ്സി ഹോസ്പിറ്റൽ’ എന്ന പേരിൽ ഒരാശുപത്രി തുടങ്ങണം. ഡോക്ടറും ചേച്ചിയും അതുകേട്ട് വരട്ടേ, നോക്കാം എന്ന മട്ടിൽ ചിരിച്ചു.

വളാഞ്ചേരി ടൗണിലെ കച്ചവടക്കാരായിരുന്ന ഭരതേട്ടനും ജോസേട്ടനും ഉപ്പയുടെ സുഹൃത്തുക്കളായിരുന്നു. കുറച്ച് മാസങ്ങൾക്ക് മുമ്പാണ് ജോസേട്ടൻ എന്നെ കാണാൻ ആഗ്രഹം പ്രകടിപ്പിച്ചത്. ഇതറിഞ്ഞ് ഉടനെ തന്നെ അദ്ദേഹത്തെ പോയി കണ്ടു. വാർധക്യസഹജതയിൽ പ്രയാസപ്പെട്ടിരുന്ന ജോസേട്ടനുമൊത്ത് കുറേ നേരം ചെലവിട്ടാണ് പിരിഞ്ഞത്. ഉപ്പയുമായുള്ള അദ്ദേഹത്തിൻ്റെ ആത്മ ബന്ധം അന്നാണ് ശരിക്കും എനിക്ക് മനസ്സിലായത്. ജോസേട്ടനുമായുള്ള കൂടിക്കാഴ്ച ഉപ്പയുമായി ഞാൻ പങ്കുവെച്ചു. എന്നെ കേട്ടുകൊണ്ടിരുന്ന ഉപ്പയുടെ കണ്ണുകൾ നിറയുന്നതും അദ്ദേഹം കണ്ണുകൾ തുടക്കുന്നതും ഞാൻ കണ്ടു. കുറച്ച് മാസങ്ങൾക്ക് മുമ്പ് ജോസേട്ടൻ മരിച്ചു. വിവരമറിഞ്ഞ് അവസാനമായി ഒരു നോക്കു കാണാൻ ഞാനും പോയിരുന്നു. സ്നേഹത്തിന് എന്ത് അതിർവരമ്പ്? ആകാശം പോലെ കണ്ണെത്താ ദൂരത്തോളം നീണ്ടും പരന്നും കിടപ്പാണ് മനുഷ്യർക്കിടയിലെ സ്നേഹത്തിൻ്റെ തൂവെള്ള മേഘങ്ങൾ”.

(ഈ ബന്ധത്തെ പാലാ ബിഷപ്പ് ഏത് ജിഹാദിലാണാവോ ഉൾപ്പെടുത്തുക? അച്ഛോ ഇതാണ് യഥാർത്ഥ ”ലൗ ജിഹാദ്”)