play-sharp-fill
യുവാവ് പീഡിപ്പിച്ചെന്ന് പരാതി നൽകിയ യുവതിയെ പോലീസ് അറസ്റ്റ് ചെയ്തു

യുവാവ് പീഡിപ്പിച്ചെന്ന് പരാതി നൽകിയ യുവതിയെ പോലീസ് അറസ്റ്റ് ചെയ്തു

സ്വന്തം ലേഖകൻ

തിരുവനന്തപുരം: യുവാവ് പീഡിപ്പിച്ചെന്ന് പോലീസിൽ പരാതി നൽകിയ യുവതിയെ കള്ളക്കേസ് നൽകിയതിന് പോലീസ് അറസ്റ്റ് ചെയ്തു. ആറ്റിപ്ര ചിത്ര നഗറിൽ പുതുവൽ മണക്കാട് വീട്ടിൽ പ്രീതയാണ് ഒരാഴ്ച മുമ്പ് സുരേഷ് എന്ന യുവാവ് മർദിച്ചുവെന്നും കടന്നു പിടിച്ചുവെന്നും പരാതി നൽകിയത്. പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് സുരേഷിനെ അറസ്റ്റ് ചെയ്യുകയും ചെയ്തു. സ്ത്രീകൾക്കെതിരെയുള്ള അതിക്രമത്തിന് ഐ.പി.സി 354 പ്രകാരം കേസ് റജിസ്റ്റർ ചെയ്തു. എന്നാൽ ചോദ്യം ചെയ്യലിൽ സുരേഷ് കുറ്റം നിഷേധിച്ചു.

യുവതിയുടെ വീടിന്റെ പരിസരത്ത് പോലീസ് അന്വേഷിച്ച് എത്തിയതോടെയാണ് യഥാർത്ഥ സംഭവം പുറത്താകുന്നത്. തുടർന്ന് സുരേഷിനെയും സ്റ്റേഷനിൽ എത്തിയ നാല് പേരെയും ഉൾപ്പെടുത്തി പോലീസ് തിരിച്ചറിയൽ പരേഡ് നടത്തി. തിരിച്ചറിയൽ പരേഡിൽ മറ്റൊരു വ്യക്തിയെയാണ് യുവതി ചൂണ്ടികാണിച്ചത്. ഇതോടെ യുവതിയുടെ കള്ളം പുറത്തായി. പിന്നീട് പോലീസ് നടത്തിയ ചോദ്യം ചെയ്യലിൽ യുവതി സത്യം വെളിപ്പെടുത്തുകയായിരുന്നു. സുരേഷിനെ കള്ളക്കേസിൽ കുടുക്കിയാൽ പതിനായിരം രൂപ തരാമെന്ന് വാടകയ്ക്ക് താമസിച്ചിരുന്ന വീടിന്റെ ഉടമസ്ഥനായ സുബ്രഹ്മണ്യൻ വാഗ്ദാനം നൽകി. ഇത് പ്രകാരമാണ് താൻ സുരേഷിനെതിരെ കള്ളക്കേസ് കൊടുത്തതെന്നായിരുന്നു യുവതിയുടെ മൊഴി. സുരേഷിന്റെ സഹോദരിയുടെ ഭർത്താവാണ് സുബ്രഹ്മണ്യൻ. വ്യക്തി വൈരാഗ്യം തീർക്കാനായി സുരേഷിനെ കുടുക്കാനാണ് സുബ്രഹ്മണ്യം യുവതിക്ക് പണം നൽകിയത്. കള്ളക്കേസിൽ കുടുക്കാൻ ശ്രമിച്ചതിന് യുവതിയുടെ പേരിൽ കെസെടുത്തു. യുവതിയെ കള്ളക്കേസിന് പ്രേരിപ്പിച്ച സുബ്രമണ്യൻ ഒളിവിലാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group