
ചെന്നൈ : തമിഴ്നാട് മുഖ്യമന്ത്രി വിജയ്‌യുടെ ജന്മദിനം ആഘോഷമാക്കി തമിഴക വെട്രി കഴകം പ്രവർത്തകർ. ഞായറാഴ്ച രാത്രി ശിവകാശിയിൽ വൻ വെടിക്കെട്ട് അരങ്ങേറി. പാർട്ടി പ്രവർത്തകരടക്കം നൂറുകണക്കിന് പേർ വെടിക്കെട്ട് കാണാനെത്തി. മന്ത്രി കീർത്തന, നടൻ ജയ് എന്നിവരും വെടിക്കെട്ട് കാണാൻ എത്തിയിരുന്നു. അതിനിടെ വിജയ്‌യുടെ ജന്മദിനത്തിൽ പിറന്ന കുഞ്ഞുങ്ങൾക്ക് ടിവികെ നേതാവും മന്ത്രിയുമായ ശ്രീനാഥ് സ്വർണമോതിരം സമ്മാനിച്ചു. തൂത്തുക്കുടിയിലെ സർക്കാർ ആശുപത്രിയിൽ തിങ്കളാഴ്ച രാവിലെ സന്ദർശനം നടത്തിയ മന്ത്രിയാണ് വിജയ്‌യുടെ ജന്മദിനത്തിൽ പിറന്ന ആറ് കുട്ടികൾക്ക് സ്വർണമോതിരം സമ്മാനിച്ചത്.
അതേസമയം 52ആം ജന്മദിനത്തിൽ വിജയ്ക്ക് ആശംസകളുമായി നിരവധി നേതാക്കൾ രംഗത്തെത്തി. പ്രധാനമന്ത്രി നരേന്ദ്ര മോദി ജന്മദിനാശംസകൾ നേർന്നു. ദീർഘവും ആരോഗ്യകരവുമായ ജീവിതത്തിന് വേണ്ടി പ്രാർത്ഥിക്കുന്നതായി മോദി എക്സിൽ കുറിച്ചു. കൂടാതെ ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും വിജയ്ക്ക് ജന്മദിനാശംസകൾ നേർന്നു. മികച്ച ആരോഗ്യവും പ്രവർത്തനങ്ങളിൽ വിജയവും ആശംസിച്ച രാഹുൽ ഗാന്ധി, തമിഴ് ജനതയുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിന് ഒപ്പമുണ്ടാകുമെന്നും വ്യക്തമാക്കി.






