
സ്വകാര്യ ബസ് ജീവനക്കാര്‍ക്ക് നേരെ തോക്ക് ചൂണ്ടി; കാറിന് സൈഡ് കൊടുത്തില്ല: വ്ലോഗര്‍ തൊപ്പിയെ വടകര പൊലീസ് കസ്റ്റഡിയിലെടുത്തു
കോഴിക്കോട്: സ്വകാര്യ ബസ് ജീവനക്കാര്‍ക്ക് നേരെ തോക്ക് ചൂണ്ടിയ വ്ലോഗര്‍ തൊപ്പിയെന്നറിയപ്പെടുന്ന മുഹമ്മദ് നിഹാലിനെ വടകര പൊലീസ് കസ്റ്റഡിയിലെടുത്തു.
അഞ്ച് മണിക്കൂറോളം കസ്റ്റഡിയില്‍ വച്ച ശേഷമാണ് നിഹാലിനെയും രണ്ട് സുഹൃത്തുക്കളെയും വടകര പൊലീസ് വിട്ടയച്ചത്. സ്വകാര്യ ബസ് ജീവനക്കാരുമായുണ്ടായ വാക്കേറ്റത്തെ തുടര്‍ന്നാണ് സംഭവം. തര്‍ക്കത്തിനിടെ തൊപ്പി ഇവര്‍ക്ക് നേരേ എയര്‍ പിസ്റ്റള്‍ ചൂണ്ടിയെന്നാണ് ആരോപണം.
എന്നാല്‍ പരാതിയൊന്നും ലഭിക്കാത്തതിനെത്തുടര്‍ന്ന മൂന്നു പേരെയും വിട്ടയച്ചതായി പൊലീസ് പറഞ്ഞു. ശരത് എസ് നായര്‍, മുഹമ്മദ് ഷമീര്‍ എന്നിവരാണ് കൂടെയുണ്ടായിരുന്ന മറ്റ് രണ്ടുപേര്‍. ഇന്നലെ വൈകീട്ടായിരുന്നു സംഭവം. വടകര – കൈനാട്ടി ദേശീയപാതയില്‍ കോഴിക്കോടേക്ക് പോകുകയായിരുന്നു തൊപ്പി.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇവരുടെ കാർ സ്വകാര്യ ബസുമായി ഉരസി. ബസ് സൈഡ് കൊടുത്തില്ലെന്നും മറികടക്കുന്നതിനിടെ ഉരസിയെന്നും ആരോപിച്ച് തൊപ്പിയും കാർ യാത്രക്കാരായ രണ്ട് പേരും വടകര ബസ് സ്റ്റാൻഡിലെത്തി സ്വകാര്യ ബസ് ജീവനക്കാരുമായി വാക്കേറ്റമുണ്ടാവുകയും തോക്ക് ചൂണ്ടുകയുമായിരുന്നു.
കാറുമായി രക്ഷപെടാന്‍ ശ്രമിക്കുന്നതിനിടെ ബസ് തൊഴിലാളികള്‍ തൊപ്പിയെ തടഞ്ഞു വച്ച് പൊലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു. എന്നാല്‍ ബസ് ജീവനക്കാർ പരാതി ഇല്ലെന്ന് അറിയിച്ചതോടെ സംഭവത്തില്‍ പൊലീസ് കേസ് എടുത്തിട്ടില്ല.