
തിരുവനന്തപുരം: ജൂലൈ ഒന്ന് മുതല്‍ തൊഴിലുറപ്പ് പദ്ധതിയെ അട്ടിമറിച്ച് വിബിജിആർഎഎംജി (VBGRAMG) പദ്ധതി നടപ്പിലാക്കുമ്പോള്‍ കർഷക തൊഴിലാളികളടക്കമുള്ള ദുർബ്ബല ജനവിഭാഗങ്ങളുടെ ജീവിതം പ്രതിസന്ധിയിലാവുമെന്നും ഭരണഘടനാപരമായ തൊഴിലവകാശം നിഷേധിക്കുന്ന കേന്ദ്ര സർക്കാരിനെതിരെ വ്യാപകമായ പ്രതിഷേധം ഉയർന്നുവരണമെന്നും കേരള സ്റ്റേറ്റ് കർഷക തൊഴിലാളി യൂണിയൻ സംസ്ഥാന പ്രസിഡന്റ് ആനാവൂർ നാഗപ്പനും ജനറല്‍ സെക്രട്ടറി എൻ.
ചന്ദ്രനും പ്രസ്‌താവനയിലൂടെ അഭ്യർത്ഥിച്ചു.
തൊഴിലുറപ്പ് പദ്ധതിയില്‍ ചെയ്‌ത ജോലിയുടെ കൂലി നല്‍കാതെയാണ് പുതിയ പദ്ധതിയിലേക്ക് കേന്ദ്ര സർക്കാർ പോകുന്നത്. 2026 സാമ്പത്തിക വർഷത്തില്‍ തുടങ്ങേണ്ട പദ്ധതി വൈകിപ്പിച്ച് ജൂലൈയില്‍ തുടങ്ങുമ്പോള്‍ 6 മാസം മാത്രമേ തൊഴില്‍ നല്‍കേണ്ടതുള്ളൂ എന്ന ലാഭതന്ത്രമാണ് കേന്ദ്രസർക്കാരിനുള്ളത്. പദ്ധതിയെ അനിശ്ചതാവസ്ഥയിലേക്ക് തള്ളിവിടുക വഴി കോടിക്കണക്കിന് രൂപയാണ് കേന്ദ്ര സർക്കാർ വകമാറ്റിയത്.
പദ്ധതി പ്രഖ്യാപിച്ചിട്ട് നാളേറെ കഴിഞ്ഞിട്ടും പദ്ധതി നടത്തിപ്പ് സംബന്ധിച്ച ചട്ടങ്ങള്‍ തയ്യാറാക്കാൻ കേന്ദ്രം തയ്യാറായിട്ടില്ല. ഇപ്പോഴും സംസ്ഥാനങ്ങളുമായും കേന്ദ്ര ഭരണ പ്രദേശങ്ങളുമായും ആലോചിച്ച് കരട് ചട്ടം തയ്യാറാക്കാനുള്ള ശ്രമങ്ങള്‍ തുടരുന്നതേയുള്ളൂ. 2025 ഡിസംബറില്‍ പാർലമെൻ്റ് കടത്തിയ നിയമത്തിന് ഇപ്പോഴും ചട്ടങ്ങള്‍ ഉണ്ടാവാത്തത് കേന്ദ്ര സർക്കാരിൻ്റെ തൊഴിലാളി വിരുദ്ധ നിലപാടിൻ്റെ മകുടോദാഹരണമാണെന്ന് ഭാരവാഹികള്‍ പറഞ്ഞു.
Whatsapp Group 1 | Whatsapp Group 2 |Telegram Group

വിതയുടേയും കൊയ്ത്തിൻ്റേയും സമയത്ത് വർഷത്തില്‍ 60 ദിവസം വരെ പദ്ധതികള്‍ നിർത്തിവെയ്ക്കാനുള്ള അധികാരമുണ്ടെന്നാണ് കേന്ദ്ര സർക്കാർ പറയുന്നത്. അപ്പോള്‍ കാർഷിക മേഖലയില്‍ തൊഴിലാളികളുടെ ലഭ്യത കൂടുമെന്ന മുടന്തൻ ന്യായമാണ് സർക്കാർ മുന്നോട്ടുവെക്കുന്നത്. ഫലത്തില്‍ പാവങ്ങള്‍ക്ക് ആ സമയത്ത് തൊഴിലുറപ്പ് ജോലിയും കൂലിയും ലഭിക്കില്ല എന്നതാണ് യാഥാർത്ഥ്യം.
വിബിജിആർഎഎംജി പദ്ധതിയുടെ 60% കേന്ദ്രവും 40% സംസ്ഥാനവും വഹിക്കേണ്ടി വരുമ്പോള്‍ മിക്ക സംസ്ഥാനങ്ങളും പദ്ധതിയില്‍ നിന്ന് പിന്നാക്കം പോകാനാണ് സാധ്യതയുള്ളത്. ആവശ്യാനുസരണം തൊഴില്‍ നല്‍കുന്ന ‘ഡിമാൻഡ് ഡ്രൈവൻ’ രീതിയില്‍ നിന്ന്, നേരത്തെ തീരുമാനിക്കുന്ന ‘നോർമേറ്റീവ് അലോക്കേഷൻ’ രീതിയിലേക്ക് പദ്ധതി മാറുമ്പോള്‍, തൊഴിലാളികളുടെ തൊഴിലവകാശം കൂടുതല്‍ ദുർബ്ബലമാകുമെന്നത് ഉറപ്പാണെന്ന് കെ.എസ്.കെ.ടി.യു ഭാരവാഹികള്‍ ചൂണ്ടിക്കാട്ടി.
ദുർബ്ബല ജനവിഭാഗങ്ങള്‍ക്ക് തൊഴിലും കൂലിയും ഉറപ്പുവരുത്തുന്ന പദ്ധതിയെ ഇല്ലാതാക്കി നടപ്പിലാക്കുന്ന വിബിജിആർഎഎംജി പദ്ധതി പിൻവലിക്കാനും, എംഎൻആർഇജിഎ പദ്ധതിയിലെ പ്രതിവർഷ തൊഴില്‍ ദിനങ്ങളുടെ എണ്ണം 200 ആയി വർദ്ധിപ്പിക്കാനും, മിനിമം വേതനം 700 ആക്കി നിജപ്പെടുത്താനും കേന്ദ്ര സർക്കാർ തയ്യാറാവണമെന്ന് കെ.എസ്.കെ.ടി.യു ഭാരവാഹികള്‍ പ്രസ്‌താവനയിലൂടെ ആവശ്യപ്പെട്ടു.







