വിവാഹം, മരണം തുടങ്ങിയ സ്വകാര്യ ചടങ്ങുകള്‍ നടത്തുന്നവര്‍ മുൻകൂട്ടി രജിസ്റ്റർ ചെയ്യണം; 11 സ്ഥലങ്ങളില്‍ പോസിറ്റിവിറ്റി 15ശതമാനത്തിനു മുകളില്‍; കര്‍ശന ജാഗ്രതാ നിര്‍ദേശവുമായി ദുരന്ത നിവാരണ അതോറിറ്റി

വിവാഹം, മരണം തുടങ്ങിയ സ്വകാര്യ ചടങ്ങുകള്‍ നടത്തുന്നവര്‍ മുൻകൂട്ടി രജിസ്റ്റർ ചെയ്യണം; 11 സ്ഥലങ്ങളില്‍ പോസിറ്റിവിറ്റി 15ശതമാനത്തിനു മുകളില്‍; കര്‍ശന ജാഗ്രതാ നിര്‍ദേശവുമായി ദുരന്ത നിവാരണ അതോറിറ്റി

Spread the love

 

സ്വന്തം ലേഖകൻ

കോട്ടയം: ജില്ലയിലെ 11 തദ്ദേശ സ്ഥാപന മേഖലകളില്‍ ജൂലൈ 19 മുതല്‍ 25 വരെയുള്ള ഒരാഴ്ച്ചക്കാലത്തെ ശരാശരി ടെസ്റ്റ് പോസിറ്റിവിറ്റി 15 ശതമാനത്തിന് മുകളില്‍. 32 സ്ഥലങ്ങളില്‍ 10നും 15നും ഇടയിലാണ്. ഇക്കാലയളവില്‍ ജില്ലയുടെ ശരാശരി പോസിറ്റിവിറ്റി 10.83 ശതമാനമാണ്.

കുറിച്ചി(24.52), കടുത്തുരുത്തി(22.12), മറവന്തുരുത്ത്(21.53), പള്ളിക്കത്തോട്(19.69), കുമരകം(19.38), മാഞ്ഞൂര്‍(18.51), കറുകച്ചാല്‍(17.57), ഭരണങ്ങാനം(17.40), നെടുംകുന്നം(15.69),അയ്മനം(15.58), ഈരാറ്റുപേട്ട(15.47) എന്നിവിടങ്ങളിലാണ് പോസിറ്റിവിറ്റി 15 ശതമാനത്തിനു മുകളിലുള്ളത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സ്വന്തം മേഖലകളില്‍ രോഗവ്യാപനം കുറയ്ക്കുന്നതിന് ജനങ്ങള്‍ അതീവ ജാഗ്രത പുലര്‍ത്തണമെന്ന് ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ചെയര്‍ പേഴ്‌സണായ ജില്ലാ കളക്ടര്‍ ഡോ. പി.കെ. ജയശ്രീ അറിയിച്ചു. പരമാവധി ആളുകളെ പരിശോധനയ്ക്ക് വിധേയമാക്കുന്നതിനായി ഏര്‍പ്പെടുത്തിയിട്ടുള്ള ക്രമീകരണങ്ങളോട് എല്ലാവരും സഹകരിക്കണമെന്നും കളക്ടര്‍ നിര്‍ദേശിച്ചു.

രോഗവ്യാപനം കൂടുതലുള്ള മേഖലകളില്‍ ദുരന്തനിവാരണ അതോറിറ്റിയും ആരോഗ്യവകുപ്പും തദ്ദേസ്വയംഭരണ വകുപ്പും സംയുക്തമായി മൈക്ക് അനൗണ്‍സ്‌മെന്റ് നടത്തുന്നുണ്ട്.

ടെസ്റ്റ് പോസിറ്റിവിറ്റിയുടെ അടിസ്ഥാനത്തില്‍ തദ്ദേശ സ്ഥാപനങ്ങളെ നാലു കാറ്റഗറികളായി തിരിച്ച് ജൂലൈ 21ന് ജില്ലാ കളക്ടര്‍ പുറപ്പെടുവിച്ച ഉത്തരവ് പ്രകാരമുള്ള നിയന്ത്രണങ്ങളാണ് ഇപ്പോള്‍ നിലവിലുള്ളത്. നാളെ(ജൂലൈ 28) നടക്കുന്ന അവലോകന യോഗത്തില്‍ ഏറ്റവും പുതിയ പോസിറ്റിവിറ്റി നിരക്കിന്റെ അടിസ്ഥാനത്തില്‍ കാറ്റഗറികള്‍ പുനര്‍നിര്‍ണയിച്ചശേഷമായിരിക്കും പുതിയ നിയന്ത്രണങ്ങളും ഇളവുകളും ഏര്‍പ്പെടുത്തുക.

ജനങ്ങള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
————-
🔹രോഗപ്രതിരോധ മുന്‍കരുതലുകളുടെ ഭാഗമായി നടത്തുന്ന കൂട്ടപ്പരിശോധന പ്രയോജനപ്പെടുത്തുക

🔹അത്യാവശ്യങ്ങള്‍ക്കൊഴികെ പൊതുസ്ഥലങ്ങള്‍ സന്ദര്‍ശിക്കുന്നതും പൊതു പരിപാടികളിലും ചടങ്ങുകളിലും പങ്കെടുക്കുന്നതും ഒഴിവാക്കുക.

🔹രോഗികളുമായി അടുത്ത സമ്പര്‍ക്ക പുലര്‍ത്തിയവരും പനി, ജലദോഷം, തൊണ്ടവേദന, തലവേദന തുടങ്ങിയ ലക്ഷണങ്ങള്‍ ഉള്ളവരും സമ്പര്‍ക്ക സാധ്യത കൂടുതലുള്ള തൊഴില്‍ വിഭാഗങ്ങളും സ്വയം കോവിഡ് പരിശോധനക്ക് വിധേയരാകുക. ഇത്തരം ആളുകള്‍ പൊതുസമ്പര്‍ക്കം ഒഴിവാക്കി വീട്ടില്‍ തന്നെ കഴിയാന്‍ ശ്രദ്ധിക്കുക.

🔹എല്ലാ പൊതു ഇടങ്ങളിലും മാസ്‌ക് ശരിയായി ധരിക്കുക.

🔹എല്ലാ സ്ഥാപനങ്ങളിലും കടകളിലും ഉപഭോക്താക്കള്‍ക്കും ജീവനക്കാര്‍ക്കും കൈകള്‍ ശുചീകരിക്കുന്നതിനുള്ള ക്രമീകരണം ഒരുക്കുക. അകലം ഉറപ്പാക്കി മാത്രമേ ആളുകള്‍ക്ക് പ്രവേശനം അനുവദിക്കാന്‍ പാടുള്ളൂ.

🔹വിവാഹം, മരണം തുടങ്ങിയ സ്വകാര്യ ചടങ്ങുകള്‍ നടത്തുന്നവര്‍ covid19jagratha.gov.in എന്ന പോര്‍ട്ടലില്‍ മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യുക.

🔹മറ്റു പൊതു ചടങ്ങുകള്‍ പോലീസ് സ്റ്റേഷനില്‍ നിന്ന് മുന്‍കൂര്‍ അനുമതി വാങ്ങിയശേഷം മാത്രമേ നടത്താവൂ. പരിപാടികളില്‍ ആകെ അനുവദനീയമായ എണ്ണം ആളുകളെ മാത്രമെ പങ്കെടുപ്പിക്കാന്‍ പാടുള്ളൂ.

🔹നിയന്ത്രണങ്ങള്‍ കൃത്യമായി പാലിക്കാത്തവര്‍ക്കെതിരെ പകര്‍ച്ചവ്യാധി നിയന്ത്രണ നിയമം 2021, ഇന്ത്യന്‍ ശിക്ഷാ നിയമം 188, 169 എന്നീ വകുപ്പുകള്‍, ദുരന്തനിവാരണ നിയമം 2005 എന്നിവ പ്രകാരം നടപടികള്‍ സ്വീകരിക്കും.