
ടിക്ക് ടോക്കും എക്‌സെൻഡറും അടക്കം 59 ആപ്പുകൾക്കു പൂട്ടിട്ട് കേന്ദ്രം: ആ ആപ്പുകൾ നിരോധിക്കുന്നതിന്റെ കാരണം ഇങ്ങനെ; കേന്ദ്രത്തിന്റെ ദ്വിമുഖ തന്ത്രം പുറത്ത് ..!
സ്വന്തം ലേഖകൻ
ന്യൂഡൽഹി: ഇന്ത്യയും ചൈനയും അതിർത്തിയിൽ ഏറ്റുമുട്ടുകയും, രാജ്യമൊന്നാകെ ചൈനയ്‌ക്കെതിരെ തിരിയുകയും ചെയ്തതിനു പിന്നാലെ തന്ത്ര പ്രധാനമായ നീക്കവുമായി രംഗത്തിറങ്ങിയ കേന്ദ്ര സർക്കാരിനു പിന്നിൽ രഹസ്യ തന്ത്രങ്ങൾ എന്നു സൂചന. ചൈനയുമായി ലഡാക്ക് അതിർത്തിയിൽ നിലനിൽക്കുന് പ്രശ്‌നങ്ങളുടെ പശ്ചാത്തലത്തിലാണ് നിരോധ തീരുമാനം വന്നിരിക്കുന്നതെങ്കിലും ഇന്ത്യ പറയുന്ന ന്യായങ്ങൾ അതുമായി ബന്ധപ്പെട്ടതല്ല.
ചൈനയുമായുള്ള ഇന്ത്യയുടെ വ്യാപാരബന്ധവുമായി ബന്ധപ്പെട്ട ഒരു വൻ തീരുമാനമാണ് ഇപ്പോൾ കേന്ദ്ര സർക്കാരിൽ നിന്നും പുറത്തു വന്നത്. ടിക്ക് ടോക്ക് അടക്കം 59 മൊബൈൽ ഫോൺ ആപ്ലിക്കേഷനുകളാണ് ഇപ്പോൾ സർക്കാർ നിരോധിച്ചിരിക്കുന്നത്. 59 ചൈനീസ് ആപ്ലിക്കേഷനുകളുടെ പ്രവർത്തനങ്ങൾ നിർത്തലാക്കണമെന്ന് സർക്കാരിന്റെ ഇതുസംബന്ധിച്ച ഉത്തരവ് പറയുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group

വിവരസാങ്കേതിക മന്ത്രാലയത്തിന്റെ പ്രസ്താവന പറയുന്നത് പ്രകാരം ‘അവർ ഇന്ത്യയുടെ പരമാധികാരത്തെയും അഖണ്ഡതയെയും, രാജ്യത്തിന്റെ പ്രതിരോധ സംവിധാനത്തെയും, പൊതുജന സുരക്ഷയെയും ദോഷകരമായ ബാധിക്കുന്ന പ്രവർത്തനങ്ങളിൽ ഏർപ്പെട്ടതു സംബന്ധിച്ച വിവരങ്ങൾ ലഭിച്ച’തിനാലാണ് നിരോധനം നടപ്പാക്കിയിരിക്കുന്നത്.
- അന്വേഷണം നേരത്തെ തുടങ്ങി
കഴിഞ്ഞ ദിവസങ്ങളിൽ കേന്ദ്ര ഇന്റലിജൻസ് ഏജൻസികൾ രാജ്യത്ത് പ്രവർത്തിക്കുന്ന വിവിധ ചൈനീസ് ആപ്ലിക്കേഷനുകൾ സംബന്ധിച്ച അന്വേഷണം നടത്തുന്നതായി ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോർട്ട് ചെയ്തിരുന്നു. ഇവയിലെ 53 ആപ്ലിക്കേഷനുകൾക്കെതിരെ ഏജൻസികൾ റിപ്പോർട്ട് നൽകിയെന്നും വാർത്ത പറഞ്ഞിരുന്നു. ഈ റിപ്പോർട്ടിൽ വീഡിയോ കോൺഫറൻസിങ് ആപ്ലിക്കേഷനായ സൂം ആപ്പും ഉൾപ്പെട്ടിരുന്നെന്നാണ് വിവരം. ചൈനീസ് നിക്ഷേപമുള്ള ആപ്ലിക്കേഷനുകളാണ് അന്വേഷണവിധേയമാക്കിയത്.
- എന്തു കൊണ്ട് സൂം പുറത്തായില്ല
അമേരിക്കൻ കമ്പനിയുടെ ഉടമസ്ഥതയിലുള്ള സൂം ആപ്ലിക്കേഷൻ വലിയ തോതിലുള്ള സുരക്ഷാ പ്രശ്‌നങ്ങളുണ്ടെന്നാണ് റിപ്പോർട്ട് ചെയ്യപ്പെട്ടത്.
തങ്ങൾക്കെതിരെയുള്ള ആരോപണങ്ങൾ ടിക്ടോക് ഉടമകളായ ബൈറ്റ്ഡാൻസ് നിഷേധിച്ചിരുന്നെങ്കിലും ഇവ സ്‌പൈവെയറുകളായി ഉപയോഗിക്കാനുള്ള സാധ്യത ഇന്ത്യൻ ഉദ്യോഗസ്ഥർ ഊന്നിപ്പറഞ്ഞിരുന്നതായാണ് റിപ്പോർട്ടുകൾ പറയുന്നത്. ഇത് ഇന്ത്യയുടെ ആഭ്യന്തര സുരക്ഷയ്ക്ക് ഭീഷണിയായേക്കുമെന്ന ആശങ്കയാണ് ഉന്നയിക്കപ്പെട്ടത്. സമാനമായ ആശങ്കകൾ പടിഞ്ഞാറൻ സുരക്ഷാ ഏജൻസികളും പങ്കുവെച്ചിരുന്നു. ഏതെങ്കിലും തരത്തിലുള്ള സംഘർഷം വരികയാണെങ്കിൽ രാജ്യത്തിന്റെ ആശയവിനിമയ സേവനങ്ങളിൽ ഇടപെടാൻ ചൈനയ്ക്ക് സാധിക്കുമെന്ന ആശങ്കയും പങ്കുവെക്കപ്പെടുകയുണ്ടായി.
- ഡാറ്റ ചോർത്തും ചൈന ആപ്പ്
ഇന്ത്യൻ ഉപയോക്താക്കളിൽ നിന്നും ഡാറ്റ ശേഖരിക്കാനും അവ രാജ്യത്തിന് പുറത്ത് സംഭരിക്കാനും കഴിയുന്ന വിധത്തിലാണ് ചൈനീസ് ആപ്ലിക്കേഷനുകൾ പലതിന്റെയും രൂപകൽപ്പനയെന്നാണ് ഇന്ത്യൻ സുരക്ഷാ ഏജൻസികൾ മുന്നറിയിപ്പ് നൽകിയിരുന്നത്. പൗരന്മാരുടെ സ്വകാര്യതയിലേക്ക് കടന്നുകയറാനും ഇവർക്ക് സാധിക്കുമെന്ന് ചൂണ്ടിക്കാണിക്കപ്പെട്ടു. ചൈനീസ് ബന്ധമുള്ള ആപ്ലിക്കേഷനുകൾ ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ കൈയാളുകളായി പ്രവർത്തിക്കുന്നുവെന്നും പാർട്ടിയുടെ താൽപര്യങ്ങൾക്കനുസൃതമായി ഉപയോക്താക്കളുടെ ‘ചിന്തയെ നിയന്ത്രിക്കാൻ’ ശ്രദ്ധിക്കുന്നുവെന്നും ട്രംപിന്റെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് റോബർട്ട് ഒബ്രിയാൻ ഈയിടെ പറയുകയുണ്ടായി.