കോട്ടയത്ത് ടിപ്പറുകൾക്ക് നിരോധനം: ഇനി ടിപ്പറുകൾ ഓടിയാൽ വിവരം അറിയും
എ.കെ ശ്രീകുമാർ
കോട്ടയം: ജില്ലയിൽ ടിപ്പറുകൾക്കു നിരോധനം ഏർപ്പെടുത്തി ജില്ലാ കളക്ടറുടെ ഉത്തരവ്. സംസ്ഥാന സർക്കാരിന്റെ റിപ്പോർട്ട് അനുസരിച്ചാണ് ടിപ്പറുകൾക്കു ജില്ലാ കളക്ടർ നിരോധനം ഏർപ്പെടുത്തിയത്. രാവിലെ 08.30 മുതൽ 09.30 വരെയും, വൈകിട്ട് 03.30 മുതൽ വൈകിട്ട് 04.30 വരെയുമാണ് ജില്ലാ കളക്ടർ ടിപ്പറുകൾക്കു നിരോധനം ഏർപ്പെടുത്തി ഉത്തരവ് പുറത്തിറക്കിയിരിക്കുന്നത്. ഈ നിരോധനം നടപ്പാക്കുന്നതോടെ സംസ്ഥാനത്ത് എല്ലാ ജില്ലകളിലും ടിപ്പറുകൾക്ക് ഒരേ സമയത്തു തന്നെ നിരോധനം നടപ്പിൽ വരും.
നേരത്തെ ഓരോ ജില്ലയിലും ഓരോ സമയത്തായിരുന്നു ടിപ്പർ ലോറികൾക്ക് നിരത്തിൽ ഇറങ്ങുന്നതിനു നിരോധനമുണ്ടായിരുന്നത്. എന്നാൽ, ഈ സമയക്രമം പല ജില്ലകളിലും തോന്നുംപടിയാണ് സമയം ക്രമീകരിച്ചിരുന്നത്. ഇതേ തുടർന്ന് സർക്കാർ ആദ്യം, എട്ടര മുതൽ ഒൻപതരവരെയും, വൈകിട്ട് മൂന്നു മുതൽ അഞ്ചുവരെയുമായിരുന്നു ക്രമീകരിച്ചിരുന്നത്. എന്നാൽ, പിന്നീട് ഈ സമയ ക്രമം മാറ്റി നിശ്ചയിക്കുകയായിരുന്നു. ഇതിനിടെയാണ് പിന്നീട് സർക്കാർ തന്നെ ടിപ്പറുകളുടെ സമയക്രമം നിശ്ചയിക്കുന്നതിനുള്ള ചുമതല ജില്ലാ കളക്ടർമാർക്കു നൽകിയത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ടിപ്പർ ലോറികൾക്കും, ടോറസ് ലോറികൾക്കും സ്‌കൂൾ സമയത്ത് നിയന്ത്രണം ഏർപ്പെടുത്തണമെന്ന് ജില്ലാ പൊലീസ് മേധാവി പി.എസ് സാബു നേരത്തെ അറിയിച്ചിരുന്നു. ഇതു സംബന്ധിച്ചുള്ള റിപ്പോർട്ട് ഇദ്ദേഹം ജില്ലാ കളക്ടർക്കു നൽകിയിരുന്നു. ഇതേ തുടർന്നാണ് ജില്ലാ കളക്ടർ പഠനം നടത്തി റിപ്പോർട്ട് കൈമാറിയത്. തുടർന്നാണ് ടിപ്പറുകൾക്കു നിരോധനം ഏർപ്പെടുത്തിയത്.