തേർഡ് ഐ ബ്യൂറോ
കോട്ടയം: കെവിൻ വധക്കേസ് ദുരഭിമാന കൊലപാതകമായി കണക്കാക്കി വിചാരണ നടപടികൾ വേഗത്തിലാക്കാൻ കോടതി അംഗീകാരം നൽകി. പ്രോസിക്യൂഷന്റെ അപേക്ഷ പരിഗണിച്ച് വിചാരണ ആറു മാസത്തിനകം പൂർത്തിയാക്കാൻ സെഷൻ കോടതി വിധിക്കുകയായിരുന്നു. സംസ്ഥാനത്ത് ആദ്യമായാണ് ഒരു കൊലപാതകക്കേസ് ദുരഭിമാന കൊലപാതകമായി കണക്കാക്കി വിചാരണ നടപടികൾ വേഗത്തിലാക്കുന്നത്.
കഴിഞ്ഞ മേയ് 27 നാണ് എസ്എച്ച് മൗണ്ട് പിലാത്തറയിൽ കെവിൻ ജോസഫിനെയും, ബന്ധു അനീഷിനെയും മാന്നാനത്തെ വീട്ടിൽ നിന്നും അക്രമി സംഘം തട്ടിക്കൊണ്ടു പോയി കൊലപ്പെടുത്തി തെന്മല പുനലൂർ റൂട്ടിൽ ചാലിയേക്കര തോട്ടിൽ തള്ളിയത്. സംഭവത്തിൽ കെവിന്റെ കാമുകി നീനുവിന്റെ പിതാവ് ചാക്കോ, സഹോദർ ഷാനു ചാക്കോ എന്നിവർ അടക്കം പതിനാല് പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇവരിൽ എട്ടു പേർ ഇപ്പോഴും റിമാൻഡ്ിൽ കഴിയുകയാണ്.
കേസ് ആദ്യം പരിഗണിച്ചിരുന്നത് ഏറ്റുമാനൂർ മജിസ്‌ട്രേറ്റ് കോടതിയാണ്. തുടർന്നാണ് കോടതി കേസ് വിചാരണ നടപടികളുടെ ഭാഗമായി കോട്ടയം സെഷൻസ് കോടതിയിലേയ്ക്ക് മാറ്റിയത്. കോട്ടയം സെഷൻസ് കോടതിയുടെ നടപടികൾ ആരംഭിച്ചപ്പോൾ തന്നെ സ്‌പെഷ്യൽ പ്രോസിക്യൂട്ടറായി നിയമിക്കപ്പെട്ട അഡ്വ.സി.എസ് അജയനാണ് പ്രോസിക്യൂഷനു വേണ്ടി കെവിൻ കേസിന്റെ വിചാരണ നടപടികൾ വേഗത്തിലാക്കണമെന്ന് ആവശ്യപ്പെട്ട് ഹർജി സമർപ്പിച്ചത്. ഈ ഹർജിയിൽ വാദം കേൾക്കുന്ന നടപടികൾ പല തവണ നീട്ടിക്കൊണ്ടു പോകാൻ പ്രതിഭാഗം ശ്രമിച്ചിരുന്നു. എന്നാൽ, ഇതിനെയെല്ലാം മറികടന്നാണ് കോടതി ഇപ്പോൾ വിചാരണ നടപടികൾ വേഗത്തിലാക്കാൻ തീരുമാനം എടുത്തത്. കെവിൻ കേസ് ദുരഭിമാന കൊലപാതകമായി കണക്കാക്കി വിചാരണ വേഗത്തിലാക്കുമ്പോൾ പ്രത്യേക കോടതിയിലാവും നടപടികൾ നടക്കുക.