
സ്വന്തം ലേഖകൻ
തൃശൂർ: ചിറക്കേക്കോട് കുടുംബവഴക്കിനെ തുടര്‍ന്ന് അച്ഛൻ പെട്രോള്‍ ഒഴിച്ചു തീ കൊളുത്തിയ സംഭവത്തില്‍ പൊള്ളലേറ്റ് ചികിത്സയിലായിരുന്ന മരുമകളും മരിച്ചു. ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ലിജി (35)ആണ് മരണത്തിനു കീഴടങ്ങിയത്. ഇതോടെ കുടുംബത്തിലെ മരണം മൂന്നായി.
മണ്ണുത്തി ചിറക്കാക്കോട് സ്വദേശി കൊട്ടേക്കാടൻ വീട്ടില്‍ ജോണ്‍സണ്‍ ആണ് സെപ്റ്റംബര്‍ 14ന് മകനെയും കുടുംബത്തെയും തീ കൊളുത്തിയത്. മകൻ ജോജി, ഭാര്യ ലിജി, 12കാരനായ പേരക്കുട്ടി ടെൻണ്ടുല്‍ക്കര്‍ എന്നിവര്‍ക്കാണ് പൊള്ളലേറ്റത്. ജോബിയും ടെണ്ടുല്‍ക്കറും തൊട്ടടുത്ത ദിവസം മരിച്ചു. തീ കൊളുത്തിയ ശേഷം വിഷം കഴിച്ച ജോണ്‍സനും മരിച്ചിരുന്നു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
കുടുംബ വഴക്കാണ് ആക്രമണത്തിന് കാരണമെന്നാണ് പൊലീസ് പറയുന്നത്. ഭാര്യയെ മുറിയില്‍ പൂട്ടിയിട്ട ശേഷമാണ് തൊട്ടടുത്ത മുറിയില്‍ ഉറങ്ങിക്കിടന്നിരുന്ന മകനെയും കുടുംബത്തെയും ജോണ്‍സണ്‍ കൊല്ലാൻ ശ്രമിച്ചത്. ജോണ്‍സനും മകനും തമ്മില്‍ നേരത്തെ വഴക്കുണ്ടായിരുന്നതായി നാട്ടുകാര്‍ പറഞ്ഞു.
സംഭവം നടക്കുമ്പോള്‍ തൊട്ടടുത്ത വീട്ടിലെ കുട്ടികള്‍ ടിവി കണ്ടുകൊണ്ടിരിക്കുകയായിരുന്നു. പുറത്തേയ്ക്ക് ഇറങ്ങിയ സമയത്താണ് അപ്പുറത്തു നിന്നും വലിയ രീതിയില്‍ തീ ആളിക്കത്തുന്നതു കണ്ടത്. അങ്ങനെ വീട്ടുകാര്‍ ഇവിടേയ്ക്ക് വന്നു നോക്കിയപ്പോഴാണ് ജോണ്‍സണ്‍ന്റെ വീടിനകത്ത് തീ ആളിപ്പടരുന്നത് ശ്രദ്ധയില്‍പ്പെട്ടത്. പിന്നാലെ സമീപത്തെ കിണറിനടുത്ത് ജോണ്‍സണ്‍ നില്‍ക്കുന്നതാണ് കണ്ടത്. എന്നാല്‍ അയാല്‍വാസികളെ കണ്ടതിനു ശേഷം കൈയിലുണ്ടായിരുന്ന ബക്കറ്റെടുത്ത് അവര്‍ക്കു നേരെ എറിഞ്ഞു പിൻഭാഗത്തേയ്ക്ക് ഓടിപ്പോവുകയായിരുന്നു.
നിമിഷ നേരം കൊണ്ടു തന്നെ അയല്‍വാസികള്‍ തൊട്ടടുത്ത വീട്ടില്‍ നിന്നും പൈപ്പിട്ട് തീ അണയ്ക്കുകയായിരുന്നു. നാട്ടുകാര്‍ വാതില്‍ തുറന്നു അകത്ത് കയറിയപ്പോഴാണ് അതീവ ഗുരുതരാവസ്ഥയില്‍ പൊള്ളലേറ്റ് കിടക്കുന്ന ജോജിയെയും ഭാര്യയെയും മകനെയും കണ്ടത്.പിന്നീട് ജോണ്‍സണെക്കുറിച്ച് നടത്തിയ അന്വേഷണത്തില്‍ വീടിന്റെ ടെറസില്‍ ഇയാളെ അബോധാവസ്ഥയില്‍ കണ്ടെത്തുകയായിരുന്നു. ഇയാള്‍ക്കും പൊള്ളലേറ്റിരുന്നു. തുടര്‍ന്നാണ് വിഷം കഴിച്ചു ആത്മഹത്യാ ശ്രമം നടത്തിയതാണെന്നു മനസ്സിലായത്.



