play-sharp-fill
പാമ്പ് ട്രെയിൻ ഗതാഗതം തകരാറിലാക്കി: എൻജിനുള്ളിൽ പാമ്പ് കയറി: ഭയന്ന് വിറച്ച് ലോക്കോപൈലറ്റുമാർ; താറുമാറായി ട്രെയിൻ ഗതാഗതം; ട്രെയിനുകൾ വൈകിയത് ഒന്നര മണിക്കൂറിലേറെ

പാമ്പ് ട്രെയിൻ ഗതാഗതം തകരാറിലാക്കി: എൻജിനുള്ളിൽ പാമ്പ് കയറി: ഭയന്ന് വിറച്ച് ലോക്കോപൈലറ്റുമാർ; താറുമാറായി ട്രെയിൻ ഗതാഗതം; ട്രെയിനുകൾ വൈകിയത് ഒന്നര മണിക്കൂറിലേറെ

സ്വന്തം ലേഖകൻ
കോട്ടയം: ട്രെയിന്റെ എൻജിനുള്ളിൽ പാമ്പിനെ കണ്ടതിനെ തുടർന്ന് കോട്ടയം – എറണാകുളം റൂട്ടിൽ ട്രെയിൻ ഗതാഗതം പൂർണമായും തകരാറിലായി. ദിബ്രൂഗഡിൽ നിന്നും കന്യാകുമാരിയിലേയ്ക്ക് സർവീസ് നടത്തുന്ന വിവേക് എക്‌സ്പ്രസിന്റെ എൻജിനുള്ളിലാണ് പാമ്പിനെ കണ്ടെത്തിയത്. പത്തി വിടർത്തി ചീറ്റിനിന്ന പാമ്പിനെ കണ്ട് ഭയന്നു വിറച്ച് ലോക്കോപൈലറ്റുമാർ ട്രെയിൻ ഓടിയ്ക്കാൻ തയ്യാറാകാതെ വന്നതോടെ വൈക്കം റെയിൽവേ സ്‌റ്റേഷനിൽ നിർത്തിയിട്ടതോടെ ഒന്നര മണിക്കൂറോളം ട്രെയിൻ ഗതാഗതം തടസപ്പെട്ടു. ട്രെയിനുകൾ മണിക്കൂറുകളോളം വിവിധ സ്‌റ്റേഷനുകളിൽ പിടിച്ചിട്ടതോടെ സർക്കാർ ജീവനക്കാർ അടക്കമുള്ള സ്ഥിരം യാത്രക്കാർ വലഞ്ഞു. ബംഗളൂരു – കന്യാകുമാരി ഐലൻഡ് എക്സ്പ്രസ് , തിരുവനന്തപുരം – ഷൊർണ്ണൂർ വേണാട് എക്സ്പ്രസ്,  കൊല്ലം എറണാകുളം മെമ്മു, എറണാകുളം – കായങ്കുളം പാസഞ്ചർ, പരശുറാം, ശബരി എക്സ്പ്രസുകളെല്ലാം മണിക്കൂറുകളോളം വൈകിയാണ് സർവീസ് നടത്തിയത്.
ബുധനാഴ്ച രാവിലെ  ഏഴരയോടെ വിവേക് എക്സ്പ്രസ് വൈക്കം റെയിൽവേ സ്റ്റേഷനിൽ എത്തിയപ്പോഴാണ് എൻജിനുള്ളിൽ ലോക്കോ പൈലറ്റ് പാമ്പിനെ കണ്ടത്. തുടർന്ന് ട്രെയിൻ നിർത്തിയ ഇവർ പ്രാഥമിക പരിശോധന നടത്തി. എന്നാൽ, ട്രെയിനുള്ളിൽ നിന്നും ഒന്നും കണ്ടെത്താൻ സാധിച്ചില്ല. തുടർന്ന് സ്‌റ്റേഷനിൽ നിന്നുള്ള ഉദ്യോഗസ്ഥ സംഘം എത്തി പരിശോധന നടത്തി. തുടർന്നാണ് എൻജിനുള്ളിൽ നിന്നും പാമ്പിനെ കണ്ടെത്തിയത്. പിന്നീട് റെയിൽവേ അധികൃതർ ചേർന്ന് പാമ്പിനെ തല്ലിക്കൊന്നു. ഈ നടപടികളെല്ലാം പൂർത്തിയാക്കി എൻജിനുള്ളിൽ പരിശോധന നടത്തി ഒൻപത് മണിയോടെയാണ് ട്രെയിൻ യാത്ര തുടർന്നത്.
ഇതേ തുടർന്ന് ട്രെയിൻ ഗതാഗതം പൂർണമായും തകരാറിലാകുകയായിരുന്നു. വേണാട് എക്‌സ്പ്രസും, ഐലൻഡ് എക്‌സ്പ്രസും വൈകിയത് സ്ഥിരം യാത്രക്കാരെ വല്ലാതെ വലച്ചു.