
അടിത്തറയിളക്കിയ വികസനം: മൂന്നാർ ഗ്യാപ് റോഡ് ഇനി ഓർമകളിൽ : കഴിഞ്ഞ ദിവസമുണ്ടായ മലയിടിച്ചിലിൽ വ്യാപക കൃഷി നാശം: പാറ പെട്ടിക്കലിൽ ഉന്നതർക്ക് പങ്കെന്ന് ആരോപണം: പൊട്ടിച്ച് മാറ്റുന്ന കല്ലുകൾ രാത്രി കാലങ്ങളിൽ ജില്ലക്ക് പുറത്തേക്ക് മാറ്റുന്നതായി ആരോപണം
സ്വന്തം ലേഖകൻ
മൂന്നാർ: ബൈസൺവാലി ഗ്യാപ്പ് റോഡിൽ കഴിഞ്ഞ ദിവസമുണ്ടായ മലയിടിച്ചിലിൽ പത്തേക്കറോളം വരുന്ന ഏലത്തോട്ടം നശിച്ചു. റോഡ് വികസനമെന്ന പേരിൽ ഒന്നര വർഷക്കാലമായി റോഡിന് ചേർന്നുള്ള മലതുരക്കൽ തുടരുകയായിരുന്നു.
2019 പ്രളയത്തിൽ പാറപൊട്ടിച്ചതിന് സമീപം മലയിച്ചിൽ ഉണ്ടാകുകയും നിരവധി പേർക്ക് ജീവൻ നഷ്ടമാകുകയും ചെയ്തിരുന്നു. തുടർന്ന് അന്നത്തെ സബ് കളക്ടറായിരുന്ന രേണു രാജ് സ്ഥലം സന്ദർശിച്ച് പാറ പൊട്ടിക്കൽ മലയുടെ നിലനിൽപിന് ഭീഷണിയാകുമെന്ന് കണ്ടെത്തുകയും റോഡ് നിർമ്മാണ പ്രവർത്തനങ്ങൾക്ക് പ്രവർത്തനാനുമതി റദ്ദാക്കുകയും ചെയ്തിരുന്നു. തുടർന്ന് ഒരാഴ്ചക്കകം രേണുരാജിനെ ദേവികുളത്തു നിന്നും സ്ഥലം മാറ്റിയത് ചർച്ചാ വിഷയമായിരുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group

തുടർന്നും സ്ഥലത്ത് പലതവണ മലയിടിച്ചിൽ സംഭവിച്ചിരുന്നു. ജനങ്ങളുടെ സുരക്ഷയെ വകവയ്ക്കാതെ നടത്തിയ റോഡ് നിർമ്മാണം പിന്നീടും മനുഷ്യ ജീവനുകൾ കവരുവാൻ ഇടയായി. ഇതിനിടെ പൊട്ടിച്ചുമാറ്റുന്ന പാറ രാത്രി വൈകി ആനച്ചാൽ അടിമാലി വഴി പുറത്തേക്ക് കടത്തി കൊണ്ട് പോകുന്നതായി നാട്ടുകാർ ആരോപിച്ചിരുന്നു.
എറണാകുളം കേന്ദ്രമാക്കി പ്രവർത്തിക്കുന്ന ഡ്രീം എർത്ത് എന്ന സ്ഥാപനം ഏറ്റെടുത്ത് നടത്തുന്ന നിർമ്മാണ പ്രവർത്തനങ്ങളിൽ പല രാഷ്ട്രീയ ഉന്നതർക്കും പങ്കുണ്ട് എന്നും ആരോപണമുണമുയർന്നിട്ടുണ്ട്.
റോഡിന് മുകളിൽ മലയിൽ പാറ പൊട്ടിക്കാനായി നടത്തുന്ന ഉഗ്ര സ്ഫോടനങ്ങൾ മലയടിവാരത്തുള്ള മുട്ടുകാട് ബൈസൺവാലി ഗ്രാമങ്ങളിലുള്ള വീടുകളെ പോലും വിറപ്പിക്കുന്നതായും നാട്ടുകാർ പറഞ്ഞു.
കഴിഞ്ഞ ദിവസം നടന്ന മലയിടിച്ചിലിൽ തൊഴിലാളികൾ ആരെങ്കിലും അകപ്പെടുകയോ, ആർക്കെങ്കിലും ജീവഹാനിയോ പരിക്കോ ഉണ്ടായോ എന്ന് ഇതുവരെ വ്യക്തമല്ല.
വിദേശ വിനോദ സഞ്ചാരികളെ പോലും അതിശയിപ്പിച്ചിരുന്ന മൂന്നാർ ഗ്യാപ്പ് റോഡ് ഇനി ഓർമ മാത്രമായി അവശേഷിക്കും. വിവധയിടങ്ങളിൽ നിന്നും എത്തി പാട്ടത്തിന് സ്ഥലമെടുത്ത് നടത്തി വന്ന ഏലകൃഷി നാമാവിശേഷമായി. വലിയ പാറ കഷണങ്ങൾ നിരങ്ങി വീണ സ്ഥലങ്ങൾ ഇനി ഉപേക്ഷിക്കുക മാത്രമേ വഴിയൊള്ളുവെന്ന് കർഷകർ പറയുന്നു.