play-sharp-fill
ചെറിയ കേസുകളിൽ പെട്ടവരെ ഇനി ജയിലിൽ അടയ്ക്കില്ല: ശിക്ഷ സാമൂഹ്യ സേവനം

ചെറിയ കേസുകളിൽ പെട്ടവരെ ഇനി ജയിലിൽ അടയ്ക്കില്ല: ശിക്ഷ സാമൂഹ്യ സേവനം

സ്വന്തം ലേഖകൻ

തിരുവനന്തപുരം: ചെറിയ കേസുകളിൽ പെട്ടവരെ ഇനി ജയിലിൽ അയക്കാതെ നിർബന്ധിത സാമൂഹ്യസേവനത്തിന് നിയോഗിച്ച് മനഃപരിവർത്തനം സാധ്യമാക്കാൻ ലക്ഷ്യമിട്ട് നിയമം വരുന്നു. സാമൂഹ്യനീതി വകുപ്പിന്റെ നേതൃത്വത്തിൽ ഇതിനായി കരട് നിർദേശങ്ങൾ തയ്യാറാക്കി തുടങ്ങി. സാഹചര്യങ്ങളുടെ സമ്മർദ്ദത്തിലോ അബദ്ധത്തിലോ കുറ്റകൃത്യത്തിൽ അകപ്പെടുന്നവർക്ക് പുതുജീവിതം കണ്ടെത്താൻ വഴിയൊരുക്കാനാണ് കേരള സാമൂഹ്യസേവന നിയമം കൊണ്ടുവരുന്നത്.


മൂന്നുവർഷമോ അതിൽ താഴെയോ ശിക്ഷ ലഭിക്കുന്ന 18 വയസ്സിനു മുകളിലുള്ളവരാകും നിയമത്തിന്റെ പരിധിയിൽ വരിക. ഇവർ ആദ്യമായി കുറ്റകൃത്യത്തിലേർപ്പെട്ടവരും മുൻകാലങ്ങളിൽ കുറ്റകൃത്യങ്ങളുടെ പശ്ചാത്തലം ഇല്ലാത്തവരുമായിരിക്കണം. കുറ്റക്കാരനെന്ന് കോടതി കണ്ടെത്തുകയാണെങ്കിൽ ഇവരെ തടവുശിക്ഷയ്ക്ക് വിധേയരാക്കുന്നതിനു പകരം സാമൂഹ്യസേവനത്തിന് നിയോഗിക്കും. സാന്ത്വനപരിചരണം, വൃദ്ധസദനങ്ങൾ, ഭിന്നശേഷിക്കാർക്കായുള്ള സ്ഥാപനങ്ങൾ, തദ്ദേശസ്ഥാപനങ്ങൾ, ആരോഗ്യവകുപ്പിന്റെ സ്ഥാപനങ്ങൾ എന്നിവയുമായി ബന്ധപ്പെട്ടായിരിക്കും സാമൂഹ്യസേവനം. പ്രൊബേഷൻ ഓഫീസറുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ സേവനകാലയളവ്, സ്ഥാപനം തുടങ്ങിയ കാര്യങ്ങൾ കോടതി തീരുമാനിക്കും. ഇക്കാലയളവിൽ നിയമലംഘനം നടന്നാൽ കോടതി ശിക്ഷാനടപടി സ്വീകരിക്കും. പിഴ, സാമൂഹ്യസേവന കാലയളവ് നീട്ടൽ, തടവ് തുടങ്ങിയവയാകും ശിക്ഷ. സാമൂഹ്യനീതിവകുപ്പിന്റെ പ്രൊബേഷൻ വിഭാഗം തയ്യാറാക്കിയ കരട് നിർദേശം അന്തിമമാക്കാൻ ജില്ലാതല ശിൽപ്പശാലകൾ സംഘടിപ്പിക്കും. തുടർന്ന് അന്തിമ റിപ്പോർട്ട് നിയമ രൂപീകരണ നടപടികൾക്ക് സമർപ്പിക്കും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group