വേഗം മണിക്കൂറിൽ 120കിലോമീറ്റർ; പുതുവര്‍ഷത്തില്‍ തേനി, മധുര എന്നിവിടങ്ങളിലേക്ക് ബോഡിനായ്ക്കന്നൂരില്‍ നിന്നും പാസഞ്ചര്‍ ട്രെയിന്‍ സര്‍വീസ്; പരീക്ഷണ ഓട്ടം വിജയം; തേനിയിലേക്ക് വീണ്ടും ട്രെയിന്‍ എത്തുന്നത് 12 വര്‍ഷത്തെ കാത്തിരിപ്പിനൊടുവിൽ
സ്വന്തം ലേഖകൻ
ഇടുക്കി: ഇടുക്കിയുടെ ഏറ്റവും അടുത്തുള്ള റെയില്‍വേ സ്റ്റേഷനായ തമിഴ്നാട്ടിലെ ബോഡിനായ്ക്കന്നൂരിലേക്ക് ട്രെയിന്‍ സർവീസ് പരീക്ഷണ ഓട്ടം നടത്തി. 12 വര്‍ഷത്തെ കാത്തിരിപ്പിനൊടുവിലാണ് തേനിയിലേക്ക് വീണ്ടും ട്രെയിന്‍ എത്തുന്നത്. 1928 ബ്രിട്ടീഷുകാര്‍ ഇവിടെ പാളം പണിതിരുന്നു. 2010ലാണ് ബോഡിനായ്ക്കന്നൂര്‍ വഴിയുള്ള ട്രെയിന്‍ സര്‍വ്വീസ് നിര്‍ത്തിയത്.
പതിനഞ്ച് കിലോമീറ്റര്‍ അകലെയുള്ള തേനിയിലേക്ക് 120 കിലോമീറ്റര്‍ വേഗതയില്‍ എന്‍ജിന്‍ ഓടിച്ചാണ് രണ്ടാം ഘട്ട പരീക്ഷണ ഓട്ടം പൂര്‍ത്തിയാക്കിയത്. കഴിഞ്ഞ വെള്ളിയാഴ്ച ഈ പാതയിലെ സിഗ്നല്‍ പരിശോധനയും പൂര്‍ത്തിയാക്കി. തുടര്‍ന്ന് തേനിയില്‍ നിന്ന് മണിക്കൂറില്‍ അറുപത് കിലോമീറ്റര്‍ വേഗതയില്‍ എന്‍ജിന്‍ ബോഡിയിലെത്തിച്ചു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
നിര്‍മ്മാണം പൂര്‍ത്തിയാക്കിയ തേനി മുതല്‍ ബോഡിനായ്ക്കന്നൂര്‍ വരെയുള്ള ബ്രോഡ്ഗേജ് പാതയില്‍ കഴിഞ്ഞ ഒക്ടോബര്‍ 14 ന് 30 കിലോമീറ്റര്‍ വേഗതയില്‍ ഒന്നാം ഘട്ട പരീക്ഷണ ഓട്ടം നടത്തിയിരുന്നു. തിരികെ തേനിയിലേക്ക് 120 കിലോമീറ്റര്‍ വേഗത്തിലോടിച്ചാണ് പരീക്ഷണ ഓട്ടം പൂര്‍ത്തിയാക്കിയത്.
ബോഡിനായ്ക്കന്നൂര്‍ റെയില്‍വേ സ്റ്റേഷന്റെ നിര്‍മ്മാണം 80ശതമാനം കഴിഞ്ഞിട്ടുണ്ട്. സ്റ്റേഷനിലെത്തുന്ന ട്രെയിനുകളിലേക്ക് വെള്ളമെത്തിക്കുന്നതിനുള്ള പൈപ്പ് ലൈനുകള്‍ സ്ഥാപിക്കുന്നതടക്കം 75 കോടി രൂപയുടെ പണികള്‍ ഡിസംബറില്‍ പൂര്‍ത്തിയാകും. റെയില്‍പാതയുടെ നിര്‍മാണത്തിന് കിലോമീറ്ററിന് 5 കോടി രൂപ വീതമാണ് വകയിരുത്തിയിട്ടുള്ളത്.
15 കിലോമീറ്ററിനിടക്ക് 30 ചെറിയ പാലങ്ങളും മൂന്ന് പ്രധാന മേല്‍പ്പാലങ്ങളും നിര്‍മിച്ചു. മധുര മുതല്‍ തേനി വരെ 75 കിലോമീറ്റര്‍ ബ്രോഡ്ഗേജ് പാത മെയ് മാസത്തില്‍ കമ്മീഷന്‍ ചെയ്തിരുന്നു. ഇവടെ പാസഞ്ചര്‍ ട്രെയിനുകള്‍ ഓടുന്നുണ്ട്.
പുതുവര്‍ഷത്തില്‍ തേനി, മധുര എന്നിവിടങ്ങളിലേക്ക് ബോഡിനായ്ക്കന്നൂരില്‍ നിന്നും പാസഞ്ചര്‍ ട്രെയിന്‍ സര്‍വീസ് ആരംഭിക്കുമെന്ന് റെയില്‍വെ അധികൃതര്‍ പറഞ്ഞു.