
തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ വീണ്ടും ചികിത്സാ പിഴവ് ആരോപണം.
മരത്തില്‍ നിന്ന് വീണ് പരിക്കേറ്റതിനെ തുടർന്ന് ചികിത്സ തേടിയ ഭരതന്നൂർ സ്വദേശി വി. മധുവിൻ്റെ കാലില്‍ നിന്ന് മരക്കഷ്ണങ്ങള്‍ കണ്ടെത്തിയതാണ് പുതിയ വിവാദത്തിന് വഴിവെച്ചിരിക്കുന്നത്.
മാർച്ച് 21നാണ് മരത്തില്‍ നിന്ന് വീണ് പരിക്കേറ്റ മധു തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ചികിത്സ തേടിയത്. കാലിലെ മുറിവിന് ഇവിടെ വെച്ച് തുന്നലിടുകയും മരുന്ന് നല്‍കുകയും ചെയ്തിരുന്നു. എന്നാല്‍, ദിവസങ്ങള്‍ കഴിഞ്ഞിട്ടും മുറിവ് ഉണങ്ങുന്നതിന് പകരം പഴുക്കുകയും കഠിനമായ വേദന അനുഭവപ്പെടുകയും ചെയ്തു.
Whatsapp Group 1 | Whatsapp Group 2 |Telegram Group

മുറിവ് വഷളായതോടെ മധു നെടുമങ്ങാട് താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടുകയായിരുന്നു. അവിടെ വെച്ച് നടത്തിയ പരിശോധനയിലാണ് കാലിനുള്ളില്‍ മരക്കഷ്ണങ്ങള്‍ ഉള്ളതായി എക്സ്റേയിലൂടെ വ്യക്തമായത്.
മെഡിക്കല്‍ കോളജില്‍ പ്രഥമ ശുശ്രൂഷ നല്‍കിയപ്പോള്‍ തന്നെ മുറിവ് വേണ്ടത്ര പരിശോധിക്കാനോ കൃത്യമായി വൃത്തിയാക്കാനോ ഡോക്ടർമാർ തയ്യാറായില്ലെന്നാണ് മധുവിൻ്റെ കുടുംബം ആരോപിക്കുന്നത്.
ആശുപത്രി അധികൃതരുടെ ഭാഗത്തുനിന്നുണ്ടായ ഗുരുതരമായ വീഴ്ചയാണ് ഈ ദുരവസ്ഥയ്ക്ക് കാരണമെന്ന് ആരോപിച്ച് കുടുംബം പരാതി ഉന്നയിച്ചിട്ടുണ്ട്. സംഭവത്തില്‍ ശക്തമായ പ്രതിഷേധമാണ് ഉയരുന്നത്.







