
ചെന്നൈ : ഗോവധത്തിന് സമ്പൂർണ്ണ നിയന്ത്രണം ഏർപ്പെടുത്തിയ മദ്രാസ് ഹൈക്കോടതിയുടെ ഉത്തരവിനെതിരെ തമിഴ്നാട് സർക്കാർ സുപ്രീം കോടതിയെ സമീപിച്ചു. ബക്രീദ് ദിനത്തിലടക്കം സംസ്ഥാനത്ത് പശുക്കളെ അറുക്കുന്നത് പൂർണമായി നിരോധിച്ച ഉത്തരവിനെതിരെയാണ് തമിഴ്‌നാട് സർക്കാർ സുപ്രീം കോടതിയിൽ അപ്പീൽ നൽകിയത്. ഹൈക്കോടതി വിഷയത്തിന്റെ പരിധികൾ ലംഘിച്ചാണ് ഇത്തരമൊരു സമ്പൂർണ്ണ നിരോധനം ഏർപ്പെടുത്തിയതെന്ന് മുഖ്യമന്ത്രി വിജയ്‌യുടെ നേതൃത്വത്തിലുള്ള തമിഴ്‌നാട് സർക്കാർ ഹർജിയിൽ ആരോപിക്കുന്നു.
കോയമ്പത്തൂരിലെ പൊതുസ്ഥലങ്ങളിൽ ബക്രീദ് പ്രമാണിച്ച് പശുക്കളെ അറുക്കുന്നത് തടയണമെന്ന് ആവശ്യപ്പെട്ട് ‘ഹിന്ദു മക്കൾ കക്ഷി’ ജനറൽ സെക്രട്ടറി കെ സൂര്യ പ്രശാന്ത് നൽകിയ പൊതുതാൽപ്പര്യ ഹർജിയിലാണ് മദ്രാസ് ഹൈക്കോടതിയുടെ അവധിക്കാല ബെഞ്ച് മെയ് 27ന് ഉത്തരവിട്ടത്. പൊതുസ്ഥലങ്ങളിലെ അറവ് തടയുന്നതിന് പകരം, സംസ്ഥാനത്തുടനീളം അംഗീകൃത കശാപ്പുശാലകളിൽ പോലും പശുക്കളെ അറുക്കാൻ പാടില്ലെന്ന സമ്പൂർണ്ണ നിരോധനമാണ് കോടതി പ്രഖ്യാപിച്ചത്.
ഹർജിക്കാരൻ ആവശ്യപ്പെടാത്ത കാര്യങ്ങളിലാണ് ഹൈക്കോടതി വിധി പറഞ്ഞിരിക്കുന്നതെന്ന് തമിഴ്‌നാട് സർക്കാർ സുപ്രീം കോടതിയിൽ ചൂണ്ടിക്കാട്ടി. നിലവിലുള്ള നിയമങ്ങൾ നടപ്പിലാക്കാനും പൊതുസ്ഥലങ്ങളിലെ കശാപ്പ് തടയാനും മാത്രമേ ഹർജിയിൽ ആവശ്യപ്പെട്ടിരുന്നുള്ളൂ. നിലവിലെ തമിഴ്‌നാട് മൃഗസംരക്ഷണ നിയമം (1958) അനുസരിച്ച് 10 വയസ്സിന് മുകളിൽ പ്രായമുള്ളതും, പ്രജനനത്തിനോ ജോലിക്കോ അനുയോജ്യമല്ലാത്തതുമായ പശുക്കളെ കൃത്യമായ സർട്ടിഫിക്കറ്റോടെ അറുക്കാൻ അനുമതിയുണ്ട്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഹൈക്കോടതി ഉത്തരവ് സംസ്ഥാനത്തെ നിലവിലുള്ള നിയമങ്ങൾക്ക് വിരുദ്ധമാണെന്നും കശാപ്പ് നിയന്ത്രിക്കുകയാണ് വേണ്ടതെന്നും സർക്കാർ വ്യക്തമാക്കുന്നു. ഹൈക്കോടതി ഉത്തരവിന്മേൽ അടിയന്തര സ്റ്റേ അനുവദിക്കണമെന്നും ഉത്തരവ് റദ്ദാക്കണമെന്നുമാണ് തമിഴ്‌നാട് സർക്കാർ സുപ്രീം കോടതിയോട് ആവശ്യപ്പെട്ടിരിക്കുന്നത്.







