ദുരിതാശ്വാസം; ഒന്നരക്കോടി പിരിക്കാൻ ഇടുക്കി പോലീസിനോട് ഉന്നത ഉദ്യോഗസ്ഥന്റെ ഭീഷണി
സ്വന്തം ലേഖകൻ
തൊടുപുഴ: ഇടുക്കിയിലെ പൊലീസുകാർക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പണം പിരിക്കാൻ ‘ക്വട്ടേഷൻ’. ഒന്നര കോടി അടിയന്തരമായി പിരിച്ചെടുക്കണമെന്നാണ് ഉന്നത പൊലീസ് ഉദ്യോഗസ്ഥന്റെ കർശന നിർദേശം. താഴെയുള്ള മൂന്ന് മുഖ്യ ഉദ്യോഗസ്ഥർക്കാണ് ചുമതല. സി.ഐമാർ 10 ലക്ഷം, എസ്.ഐമാർ അഞ്ച് ലക്ഷം എന്നിങ്ങനെയാണ് പിരിച്ചെടുക്കേണ്ടത്. കൂടുതൽ സാധ്യതയുള്ള പ്രദേശത്തെ സ്‌റ്റേഷൻ ചുമതലയുള്ള ഉദ്യോഗസ്ഥർക്ക് അധിക തുക വകയിരുത്തിയിട്ടുണ്ട്. മാർഗം ഏതായാലും കുഴപ്പമില്ലെന്നും എങ്ങനെയും തുക സമാഹരിച്ചേ തീരൂ എന്നുമാണ് ഉന്നതൻ മുഖ്യ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയത്. വീഴ്ച വന്നാൽ ഇപ്പോഴത്തെ സീറ്റിൽ തുടരാൻ എളുപ്പമാകില്ലെന്ന സൂചനയും നൽകിയിട്ടുണ്ട്. ഇടുക്കിയിൽനിന്ന് പ്രതീക്ഷിച്ച വിഹിതം ദുരിതാശ്വാസ നിധിയിലേക്ക് കിട്ടാത്ത സാഹചര്യത്തിലാണ് പൊലീസിനെ ഉപയോഗിച്ച് വൻ തുക പിരിക്കുന്ന ഉത്തരവാദിത്തം ഉന്നതൻ സ്വയം ഏറ്റെടുത്തത്.
ജില്ലയിൽനിന്ന് കൂടുതൽ തുക പിരിച്ചെടുക്കണമെന്ന് കഴിഞ്ഞ ദിവസം ജില്ലാതല അവലോകന യോഗത്തിൽ മന്ത്രി കർശന നിർദേശം നൽകിയിരുന്നു. മറ്റ് ജില്ലകൾ താരതമ്യം ചെയ്താൽ ഇടുക്കി പിന്നിലാണെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഇത്. ഇതിനുശേഷമാണ് പൊലീസ് ഉദ്യോഗസ്ഥർക്ക് ‘ക്വട്ടേഷൻ’. കേസുകളുമായി ബന്ധപ്പെട്ട് സ്‌റ്റേഷനുകളിലെത്തുന്നവർ, അധികാര പരിധിയിൽ വരുന്ന നീതി നിഷേധക്കാർ തുടങ്ങിയവരിൽനിന്നാണ് പണം കണ്ടെത്തുന്നത്. കുറഞ്ഞത് ഒന്നര കോടിയെന്നാണ് നിർദേശം.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ദുരിതാശ്വാസ നിധിയിലേക്ക് പണം നൽകാൻ താൽപര്യമില്ലാത്ത പൊലീസുകാർ വിസമ്മതപത്രം നേരിട്ടെത്തി തനിക്ക് നൽകണമെന്ന് പൊലീസ് മേധാവി വയർലെസിലൂടെ നിർദേശിച്ചത് നേരത്തേ വിവാദമായിരുന്നു. അതത് ഓഫിസ് ചാർജ് മുഖേന ഇതു സംബന്ധിച്ച പ്രസ്താവന ഡി.ഡി.ഒ യ്‌ക്ക് നൽകുന്ന നിർദേശം മാറ്റി മറിച്ച് നേരിട്ടെത്തിക്കണമെന്ന കർശന നിലപാട് മുഴുവൻ ജീവനക്കാരെയും സമ്മർദത്തിലാക്കുകയെന്ന ലക്ഷ്യത്തോടെയാണെന്നാണ് ആക്ഷേപമുയർന്നത്.